പി.എസ്.ജിയുമായി അഭിപ്രായ വ്യത്യാസം; കരാര്‍ പുതുക്കുന്നതിനുള്ള ഓഫര്‍ നിരസിച്ച് മെസി; റിപ്പോര്‍ട്ട്
Football
പി.എസ്.ജിയുമായി അഭിപ്രായ വ്യത്യാസം; കരാര്‍ പുതുക്കുന്നതിനുള്ള ഓഫര്‍ നിരസിച്ച് മെസി; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th March 2023, 7:13 pm

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് ലയണല്‍ മെസി. വേതനം വര്‍ധിപ്പിക്കുന്നതിലെ വിയോജിപ്പിനെ തുടര്‍ന്ന് മെസി കരാറില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് സ്പാനിഷ് ഔട്‌ലെറ്റ് ആയ ‘ല വാന്‍ഗാര്‍ഡിയ’ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തര്‍ ലോകകപ്പിന് ശേഷം മൂല്യമുയര്‍ത്തിയ താരത്തിന് നിലവില്‍ ലഭിക്കുന്നതിനെക്കാള്‍ കുറവ് വേതനം പി.എസ്.ജി ഓഫര്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് താരം പി.എസ്.ജിയുടെ കരാര്‍ നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്ബോളിലെ ഭാവി അനിശ്ചിതത്വത്തിലാണ്. 2021ലാണ് ബാഴ്സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് മെസി കൂടുമാറ്റം നടത്തുന്നത്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക.

ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു മെസിയുടെ നിലപാട്. ഇതിനിടെ മെസി മുന്‍ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാല്‍ ബാഴ്സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുമായി പിരിഞ്ഞാണ് മെസി ക്ലബ്ബ് വിട്ടതെന്നതിനാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് താരത്തിന്റെ പിതാവും സഹോദരനും രംഗത്തെത്തിയിരുന്നു. ബാഴ്സ പ്രസിഡന്റിനോടുള്ള അടങ്ങാത്ത അമര്‍ഷവും മെസിയുടെ സഹോദരന്‍ പ്രകടിപ്പിച്ചിരുന്നു. താരം ഇനി ബാഴ്സയിലേക്ക് തിരിച്ചുപോകില്ലെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

എന്നാല്‍ മെസിയെ സൈന്‍ ചെയ്യിക്കാന്‍ ഇന്റര്‍ മിയാമി രംഗത്തുണ്ടെന്നും താരം പി.എസ്.ജി വിട്ട് പുതിയ ക്ലബ്ബിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Lionel Messi has rejected PSG’s first contract renewal offer due to wage disagreement