തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ- ഡിസംബർ മാസങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരു വട്ടം കൂടി പുതുക്കുമെന്നും ഡിസംബർ 30ന് മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് തിയതികൾ നിശ്ചയിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർഥിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടിവെക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്.ഐ.ആറും തദ്ദേശ തെരഞ്ഞെടുപ്പും നടക്കുന്നത് ഒരേ അവസരത്തിലാണെന്നും ഒരേ ഉദ്യോഗസ്ഥരാണ് രണ്ടും ചെയ്യേണ്ടതെന്നും ഷാജഹാൻ പറഞ്ഞു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നും ഷാജഹാൻ അറിയിച്ചു.
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്.ഐ.ആർ നടപ്പിലാക്കാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞിരുന്നു.
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടിവെക്കണമെന്ന് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പൂർണമായും ഹരിത ചട്ടം പാലിച്ചും പരിസ്ഥിതി സൗഹൃദവുമായും നടത്താൻ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ ഹരിതച്ചട്ടം പാലിക്കുന്നുവെന്ന് തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി, ഹരിതകർമസേന എന്നിവർ ഉറപ്പ് വരുത്തണം.
ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലകളിലും സമിതികൾ രൂപീകരിക്കും.
പ്രചരണത്തിനായി ഉപയോഗിക്കുന്ന സാധനങ്ങളിൽ നിരോധിത വസ്തുകൾ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരം വസ്തുകൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കും.
പ്രചാരണ വേളയിലെ പരിസ്ഥിതി മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ തടയുന്നതിനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്കും നൽകാം.
cru.sec@kerala.gov.in എന്ന മെയിലിലോ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ, ജനഹിതം, വികാസ്ഭവൻ പിഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ഒക്ടോബർ പത്തിന് മുമ്പ് നിർദേശങ്ങളയക്കാം.
Content Highlight: Local body elections in the state will be held in November-December