നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ഫിഫ ലോകകപ്പില്‍ സെമി ഫൈനല്‍ ലക്ഷ്യം വെച്ച് തയ്യാറെടുക്കുകയാണ്. നാളെയാണ് (ജൂലൈ 12) മെസിയും സംഘവും സ്വിറ്റ്സര്‍ലാന്‍ഡിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറങ്ങുക. കാന്‍സസ് സിറ്റി സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

ഈ മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് താരത്തിന് മുന്നിലുള്ളത്.

ഇതിനായി മെസിയ്ക്ക് വേണ്ടത് രണ്ട് ഗോളുകളാണ്. നിലവില്‍ ഈ ലിസ്റ്റില്‍ ഒന്നാമത് ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയാണ്. താരം 18 ഗോളുകള്‍ അടിച്ചാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

മെസിക്ക് ലോകകപ്പില്‍ 17 നോണ്‍ പെനാല്‍റ്റി ഗോളുകളാണുള്ളത്. ഈ മത്സരത്തില്‍ ഒരു ഗോളടിച്ചാല്‍ എംബാപ്പെയ്ക്ക് ഒപ്പമെത്താന്‍ സാധിക്കും. രണ്ട് തവണ വല കുലുക്കിയാല്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കാം.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – ഗോളുകള്‍ എന്നീ ക്രമത്തില്‍)

കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 18

ലയണല്‍ മെസി – അര്‍ജന്റീന – 17

മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 16

റൊണാള്‍ഡോ നസാരിയോ – ബ്രസീല്‍ – 14

ഗെര്‍ഡ് മുള്ളര്‍ – ജര്‍മനി – 13

അതേസമയം, മെസി ഈ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഇതുവരെ ഈ എഡിഷനില്‍ താരം എട്ട് ഗോളുകള്‍ അടിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക്ക് നേടിയ താരം ഓസ്ട്രിയക്കെതിരെ ഇരട്ട ഗോള്‍ സ്‌കോര്‍ ചെയ്തു. പിന്നാലെ ജോര്‍ദാന്‍, കേപ്പ് വെര്‍ദെ, ഈജിപ്ത് എന്നിവര്‍ക്കെതിരെ താരം ഓരോ തവണ വല കുലുക്കി.

Content Highlight: Lionel Messi needs two goals to surpass Kylian Mbappe to surpass most non penalty goals in FIFA World Cup history