2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ 12ന് ആരംഭിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ഇതിനായി ആരാധകരും വലിയ കാത്തിരിപ്പിലാണ്.
ജൂണ്‍ 17ന് ജെ ഗ്രൂപ്പില്‍ അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യമത്സരത്തിനെത്തുന്നത്. കളത്തിലിറങ്ങുമ്പോള്‍ മെസിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ഫിഫാ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഗോള്‍ നേടുന്ന താരമാകാനാണ് മെസിക്ക് സാധിക്കുക.
നിലവില്‍ ഈ നേട്ടത്തില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഡിയാഗോ മറഡോണയ്‌ക്കൊപ്പമാണ് മെസി. എട്ട് അസിസ്റ്റ് ഗോളുകളാണ് ഇരുവരും നേടിയത്. എന്നാല്‍ വരും ലോകകപ്പ് മത്സരത്തില്‍ ഒരു അസിസ്റ്റ് ഗോള്‍ കൂടി നേടിയാല്‍ മെസിക്ക് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഗോള്‍ നേടുന്ന താരമെന്ന നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കാം.
അതേസമയം മെക്‌സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പാണിത്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.
Content Highlight: Lionel Messi Need One Assist Goal In World Cup To Achieve Great Record