സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍
Kerala News
സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th July 2025, 3:23 pm

കൊച്ചി: നിര്‍മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പരാതി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് കൊടുത്തത്.

ലിസ്റ്റിന്‍ സ്റ്റീഫന്‍ തമിഴ്നാട്ടിലെ വട്ടിപലിശക്കാരുടെ ഏജന്റാണെന്ന് ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് സാന്ദ്ര സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചിരുന്നത്. ലിസ്റ്റിന്റെ വാക്കുകളില്‍ ഒരു ഒറ്റുകാരന്റെ സ്വരമുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ലിസ്റ്റിന്‍ കോടതിയെ സമീപിച്ചത്.

‘മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുനില്‍ക്കരുത്, പ്ലീസ്. അപേക്ഷയാണ്. തമിഴ്‌നാട്ടിലെ വട്ടിപലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമവ്യവസായത്തിന് വേണ്ടി ന ല്ലകാര്യങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെട്ടയാളാണ്,’ എന്നായിരുന്നു സാന്ദ്രയുടെ പോസ്റ്റ്.

നേരത്തെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്സിന്റെ യൂണിയനും സാന്ദ്ര തോമസിനെതിരെ പരാതി നല്‍കിയിരുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശത്തിനെതിരെയായിരുന്നു പരാതി. 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയും ബി. രാകേഷ് പരാതി നല്‍കുമെന്ന് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പദവികള്‍ ഉപയോഗിച്ച് ബി. രാകേഷ് മലയാള സിനിമകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം സാന്ദ്ര ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബി. രാകേഷ് പരാതി നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്.

Content Highlight: Listin Stephen files defamation case against Sandra Thomas