ഫൈനല്‍സിമ ട്രോഫിയില്‍ കൊമ്പുകോര്‍ക്കാനൊരുങ്ങി ലയണല്‍ മെസിയും യുവ താരം ലാമിന്‍ യമാലും. അര്‍ജന്റീനയും സ്‌പെയ്‌നും തമ്മിലുള്ള പോരാട്ടം 2026 മാര്‍ച്ച് 27നാണ് നിശ്ചിച്ചിരിക്കുന്നത്. ഖത്തറിലെ ദോഹയാണ് വേദി.
കോപ്പ അമേരിക്കയും യുവേഫ യൂറോ ജേതാക്കളും തമ്മിലുള്ള ഒറ്റ മത്സരമാണ് ഫൈനല്‍സിമ. വെംബ്ലി സ്റ്റേഡിയത്തില്‍ ഇറ്റലിയെ 3-0ന് പരാജയപ്പെടുത്തി 2022ല്‍ ലയണല്‍ മെസിയും സംഘവും അര്‍ജന്റീനയെ കിരീടമണിയിച്ചിരുന്നു.
കോപ്പയിലെ ഫൈനലില്‍ കൊളംബിയയെ 1-0ന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടമണിഞ്ഞത്. അതേസമയം, യുവേഫ യൂറോ 2024 ഫൈനലില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ യുവ താരം ലാമിന്‍ യമാല്‍ ടീമിന് വേണ്ടി നിര്‍ണായക പങ്കാണ് വഹിച്ചത്. ഒരു ഗോളും നാല് അസിസ്റ്റും ബാഴ്‌സയുടെ താരത്തിനുണ്ടായിരുന്നു.
വരാനിരിക്കുന്ന ഫൈനല്‍സിമയില്‍ യമാലും മെസിയും നേര്‍ക്കുനേര്‍ പോരാടുന്നതിന്റെ ആവേശത്തിലാണ് ആരാധകരും. ബാഴ്‌സയുടെ എക്കാലത്തെയും മികച്ച താരമായ മെസിയേയും യുവ താരം യമാലിനെയും താരതമ്യപ്പെടുത്തി പലരും സംസാരിച്ചിരുന്നു. എന്നാല്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു ചര്‍ച്ചയ്ക്ക് കൂടിയാണ് മത്സരം വഴിവെക്കുക.
മുന്‍ ക്ലബ്ബായ ബാഴ്‌സയ്ക്ക് വേണ്ടി 672 ഗോളുകളാണ് മെസി നേടിയത്. 778 അസിസ്റ്റും മെസിക്കുണ്ട്. ഇതേസമയം യമാല്‍ 33 ഗോളുകളാണ് തന്റെ 18ാം വയസില്‍ സ്വന്തമാക്കിയത്.
അതേസമയം മേജര്‍ ലീഗ് സോക്കറില്‍ കരുത്തരായ വാന്‍കൂവര്‍ വൈറ്റ്ക്യാപ്‌സിനെ പരാജയപ്പെടുത്തി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി തങ്ങളുടെ ചരിത്രത്തിലെ ആദ്യ എം.എല്‍.എസ് കിരീടം സ്വന്തമാക്കിയിരുന്നു.
കരിയറിലെ 48ാം കിരീടമാണ് എം.എല്‍.എസ് കപ്പിന് പിന്നാലെ ലയണല്‍ മെസി തന്റെ പോര്‍ട്‌ഫോളിയോയിലേക്ക് ചേര്‍ത്തുവെച്ചത്. സ്വന്തം തട്ടകമായ ചെയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മെസിയും സംഘവും വൈറ്റ് ക്യാപ്‌സിനെ തകര്‍ത്തുവിട്ടത്. മയാമിക്കൊപ്പം മെസിയുടെ നാലാം കിരീടമാണിത്.
Content Highlight: Lionel Messi and young star Lamine Yamal set to lock horns in the Finalsima Trophy