കേരളം ആര്‍ക്കൊപ്പം? തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം!
Kerala
കേരളം ആര്‍ക്കൊപ്പം? തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 7:23 am

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. രാവിലെ എട്ട് മുതല്‍ സംസ്ഥാനത്തെ 258 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

ആദ്യം പോസ്റ്റല്‍ വോട്ടുകളാകും എണ്ണുക. തുടര്‍ന്ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഇ.വി.എം വോട്ടുകള്‍ ഒരുമിച്ചെണ്ണും. മുന്‍സിപ്പാലിറ്റിയും കോര്‍പ്പറേഷനിലും പ്രത്യേകമായിരിക്കും വോട്ടെണ്ണല്‍.

ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലെ ഫലം രാവിലെ എട്ടരയ്ക്ക് മുമ്പ് വന്നുതുടങ്ങും. കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി ഫല സൂചനയും ഈ സമയം അറിയാം. എട്ട് മുതല്‍ 12 ബൂത്തുകള്‍ വരെയാണ് ഒരു വോട്ടെണ്ണല്‍ ടേബിളില്‍ എണ്ണുക.

മട്ടന്നൂര്‍ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. 75,643 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ പ്രചാരണം. രണ്ടു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്ക് പ്രകാരം 2,10,79,570 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. 73.69ആണ് ആകെ പോളിങ് ശതമാനം.

Content Highlight: Local body elections; Counting of votes will begin at 258 centres in the state from 8 am