ഇതിഹാസങ്ങളെ വെട്ടാന്‍ ഇനിയും മൂന്ന് ഗോള്‍ വേണം; മെസിയും എംബാപ്പെയും കച്ചമുറുക്കുന്നത് വമ്പന്‍ നേട്ടത്തിന്!
Football
ഇതിഹാസങ്ങളെ വെട്ടാന്‍ ഇനിയും മൂന്ന് ഗോള്‍ വേണം; മെസിയും എംബാപ്പെയും കച്ചമുറുക്കുന്നത് വമ്പന്‍ നേട്ടത്തിന്!
ശ്രീരാഗ് പാറക്കല്‍
Wednesday, 24th June 2026, 10:38 pm

2026 ഫിഫ ലോകകപ്പില്‍ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് അര്‍ജന്റീന റൗണ്ട് ഓഫ് 32ലേക്ക് കടന്നിരിക്കുകയാണ്. ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് അര്‍ജന്റീന തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ജൂണ്‍ 28നാണ് നിലവിലെ ചാമ്പ്യന്മാര്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ജോര്‍ദാനാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

ലയണല്‍ മെസി

മത്സരത്തിന് ഇറങ്ങുമ്പോള്‍ അര്‍ജന്റൈന്‍ നായകന്‍ കാത്തിരിക്കുന്നത് മറ്റൊരു തകര്‍പ്പന്‍ നേട്ടത്തിനാണ്. ജോര്‍ദാനെതിരെ പെനാല്‍റ്റിയിലൂടെ അല്ലാതെ മൂന്ന് ഗോള്‍ നേടിയാല്‍ മെസി ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു വമ്പന്‍ നേട്ടത്തിലും എത്തിച്ചേരും. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോള്‍ നേടുന്ന താരമാകാനാണ് മെസിക്ക് സാധിക്കുക.

ഈ നേട്ടത്തില്‍ നിലവില്‍ മുന്നിലുള്ളത് ഇതിഹാസം മിറോസ്ലാവ് ക്ലോസെയാണ്. മാത്രമല്ല ഈ റെക്കോഡ് റെയ്‌സില്‍ മെസിക്കൊപ്പം സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ഇടം നേടിയിട്ടുണ്ട്. ഇരുവരും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനവുമായി മുന്നേറുമ്പോള്‍ ആരാകും നോണ്‍ പെനാല്‍റ്റിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുക എന്നാണ് ആരാധകര്‍ ഉറ്റുനേക്കുന്നത്. നിലവില്‍ ടൂര്‍ണമെന്റില്‍ മെസി അഞ്ച് ഗോള്‍ നേടിയപ്പോള്‍ എംബാപ്പെ നാല് ഗോളാണ് നേടിയത്.

ഫിഫ ലോകകപ്പില്‍ പെനാല്‍റ്റിയിലൂടെ അല്ലാതെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങള്‍

മിറോസ്ലാവ് ക്ലോസെ (ജര്‍മനി) – 16

റൊണാള്‍ഡോ നസാരിയോ (ബ്രസീല്‍) – 14

ലയണല്‍ മെസി (അര്‍ജന്റീന) – 14

കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 14

ജെര്‍ഡ് മുള്ളര്‍ (ജര്‍മനി) – 13

എംബാപ്പെ

അതേസമയം ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക് നേടി തിളങ്ങിയ മെസി ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയാണ് തന്റെ ഫോം തുടരുന്നത്. മത്സരത്തിന്റെ 38ാം മിനിറ്റിലാണ് മെസിയുടെ ആദ്യ ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളും സ്വന്തമാക്കി മെസി അര്‍ജന്റീനയുടെ വിജയം ഉറപ്പാക്കി.

അതേസമയം ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ നേടിയ ഇരട്ട ഗോളുകള്‍ക്ക് പിന്നാലെ ഒരു ലോക റെക്കോഡും മെസി കൈപ്പിടിയിലാക്കി. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായാണ് മെസി മാറിയത്. ലോകകപ്പില്‍ 18 ഗോളുകള്‍ എതിരാളികളുടെ വലയില്‍ എത്തിച്ചാണ് മെസി തലപ്പത്തെത്തിയത്. 16 ഗോളുകള്‍ നേടിയ ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയെ മറികടന്നാണ് മെസിയുടെ കുതിപ്പ്.

Content Highlight: Lionel Messi Need Three More Goals To Achieve Great Record In FIFA World Cup History

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ