ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ടീം ലിവര്‍പൂളാണ്: ഗ്വാര്‍ഡിയോള
Football
ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ടീം ലിവര്‍പൂളാണ്: ഗ്വാര്‍ഡിയോള
ന്യൂസ് ഡെസ്‌ക്
Monday, 31st December 2018, 12:00 pm

ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും ഫോമിലുള്ള ടീം ലിവര്‍പൂളാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. മാഞ്ചസ്റ്റര്‍ സിറ്റി ഇക്കാര്യം അംഗീകരിക്കണമെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.

ലീഗില്‍ ഇരു ടീമുകളും അടുത്ത മത്സരത്തില്‍ ഏറ്റുമുട്ടാനിരിക്കെയാണ് ഗാര്‍ഡിയോള ലിവര്‍പൂളിനെ പുകഴ്ത്തി സമ്മര്‍ദ്ദത്തിലാക്കുന്നത്.

വ്യാഴാഴ്ച സിറ്റിയുടെ തട്ടകമായ എത്തിഹാദിലാണ് മത്സരം. അന്ന് പോയന്റ് നേടാന്‍ സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ഏകദേശം തീരുമാനമാകുമെന്ന് ഗ്വാര്‍ഡിയോള പറയുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ 20 മത്സരങ്ങള്‍ തോല്‍ക്കാതെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 54 പോയന്റാണുള്ളത്. 47 പോയന്റുമായി സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

ഏഴുപോയന്റിന്റെ വ്യത്യാസം വലുതാണ്. പ്രത്യേകിച്ച് ലിവര്‍പൂളിന്റെ സ്ഥിരത കൂടി കണക്കിലെടുക്കുമ്പോള്‍. പക്ഷെ എത്തിഹാദില്‍ നിന്നുള്ള ആരാധകരുടെ പിന്തുണ അധികസഹായമാവുമെന്ന് കരുതുന്നുവെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.

കഴിഞ്ഞ സീസണില്‍ മൂന്നു തവണ ലിവര്‍പൂള്‍ സിറ്റിയെ തോല്‍പ്പിച്ചിരുന്നു. ഒരു തവണ പ്രീമിയര്‍ലീഗിലും രണ്ട് പ്രാവശ്യം ചാമ്പ്യന്‍സ് ലീഗിലുമായിരുന്നു തോല്‍വി.