2026 ഫിഫ ലോകകപ്പില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ കളിക്കാനുള്ള സാധ്യതകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. നെയ്മറിന്റെ ഫോമിനെക്കുറിച്ച് ഇപ്പോള്‍ ശ്രദ്ധിക്കേണ്ടെന്നും നെയ്മര്‍ ലോകകപ്പിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് മെസി പറഞ്ഞത്. ബ്രസീല്‍ ടീം പൂര്‍ണമാവണമെങ്കില്‍ നെയ്മര്‍ ടീമില്‍ ഉണ്ടായിരിക്കണമെന്നും അര്‍ജന്റൈന്‍ നായകന്‍ വ്യക്തമാക്കി.

‘ലോകത്തിലെ എല്ലാ മികച്ച താരങ്ങളുടെയും പങ്കാളിത്തം ലോകകപ്പില്‍ ഉണ്ടായിരിക്കണം. നെയ്മര്‍ ബ്രസീലിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. നിലവിലെ അദ്ദേഹത്തിന്റെ ഫോം ശ്രദ്ധിക്കേണ്ടതില്ല. നെയ്മര്‍ തീര്‍ച്ചയായും ലോകകപ്പ് ടീമില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അവന്‍ എന്റെ സുഹൃത്താണ്. തീര്‍ച്ചയായും നെയ്മര്‍ ലോകകപ്പില്‍ കളിക്കാന്‍ അര്‍ഹനാണ്. ലോകകപ്പിലെ പ്രധാനപ്പെട്ട ടീമുകളില്‍ ഒന്നാണ് ബ്രസീല്‍. നെയ്മര്‍ കൂടി എത്തിയാലേ ബ്രസീല്‍ ടീം പൂര്‍ണമാവൂ. അവന്‍ അവിടെ ഉള്ളിടത്തോളം കാലം ബ്രസീല്‍ മികച്ചതായിരിക്കും,’ മെസി പറഞ്ഞു.

ബ്രസീലിന് വേണ്ടി 128 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് നെയ്മര്‍. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന നേട്ടവും താരത്തിനുണ്ട്. കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്, ഒളിമ്പിക് ഗോള്‍ഡ് എന്നീ കിരീടങ്ങള്‍ നെയ്മര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും നെയ്മറിന് ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഫിറ്റ്‌നസാണ് താരത്തിന് നിലവില്‍ വെല്ലുവിളിയായിരിക്കുന്നത്.

2023 ഒക്ടോബറില്‍ ബ്രസീലിനായി അന്താരാഷ്ട്ര മത്സരത്തില്‍ കളിക്കുമ്പോഴാണ് നെയ്മറിന് പരിക്ക് പറ്റിയത്. ഇതിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. അല്‍ഹിലാലില്‍ നിന്ന് ജനുവരിയില്‍ സാന്റോസിലേക്ക് താരം എത്തിയെങ്കിലും സീസണിലുടനീളം പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നെയ്മറിന് തിരിച്ചടിയായി.

അതേസമയം ചരിത്രത്തിലെ ആറാം ലോക കിരീടം ലക്ഷ്യം വെച്ചാണ് ബ്രസീല്‍ ഇത്തവണ ഇറങ്ങുന്നത്. ഇതിഹാസ പരിശീലകന്‍ ആന്‍സലോട്ടിയിലാണ് ബ്രസീലിന്റെ എല്ലാ പ്രതീക്ഷകളും. ബ്രസീലിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനാണ് ആന്‍സലോട്ടി.

2002ലാണ് ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയത്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീല്‍ ലോകത്തിന്റെ നെറുകയിലെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ ഗ്രൂപ്പ് സി.യിലാണ് ബ്രസില്‍ ഇടം നേടിയിരിക്കുന്നത്. ഹെയ്തി, മൊറാക്കോ, സ്‌കോട്ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Content Highlight: Lionel Messi talks about Neymar Participation of 2026 world cup