കേരളരാഷ്ട്രീയത്തില്‍ ഹൈക്കോടതിയാല്‍ അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍
kERALA NEWS
കേരളരാഷ്ട്രീയത്തില്‍ ഹൈക്കോടതിയാല്‍ അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍
ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 2:47 pm

തിരുവനന്തപുരം: കേരളത്തില്‍ എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെട്ട ചരിത്രം സംസ്ഥാന രൂപീകരണം മുതല്‍ തുടങ്ങുന്നു. ആദ്യ നിയമസഭയില്‍ ദേവികുളത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട റോസമ്മ പുന്നൂസിനെ കോട്ടയം ട്രിബ്യൂണല്‍ അയോഗ്യയാക്കിയതാണ് ഇത്തരത്തില്‍ ആദ്യത്തേത്. നാമനിര്‍ദേശ പത്രിക അകാരണമായി തള്ളിയെന്ന കോണ്‍ഗ്രസ് സ്ഥാര്‍ത്ഥിയുടെ പരാതിയിന്മേലായിരുന്നു നടപടി. പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് റോസമ്മ പുന്നൂസ് രണ്ടാമതും എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

പിന്നീട് 1965 ല്‍ വോട്ടെണ്ണലിലെ കൃത്രിമത്തം ചൂണ്ടിക്കാട്ടി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ  കോടതി നിയമസഭാംഗമായി തെരഞ്ഞെടുത്തു.


Read More കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി; അനുവദിച്ചത് അപ്പീല്‍ പോകാനുള്ള സാവകാശം


കെ.എം ഷാജിയുടേതിന് സമാനമായ കേസായിരുന്നു 1970 ല്‍ കെ.എം മാണിയും സി.എച്ച് സി.എച്ച് മുഹമ്മദ് കോയയും നേരിട്ടത്. കൃസ്ത്യന്‍ മുസ്‌ലീം വോട്ടുകള്‍ നേടാന്‍ തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിച്ചു എന്ന പരാതിയിന്മേല്‍ ഇരുവരുടേയും എം.എല്‍.എ സ്ഥാനം റദ്ദ് ചെയ്യപ്പെട്ടു. എന്നാല്‍ ഇരുവരും സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് എം.എല്‍.എമാരായി തുടര്‍ന്നു.

1982 ല്‍ എടക്കാട് മണ്ഡലത്തില്‍ കള്ളവോട്ടു നടന്നു എന്ന കെ.സുധാകരന്റെ പരാതിയിന്മേല്‍ ഒ.ഭരതന്‍ എം.എല്‍.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടു. പകരം സുധാകരന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ഒ.ഭരതന്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുമായി എത്തി വീണ്ടും എം.എല്‍.എയായി.


Read More “അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ലീങ്ങള്‍ക്ക് സ്ഥാനമില്ല”; കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത് ഈ ലഘുലേഖ കാരണം


1996 നെയ്യാറ്റിന്‍ കരയില്‍ നിന്നും വിജയിച്ച തമ്പാനൂര്‍ രവിയെ ഹൈക്കോടതി അയോഗ്യനാക്കിയെങ്കിലും സുപ്രീം കോടതി വിധി രവിക്ക് അനുകൂലമാവുകയായിരുന്നു.

2004 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ നിന്നും വിജയിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.സി തോമസിനെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. കത്തോലിക്കാ വോട്ടര്‍മാരുടെ മതവികാരം ചൂഷണം ചെയ്തു എന്നായിരുന്നു പരാതി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി വിധി ശരിവെച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.

സമാനമായി 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജിയച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം ജെ ജേക്കബിന്റെ എം.എല്‍.എ സ്ഥാനം വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ വോട്ടു പിടിച്ചു എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തടഞ്ഞിരുന്നു. പിറവത്തെ ഒരു വോട്ടറുടെ പരാതിയിന്മേലായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ സുപ്രീം കോടതി പിന്നീടിത് റദ്ദ് ചെയ്തു. 2011 ല്‍ വര്‍ക്കലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കല കഹാറിന്റെ അയോഗ്യതയും സുപ്രീം കോടതി പിന്നീട് റദ്ദു ചെയ്തിരുന്നു.


Read More വോട്ടിനായി വര്‍ഗീയ പ്രചരണം: കെ.എം ഷാജി എം.എല്‍.എയെ ഹൈക്കോടതി അയോഗ്യനാക്കി


വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരക്കുകയാണ്. അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജിയുടെ എതിരാളിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി തീരുമാനം. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഷാജി അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി താല്‍കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്.