ലാമിന്‍ യമാല്‍, ഫുട്‌ബോള്‍ ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്നത് ഈ കൗമാരക്കാരന്റെ പേരാണ്. ബാഴ്‌സലോണ ലാ മാസിയയിലൂടെ വളര്‍ത്തിയെടുത്ത ലാ റോജയുടെ കുട്ടിപ്പടയാളി ഇന്ന് ഏറെ മൂല്യമുള്ള ടോപ് ഗണ്‍ ഫുട്‌ബോളറാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ട്രെബിള്‍ കിരീടം ലക്ഷ്യമിടുന്ന ബാഴ്‌സലോണ ആരാധകരുടെ സ്വപ്‌നങ്ങള്‍ക്ക് ഊറ്റവും ഊര്‍ജവും നല്‍കുന്നത് ഈ 17കാരന്‍ തന്നെയാണ്.
കോപ്പ ഡെല്‍ റേ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ തോല്‍പിച്ച് കിരീട നേട്ടത്തിന്റെ പകിട്ടോടെ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിനിറങ്ങിയ ബാഴ്‌സയെ ഇന്റര്‍ മിലാന്‍ സമനിലയില്‍ തളച്ചിരുന്നു. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് ലൂയീസ് കോംപാനിയില്‍ നടന്ന മത്സരത്തില്‍ മൂന്ന് ഗോള്‍ വീതമടിച്ചാണ് കറ്റാലന്‍മാരും ഇറ്റാലിയന്‍ വമ്പന്‍മാരും സമനിലയില്‍ പിരിഞ്ഞത്.
ബാഴ്‌സയ്ക്കായി ലാമിന്‍ യമാല്‍ ബൂട്ടുകെട്ടുന്ന നൂറാം മത്സരമായിരുന്നു മിലാനെതിരെ സ്വന്തം തട്ടകത്തതില്‍ നടന്ന യു.സി.എല്‍ ആദ്യ പാദ സെമി ഫൈനല്‍. ഈ മത്സരത്തില്‍ താരം ഗോള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
താരം നൂറ് മത്സരം പൂര്‍ത്തിയാക്കിയതിന് പിന്നാലെ മെസിക്കൊപ്പം ഒരിക്കല്‍ക്കൂടി ലാമിന്‍ യമാലിനെ ചേര്‍ത്തുവെക്കുകയാണ്. ആദ്യ നൂറ് മത്സരത്തില്‍ മെസി സ്വന്തമാക്കിയ നേട്ടങ്ങളും തന്റെ ആദ്യ നൂറ് മത്സരത്തില്‍ ലാമിന്‍ യമാല്‍ സ്വന്തമാക്കിയ റെക്കോഡുകളും ചേര്‍ത്തുവെച്ചാണ് ആരാധകര്‍ വീണ്ടും പുതിയ ജനറേഷനിലെ ഏറ്റവും മികച്ച താരത്തെ ഇതിഹാസവുമായി താരതമ്യം ചെയ്യുന്നത്.
മെസി ഗോളടിക്കാന്‍ മുന്നിട്ടുനിന്നപ്പോള്‍ യമാല്‍ ഗോളടിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തി എന്നതൊഴിച്ചാല്‍ ആദ്യ നൂറ് മത്സരങ്ങളിലെ ഇരുവരുടെയും സ്റ്റാറ്റുകളില്‍ കാര്യമായ വ്യത്യാസങ്ങളില്ല.
ലാമിന്‍ യമാല്‍ vs ലയണല്‍ മെസി – ആദ്യ നൂറ് മത്സരങ്ങള്‍ക്ക് ശേഷം
ലാ ലിഗയിലാണ് ബാഴ്‌സയും ലാമിന്‍ യമാലും അടുത്ത മത്സരം കളിക്കാനിറങ്ങുന്നത്. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ റയല്‍ വല്ലാഡോഡാണ് എതിരാളികള്‍. നിലവില്‍ 33 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 76 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് ബാഴ്‌സ. റയല്‍ മാഡ്രിഡാണ് രണ്ടാമത്. 33 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ നാല് പോയിന്റ് ലീഡാണ് കറ്റാലന്‍മാര്‍ക്കുള്ളത്.
ഒടുവില്‍ കളിച്ച അഞ്ച് മത്സരത്തില്‍ ബാഴ്‌സ ഒന്നില്‍ പോലും തോല്‍വിയറിഞ്ഞിട്ടില്ല. അതേസമയം, റയലാകട്ടെ അവസാന അഞ്ചില്‍ ഒരു പരാജയം നേരിട്ടിട്ടുണ്ട്. ഇരു ടീമുകള്‍ക്കും അഞ്ച് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഇതില്‍ ഒരു മത്സരത്തില്‍ ടീം നേര്‍ക്കുനേര്‍ വരികയും ചെയ്യും.
മെയ് ഏഴിനാണ് മിലാനെതിരെ ബാഴ്‌സയുടെ രണ്ടാം പാദ സെമി ഫൈനല്‍ മത്സരം. ഇന്ററിന്റെ തട്ടകമായ സാന്‍ സിറോയാണ് വേദി.
മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ബാഴ്‌സ കളത്തിലിറങ്ങുന്നത്. ആദ്യ പാദ മത്സരം അവസാനിക്കുമ്പോള്‍ നിലവില്‍ 3-3 എന്ന സ്‌കോറില്‍ സമനില പാലിക്കുകയാണെങ്കിലും മിലാന്‍ ബാഴ്‌സയുടെ മണ്ണിലെത്തി അടിച്ചുനേടിയ മൂന്ന് ഗോളുകള്‍ മത്സരത്തില്‍ നിര്‍ണായകമാകും.
Content Highlight: Lionel Messi vs Lamine Yamal: Statistical Comparison after first 100 games