ജനങ്ങള്‍ സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചു; ബി.ജെ.പിയുടെ വിജയത്തില്‍ നന്ദി പറയേണ്ടത് മുഖ്യമന്ത്രിയോട്, മോദിയോടല്ല: ഷാഫി പറമ്പില്‍
Kerala
ജനങ്ങള്‍ സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചു; ബി.ജെ.പിയുടെ വിജയത്തില്‍ നന്ദി പറയേണ്ടത് മുഖ്യമന്ത്രിയോട്, മോദിയോടല്ല: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 9:50 pm

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി വടകര എം.പി ഷാഫി പറമ്പില്‍. കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളില്‍ സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ നിര്‍ത്തിപ്പൊരിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഷാഫിയുടെ പോസ്റ്റ്.

ശബരിമല ഈ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഒരു വിഷയമാണെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടേത് ധിക്കാരപരമായ നീക്കമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

അയ്യന്റെ സ്വര്‍ണം കട്ടത് മൂടിവെക്കാന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത പറയാതിരിക്കാന്‍ വയ്യ. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ശബരിമല വിഷയം ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അതൊരു കമ്മ്യൂണിറ്റി വിഷയമായി കാണരുത്.

ജാതി-മതഭേദമന്യേയാണ് കേരളത്തിലെ ജനം വോട്ട് ചെയ്തിരിക്കുന്നത്. ശബരിമലയിലെ അമ്പലക്കള്ളന്മാരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞവരില്‍ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. അവര്‍ യു.ഡി.എഫിലാണ് വിശ്വാസം അര്‍പ്പിച്ചിരുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ജനകീയ പ്രശ്‌നങ്ങളിലെ സര്‍ക്കാരിന്റെ നിലപാടുകളും ഈ നിമിഷത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കൂടാതെ, എ.കെ.ജി സെന്ററില്‍ നിന്ന് എന്തോ എടുത്ത് കൊടുത്തത് പോലെയാണ് ജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കിയതെന്ന തരത്തിലാണ് എം.എം. മണി ഇന്ന് സംസാരിച്ചതെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

ബി.ജെ.പിക്ക് കേരളത്തില്‍ ഉണ്ടായ നേട്ടത്തിന് നന്ദി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടല്ല, മുഖ്യമന്ത്രി പിണറായി വിജയനോടാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലായിടങ്ങളിലും യു.ഡി.എഫിന് മുന്നേറ്റം ഉണ്ടായി. അധികാരത്തില്‍ ഇരിക്കുന്നവരേക്കാള്‍ ശക്തി ജനങ്ങള്‍ക്കാണെന്ന് തെളിഞ്ഞു. ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.

ഒട്ടും അഹങ്കരിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങും. 2026ലേക്കുള്ള ഇന്ധനം കൊടുത്താല്‍ ഒരുമയോടെ കരുത്തോടെ മുന്നോട്ട് പോകും. സണ്ണി ജോസഫ് നേതൃപരമായ പങ്കുവഹിച്ചു. പ്രതിപക്ഷ നേതാവിന്റെ കഠിനാധ്വാനം ഗുണമായി. മുസ്‌ലിം ലീഗ് അതിശക്തമായ വിജയത്തിന് ഇന്ധനം പകര്‍ന്നു. കോഴിക്കോട് എം.പി എം.കെ. രാഘവന്റെ ഇടപെടലുകള്‍ നിര്‍ണായകമായെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Content Highlight: Local body election; BJP’s victory should be thanked to the Chief Minister, not Modi: Shafi Parambil