ഞങ്ങള്‍ ചാരിറ്റി ഗെയ്മല്ല കളിച്ചത്, ഇതൊരു അന്താരാഷ്ട്ര മത്സരമാണ്; ആഘയുടെ റണ്‍ ഔട്ടില്‍ പ്രതികരിച്ച് ലിട്ടണ്‍ ദാസ്
Cricket
ഞങ്ങള്‍ ചാരിറ്റി ഗെയ്മല്ല കളിച്ചത്, ഇതൊരു അന്താരാഷ്ട്ര മത്സരമാണ്; ആഘയുടെ റണ്‍ ഔട്ടില്‍ പ്രതികരിച്ച് ലിട്ടണ്‍ ദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th March 2026, 4:24 pm

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ പാക് താരം സല്‍മാന്‍ അലി ആഘയുടെ വിവാദ റണ്‍ ഔട്ടില്‍ പ്രതികരണവുമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പപര്‍ ലിട്ടണ്‍ ദാസ്. തങ്ങള്‍ ഒരു ചാരിറ്റി ഗെയിമല്ല കളിച്ചതെന്നും ഇതൊരു അന്താരാഷ്ട്ര മത്സരമാണെന്നും ലിട്ടണ്‍ ദാസ് പറഞ്ഞു. നിയമങ്ങള്‍ പാലിച്ചാണ് ആഘയെ പുറത്താക്കിയതെന്നും അതിനാല്‍ ഒരു തരത്തിലും സ്പോര്‍ട്സ്മാന്‍ഷിപ്പും ലംഘിച്ചുവെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഒരു ചാരിറ്റി ഗെയിമല്ല കളിച്ചത്. ഇതൊരു അന്താരാഷ്ട്ര മത്സരമാണ്. നിയമങ്ങള്‍ പാലിച്ചാണ് ആഘയെ പുറത്താക്കിയത്. അതിനാല്‍ ഒരു തരത്തിലും സ്പോര്‍ട്സ്മാന്‍ഷിപ്പ് ലംഘിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആളുകള്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകാം, പക്ഷേ കളിക്കാര്‍ എന്ന നിലയില്‍, ഞങ്ങള്‍ ഒരു ഔട്ടിനെ ഔട്ട് ആയി തന്നെ കാണുന്നു,’ ലിറ്റണ്‍ പറഞ്ഞു.

സംഭവത്തില്‍ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി റമീസ് രാജ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കളിയുടെ ആത്മാവിന് കോട്ടം തട്ടിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

‘നിയമങ്ങള്‍ പാലിച്ചാണ് പുറത്താക്കല്‍ നടന്നതെങ്കിലും, കളിയുടെ ആത്മാവിന് കോട്ടം തട്ടി. ബാറ്റര്‍ ബൗളറെ സഹായിക്കാന്‍ ശ്രമിക്കുകയായിരുന്നു, റണ്‍ ഔട്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല,’ രാജ പറഞ്ഞു.

ബംഗ്ലാദേശ് – പാകിസ്ഥാന്‍ മത്സരത്തിന്റെ 39ാം ഓവറിലാണ് വിവാദ റണ്‍ ഔട്ട് ഉണ്ടായത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി കളത്തില്‍ തുടരവെയാണ് ആഘ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്താകുന്നത്.

ബംഗ്ലാദേശ് നായകന്‍ മെഹ്ദി ഹസന്‍ മിറാസിന്റെ പന്ത് സ്‌ട്രൈക്കിലുണ്ടായിരുന്ന മുഹമ്മദ് റിസ്വാന്‍ ഡിഫന്‍ഡ് ചെയ്തു. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ ക്രീസിന് പുറത്തുണ്ടായിരുന്ന സല്‍മാന്‍ അലി ആഘയുടെ കാലില്‍ തട്ടി. സല്‍മാന്‍ പന്തെടുത്തുകൊടുക്കാന്‍ കുനിയവെ അതിവേഗം പന്ത് കൈക്കലാക്കിയ മിറാസ് താരത്തെ റണ്‍ ഔട്ടാക്കുകയായിരുന്നു. വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു.

ഫീല്‍ഡ് അമ്പയര്‍ തീരുമാനമെടുക്കാന്‍ തേര്‍ഡ് അമ്പയറിനോട് സഹായമാവശ്യപ്പെട്ടു. ക്രിക്കറ്റ് റൂള്‍ബുക്ക് പ്രകാരം തേര്‍ഡ് അമ്പയര്‍ കുമാര്‍ ധര്‍മസേന ഔട്ട് വിളിക്കുകയും ചെയ്തു. നിരാശനായാണ് സല്‍മാന്‍ അലി ആഘ കളം വിട്ടത്.

അതേസമയം മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമത്തിലൂടെ പാകിസ്ഥാന്‍ വിജയിച്ചിരുന്നു. 243 റണ്‍സായി പുനര്‍നിശ്ചയിച്ച ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 114ന് പുറത്തായി. 128 റണ്‍സിനാണ് പാകിസ്ഥാന്റെ വിജയം.

ഈ വിജയത്തോടെ മൂന്ന് പരമ്പരകളടങ്ങിയ മത്സരത്തിലെ ആദ്യ രണ്ട് മത്സരം അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും പാകിസ്ഥാനായി. നാളെയാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ലയാണ് വേദി.

Content Highlight: Litton Das React Salman Ali Agha’s Run Out