അറ്റ്ലാന്റ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തില്‍ ഇന്റര്‍ മയമിക്ക് വേണ്ടി മികച്ച പ്രകടനമാണ് ലയണല്‍ മെസി കാഴ്ചവെച്ചത്. എന്നാല്‍ മത്സര ശേഷം ഫിറ്റ്നസ് പ്രശ്‌നങ്ങള്‍ കാരണം മെസിക്ക് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നഷ്ടപ്പെട്ട വാര്‍ത്ത ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെതിരെയും ഉറുഗ്വയ്ക്ക് എതിരെയുമുള്ള മത്സരത്തില്‍ നിന്നാണ് മെസി പുറത്തായിരിക്കുന്നത്. മാര്‍ച്ച് 21ന് ഉറുഗ്വയുമായും മാര്‍ച്ച് 25ന് ബ്രസീലുമായും ബ്യൂണസ് ഐറിസിലാണ് മത്സരം.
നിര്‍ണായക മത്സരത്തില്‍ മെസിയുടെ അഭാവം കനത്ത തിരിച്ചടിയാണ് അര്‍ജന്റീനയ്ക്ക് നല്‍കിയത്. ഇതോടെ തന്റെ വിടവിനെക്കുറിച്ച് സംസാരിക്കുകയാണ് മെസി. യോഗ്യതാ റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ നഷ്ടപ്പെടുന്നതില്‍ സങ്കടമുണ്ടെന്നും പരിക്ക് കാരണം ഇപ്പോള്‍ വിശ്രമം ആവശ്യമാണെന്നും മെസി പറഞ്ഞു.
‘ഈ രണ്ട് പ്രധാന മത്സരങ്ങളും നഷ്ടമാകുന്നതില്‍ എനിക്ക് വളരെ സങ്കടമാണ്. മത്സരം കളിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു, പക്ഷെ ചെറിയ പരിക്ക് കാരണം എനിക്ക് ഇപ്പോള്‍ വിശ്രമം ആവശ്യമാണ്. എല്ലാവരെയും പോലെ അര്‍ജന്റീനയെ ഞാന്‍ ഇവിടെ നിന്ന് പിന്തുണയ്ക്കും,’ ലയണല്‍ മെസി പറഞ്ഞു.
നിലവില്‍ 26 താരങ്ങള്‍ അടങ്ങുന്ന സ്‌ക്വാഡാണ് അര്‍ജന്റീന പ്രഖ്യാപിച്ചത്.