ലോകകപ്പിന് മുമ്പ് ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു, ലോകകപ്പ് നേടിയതിനുശേഷം അതെല്ലാം മാറി; വെളിപ്പെടുത്തലുമായി മെസി
Football
ലോകകപ്പിന് മുമ്പ് ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു, ലോകകപ്പ് നേടിയതിനുശേഷം അതെല്ലാം മാറി; വെളിപ്പെടുത്തലുമായി മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd December 2023, 3:50 pm

ലോകകപ്പ് നേടുന്നതിന് മുമ്പുള്ള തന്റെ ജീവിതം എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലയണല്‍ മെസി. ലോകകപ്പിന് മുമ്പുള്ള തന്റെ ജീവിതം മോശമായിരുന്നുവെന്നും എന്നാല്‍ ലോകകപ്പ് നേടിയതിന് ശേഷം അതെല്ലാം ശരിയായിയെന്നുമാണ് മെസി പറഞ്ഞത്.

‘ലോകകപ്പിന് മുമ്പ് എനിക്കൊരു മോശം സമയമായിരുന്നു. എന്റെ കുടുംബത്തിൽ  നിന്നും എന്നെ സ്‌നേഹിക്കുന്ന ആളുകളില്‍ നിന്നും ഞാന്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.  എന്നെ പോലുള്ള ഒരു തലമുറയിലെ താരത്തോട് അനീതിയാണ് അവര്‍ കാണിച്ചത്. അവര്‍ എന്നെക്കുറിച്ച് മോശമായ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു.

എന്നാല്‍ ലോകകപ്പ് വിജയത്തിന് ശേഷം ഇന്ന് 95 ശതമാനവും അല്ലെങ്കില്‍ 100 ശതമാനം അര്‍ജന്റീനക്കാരും എന്നെ സ്‌നേഹിക്കുന്നുണ്ട്. ഇതൊരു മനോഹരമായ വികാരമാണ്,’ സ്റ്റാര്‍ പ്ലസ് ഡോട്ട് കോമിന് നല്‍കിയ ആഭിമുഖത്തില്‍ മെസി പറഞ്ഞു.

ക്ലബ്ബ് തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോഴും അര്‍ജന്റീന ദേശീയ ടീമിനൊപ്പം ഒരു മേജര്‍ ട്രോഫി നേടാന്‍ സാധിക്കാത്തതിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ മെസി നേരിട്ടിരുന്നു.

എന്നാല്‍ 2022 ഖത്തര്‍ ലോകകപ്പില്‍ വിമര്‍ശകര്‍ക്കെല്ലാം മറുപടി നല്‍കികൊണ്ടായിരുന്നു മെസി അര്‍ജന്റീനയെ ലോക ചാമ്പ്യന്‍മാരാക്കിയത്. ഫൈനലില്‍ ഫ്രാന്‍സിനെതിരെ 3-3 എന്ന നിലയില്‍ സമനിലയില്‍ അവസാനിക്കുകയും അവസാനം പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ അര്‍ജന്റീന ലോകത്തിന്റെ നെറുകയില്‍ എത്തുകയായിരുന്നു. ആ ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടികൊണ്ട് ഗോള്‍ഡന്‍ ബോള്‍ നേടാനും മെസിക്ക് സാധിച്ചിരുന്നു.

ലോകകപ്പ് നേടിയതിന്റെ സന്തോഷവും മെസി പങ്കുവെച്ചു.

‘ബാഴ്സലോണക്കായി ക്ലബ്ബ് തലത്തില്‍ ഞാന്‍ എല്ലാ വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കി. എന്നാല്‍ ഒരു ലോകകപ്പ് മാത്രമാണ് എനിക്ക് ലഭിക്കാതെപോയത്. എന്നാല്‍ അതും ഞാന്‍ നേടി. ഇതിനെല്ലാം ദൈവത്തിന് നന്ദി ,’ മെസി കൂട്ടിച്ചേര്‍ത്തു.

ലയണല്‍ മെസിക്ക് ഇനി മുന്നിലുള്ളത് അടുത്ത വര്‍ഷം നടക്കുന്ന കോപ്പ അമേരിക്കയാണ്. 2021ല്‍ ബ്രസീലിനെ തോല്‍പ്പിച്ചുകൊണ്ട് നേടിയ കോപ്പ കിരീടം നിലനിര്‍ത്താനാവും മെസിയും അര്‍ജന്റീനയും ശ്രമിക്കുക. 2026 ലോകകപ്പില്‍ മെസി കളിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.

Content Highlight: Lionel Messi talks his before situation of the 2022 world cup.