ഛേത്രിയടിച്ചാൽ ഗോൾ; മെസിയടിച്ചാൽ മഞ്ഞക്കാർഡ്; വൈറലായി പഴയ വീഡിയോ
Indian Super League
ഛേത്രിയടിച്ചാൽ ഗോൾ; മെസിയടിച്ചാൽ മഞ്ഞക്കാർഡ്; വൈറലായി പഴയ വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th March 2023, 3:12 pm

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ പ്ലേ ഓഫ് മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സെമി ഫൈനലിൽ കടന്നിരിക്കുകയാണ് ബെംഗളൂരു എഫ്.സി.

ആവേശകരമായ മത്സരത്തിൽ ഛേത്രി സ്വന്തമാക്കിയ ഒരു വിവാദ ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. റഫറി വിസിൽ മുഴക്കുന്നതിന് മുമ്പ് ഛേത്രി തൊടുത്ത ഷോട്ട് ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു കോച്ച് ഇവാന്റെ നിർദേശ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ടത്.

ബ്ലാസ്റ്റേഴ്‌സ് മൈതാനത്തില്ലായിരുന്നെങ്കിലും കളി പൂർത്തിയാകുന്നത് വരെ മൈതാനത്ത് തുടർന്ന ബെംഗളൂരു മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയപ്പോൾ മൈതാനത്തേക്ക് മാർച്ച് ചെയ്യുകയായിരുന്നു.

എന്നാലിപ്പോൾ ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരത്തിന്റെ പശ്ചാത്തലത്തിൽ മെസിയുടെ പഴയൊരു ഫ്രീ കിക്ക് ഗോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുകയാണിപ്പോൾ.

അത് ലറ്റിക്കോ മാഡ്രിഡിനെതിരെ ലാ ലിഗയിൽ മെസി ബാഴ്സക്കായി കളിച്ച സമയത്തെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.


ഇപ്പോഴത്തെ ബാഴ്സ കോച്ച് സാവിയുമായി മെസി ചർച്ച ചെയ്ത് എതിർ ടീമംഗങ്ങൾ തയ്യാറാകുന്നതിന് മുമ്പേ ഷോട്ട് എടുക്കുന്നതും, പന്ത് ബാറിൽ തട്ടി വഴിമാറുമ്പോൾ റഫറി താരത്തിനെതിരെ മഞ്ഞക്കാർഡ് ഉയർത്തുന്നതുമാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്ന സംഭവം.

ലാ ലിഗ ഫുട്ബോളിന്റെ മാന്യതയെ ബഹുമാനിക്കുന്നെന്നും ഐ.എസ്.എല്ലിൽ അതില്ലെന്നുമാണ് ആരാധകർ ഉയർത്തുന്ന പ്രധാന വിമർശനം.
മത്സരത്തിൽ ഉടനീളം പന്ത് കൈവശം വെച്ച് കളിക്കുന്നതിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധ ചെലുത്തിയത്.

എന്നാൽ പന്ത് കൂടുതൽ സമയം കൈവശം ഇല്ലാതിരുന്നിട്ടും ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലേക്ക് മൂന്ന് തവണ ഷോട്ട് ഉതിർക്കാൻ ബെംഗളൂരു എഫ്.സിക്കായി.

കൗണ്ടർ അറ്റാക്കുകളിലൂടെ മുന്നേറിയ ബെംഗളൂരു മുന്നേറ്റ നിര ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയെ പരീക്ഷിച്ചെങ്കിലും കിട്ടിയ അവസരങ്ങളിൽ മുന്നേറാൻ ബ്ലാസ്റ്റേഴ്‌സും ശ്രമിച്ചു.

ബെംഗളൂരുവുമായുള്ള ഡെർബി മത്സരത്തിൽ ഏറ്റ പരാജയം വലിയ തിരിച്ചടിയാണ് ബ്ലാസ്റ്റേഴ്‌സിന് നൽകിയത്. കേരളത്തിനെതിരെ വിജയിച്ചതോടെ തുടർച്ചയായി ഒമ്പത് ഐ.എസ്.എൽ മത്സരങ്ങൾ വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിനായി.

ഇനി മുംബൈ സിറ്റി എഫ്.സിയെയാണ് ബെംഗളൂരു സെമിയിൽ നേരിടുക.

 

Content Highlights;FANS COMPARE MESSI AND Sunil Chhetri FREEKICKS