പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് തോല്‍വി; ചെല്‍സിയ്ക്ക് സമനില
DSport
പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് തോല്‍വി; ചെല്‍സിയ്ക്ക് സമനില
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2013, 12:24 am

ലണ്ടന്‍:  ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമാണ് സിറ്റിയെ 31ന് തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ചെല്‍സിയെ സമനിലയില്‍ തളച്ചു. സിറ്റി തോറ്റതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കിരീടത്തിലേക്കുള്ള അകലം മൂന്ന് പോയിന്റുമാത്രമായി. ചെല്‍സിയുടെ സമനില മൂന്നാം സ്ഥാനത്തെത്തുവാനുള്ള അവരുടെ ശ്രമങ്ങള്‍ക്കും തിരിച്ചടിയായി. []

സാമിര്‍ നസ്‌റിയിലൂടെ അഞ്ചാം മിനിറ്റില്‍ സിറ്റിയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ടോട്ടന്‍ഹാമിന് കഴിഞ്ഞില്ല. 75, 79, 82 മിനിറ്റുകളിലായിരുന്നു ടോട്ടന്‍ഹാമിന്റെ ഗോളുകള്‍. ഒരു ഗോളിന് വഴിയൊരുക്കുകയും അവസാന ഗോള്‍ നേടുകയും ചെയ്ത ഗ്യാരത് ബെയിലിന്റെ മികച്ച പ്രകടനമാണ് ടോട്ടനത്തിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തതത്.

ലിവര്‍പൂള്‍ ചെല്‍സി മത്സരം 22ന് സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഓസ്‌കറിലൂടെ ചെല്‍സിയാണ് ആദ്യം ഗോള്‍ നേടിയത്. അമ്പത്തിരണ്ടാം മിനിറ്റില്‍ ഡാനിയല്‍ സ്റ്ററിഡ്ജിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു. അഞ്ച് മിനിറ്റ് കഴിയും മുന്‍പെ ഈഡന്‍ ഹസാര്‍ഡ് ചെല്‍സിയെ മുന്നിലെത്തിച്ചു.

ചെല്‍സി ഏതാണ്ട് ജയം ഉറപ്പിച്ച സമയത്ത് മത്സരത്തിന്റെ അധികസമയം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ശേഷിക്കെ ലൂയിസ് സുവാരസാണ് ലിവര്‍പൂളിന്റെ സമനില ഗോള്‍ നേടിയത്.