2026 ഫിഫ ലോകകപ്പില്‍ കേപ്പ് വെര്‍ദെയെ വീഴ്ത്തി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം. ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമിന്റെ പോരാട്ടവീര്യത്തില്‍ വിറച്ചെങ്കിലും അര്‍ജന്റീന ജയിച്ചു കയറുകയായിരുന്നു.
മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി ഒരു വമ്പന്‍ റെക്കോഡാണ് സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമായാണ് മെസി മാറിയത്.
അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ 203 മത്സരങ്ങളായിലാണ് മെസി ഇതുവരെ കളത്തിലിറങ്ങിയത്. ക്രൊയേഷ്യന്‍ ഇതിഹാസം ലൂക്ക മോഡ്രിച്ച്, മുന്‍ കുവൈത്ത് താരം ബദര്‍ അല്‍ മുതവ എന്നിവരെ മറികടന്നാണ് മെസി ഈ നേട്ടം കൈവരിച്ചത്.
ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, മത്സരങ്ങളുടെ എണ്ണം, രാജ്യം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-232-പോര്‍ച്ചുഗല്‍
ലയണല്‍ മെസി-203-അര്‍ജന്റീന
ബദര്‍ അല്‍ മുതവ-202-കുവൈത്ത്
ലൂക്ക മോഡ്രിച്ച്-202-ക്രൊയേഷ്യ
സോ ചിന്‍ ആന്‍-195-മലേഷ്യ
അതേസമയം മത്സരത്തില്‍ അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടി തിളങ്ങാനും മെസിക്ക് സാധിച്ചു. 29ാം മിനിട്ടിലാണ് മെസി ആദ്യ ഗോള്‍ നേടിയത്. ഈ ലോകകപ്പിലെ തന്റെ ഏഴാം ഗോള്‍ നേടിയ മെസി ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോള്‍ നേട്ടം 20 ആക്കി ഉയര്‍ത്തുകയും ചെയ്തു.
മെസിയുടെ ഗോളില്‍ ആദ്യ പകുതി സ്വന്തമാക്കിയ അര്‍ജന്റീനക്കെതിരെ രണ്ടാം പകുതിയില്‍ കേപ്പ് വെര്‍ദെ സമനില പിടിച്ചു. 59ാം മിനിട്ടില്‍ ഡെറോയ് ഡുവര്‍ട്ടെയാണ് ബ്ലൂ ഷാര്‍ക്കിനെ അര്‍ജന്റീനക്കൊപ്പം എത്തിച്ചത്.
പിന്നാലെ അര്‍ജന്റീന ശക്തമായ മുന്നേറ്റങ്ങളുമായി കേപ്പ് വെര്‍ദെയുടെ ബോക്‌സിലെത്തിയെങ്കിലും വൊസീഞ്ഞ മികച്ച സേവുകള്‍ നടത്തി കളം നിറഞ്ഞു. ഒടുവില്‍ നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതംനേടി തുല്യത പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്‌സ്ട്രാ ടൈമില്‍ രണ്ടാം മിനിട്ടില്‍ തന്നെ അര്‍ജന്റീന വീണ്ടും മുന്നിലെത്തി. ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. എന്നാല്‍ 103ാം മിനിട്ടില്‍ സിഡ്‌നി ലോപ്‌സ് കാബ്രലാണ് കേപ്പ് വെര്‍ദെക്കായി ഗോള്‍ നേടിയത്.
എന്നാല്‍ 111ാം മിനിട്ടില്‍ ഡിനെയുടെ ഓണ്‍ ഗോളിലൂടെ കേപ്പ് വെര്‍ദെക്കെതിരെ അര്‍ജന്റീന മുന്നിലെത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന വിജയം പിടിച്ചെടുത്തു.
Content Highlight: Lionel Messi create a historical achievement in international football