ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറസിനും ഇന്റര്‍ മയാമിക്കും സമനില. ഇന്ന് നടന്ന ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുവരും രണ്ട് ഗോള്‍ നേടിയാണ് സമനിലയിലെത്തിയത്. ഇതോടെ ടൂര്‍ണമെന്റിന്റെ അവസാന 16ലേക്ക് ഇരു ടീമുകളും യോഗ്യത നേടിയിരിക്കുകയാണ്.
മത്സരത്തില്‍ മയാമി ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ലായിരുന്നു. തന്റെ 38ാം ജന്മദിനത്തില്‍ ഗോള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും മയാമിയെ നോക്കൗട്ട് സ്‌റ്റേജിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മെസിക്ക് സാധിച്ചു. ഇനി മെസിക്കും കൂട്ടര്‍ക്കും നേരിടാനുള്ളത് യൂറോപ്യന്‍ ചാമ്പ്യന്മാരായ പി.എസ്.ജിയെയാണ്. ജൂണ്‍ 29നാണ് മേഴ്‌സിഡസ് ബെന്‍സ് സ്‌റ്റേഡിയത്തിലാണ് മത്സരം. കരുത്തരായ പി.എസ്.ജിയെ നേരിടാന്‍ കളത്തിലിറങ്ങുമ്പോള്‍ മെസിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്.
ക്ലബ്ബ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമാകാനുള്ള അവസരമാണ് മെസിക്കുള്ളത്. ഇനി വെറും രണ്ട് ഗോള്‍ നേടാന്‍ സാധിച്ചാല്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മറികടന്ന് ഈ റെക്കോഡ് ലിസ്റ്റില്‍ ആധിപത്യം സ്ഥാപിക്കാനും മെസിക്ക് കഴിയും. മാത്രമല്ല റോണോ ഈ തവണ ക്ലബ്ബ് ലോകകപ്പില്‍ കളിക്കുന്നില്ല.
ക്ലബ്ബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ താരങ്ങള്‍
അതേസമയം ത്രില്ലിങ് മത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു പാല്‍മിറസ്. ആദ്യ പകുതിയിലെ 16ാം മിനിട്ടില്‍ ടഡിയോ അല്ലെന്‍ഡിയായിരുന്നു പാല്‍മിറസിന്റെ വല കുലുക്കിയത്. ശേഷം 65ാം മിനിട്ടില്‍ ലൂയിസ് സുവാരെസും ഗോള്‍ നേടിയതോടെ പാല്‍മിറസ് ഏറെ സമ്മര്‍ദത്തിലാകുകയായിരുന്നു.
എന്നാല്‍ അവസാന ഘട്ടത്തിലെ 80ാം മിനിട്ടില്‍ പാല്‍മിറസ് മയാമിയുടെ വല കുലുക്കി സ്വന്തം കളിക്കാര്‍ക്ക് പ്രതീക്ഷ നല്‍കി. ഇതോടെ 87ാം മിനിട്ടില്‍ മയാമിയുടെ ഡിഫസ് മറികടന്ന് മൗറിസിയോ പാല്‍മിറസിന് വേണ്ടി സമനില ഗോള്‍ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
ഗോള്‍ പോസഷന്റെ കാര്യത്തിലും പാസിങ്ങിന്റെ കാര്യത്തിലും മുന്നിട്ടു നിന്നിട്ടും മയാമിക്ക് പാല്‍മിറസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തടയാന്‍ സാധിക്കാതെ വന്നപ്പോള്‍ സമനില വഴങ്ങേണ്ടി വരികയായിരുന്നു. നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് സമനിലയും ഉള്‍പ്പെടെ അഞ്ച് പോയിന്റാണ് മെസിയുടെ ഇന്റര്‍ മയാമിക്കും പാല്‍മിറസിനുമുള്ളത്.
Content Highlight: Lionel Messi Need Two Goals To Achieve Great Record In Club World Cup 2025