മെസിയുടെ ഒറ്റ ഗോളില്‍ റൊണാള്‍ഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോള്‍; കിടിലന്‍ റെക്കോഡിനരികില്‍ വമ്പന്‍മാര്‍!
Football
മെസിയുടെ ഒറ്റ ഗോളില്‍ റൊണാള്‍ഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോള്‍; കിടിലന്‍ റെക്കോഡിനരികില്‍ വമ്പന്‍മാര്‍!
ശ്രീരാഗ് പാറക്കല്‍
Thursday, 25th June 2026, 7:31 pm

2026 ഫിഫ ലോകകപ്പില്‍ കിരീട പ്രതീക്ഷകള്‍ ശക്തമാക്കി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലെത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് കരുത്തായത് നായകന്‍ ലയണല്‍ മെസിയുടെ കിടിലന്‍ പ്രകടനമാണ്. അള്‍ജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ മെസി, ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ ഇരട്ടഗോളുമായി വീണ്ടും തിളങ്ങി.

ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ 38ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസി, ഇന്‍ജുറി ടൈമില്‍ വീണ്ടും വലകുലുക്കി ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു. ജൂണ്‍ 28നാണ് നിലവിലെ ചാമ്പ്യന്മാര്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ജോര്‍ദാനാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
വരും മത്സരത്തില്‍ മികച്ച പ്രകടനം നടത്തി ഗോള്‍ നേടാന്‍ സാധിച്ചാല്‍ മെസിക്ക് ഒരു അപൂര്‍വ നേട്ടവും സ്വന്തമാക്കാന്‍ സാധിക്കും.

ജോര്‍ദാനെതിരായ അടുത്ത മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ അല്ലാത്ത മൂന്ന് ഗോളുകള്‍ കൂടി നേടിയാല്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നോണ്‍-പെനാല്‍റ്റി ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡ് മെസിയുടെ പേരിലാകും.

നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയാണ്. ക്ലോസെയുടെ പേരില്‍ 16 നോണ്‍-പെനാല്‍റ്റി ഗോളുകളാണുള്ളത്. 14 ഗോളുകളുമായി മെസിയും ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയും തൊട്ടുപിന്നിലുണ്ട്.

ഫിഫ ലോകകപ്പില്‍ പെനാല്‍റ്റിയിലൂടെ അല്ലാതെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങള്‍

മിറോസ്ലാവ് ക്ലോസെ (ജര്‍മനി) – 16

റൊണാള്‍ഡോ നസാരിയോ (ബ്രസീല്‍) – 14

ലയണല്‍ മെസി (അര്‍ജന്റീന) – 14

കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 14

ജെര്‍ഡ് മുള്ളര്‍ (ജര്‍മനി) – 13

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനെന്ന നേട്ടം ഇതിനകം തന്നെ മെസി സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രിയക്കെതിരായ ഇരട്ടഗോളോടെ അദ്ദേഹത്തിന്റെ ലോകകപ്പ് ഗോള്‍നേട്ടം 18 ആയി ഉയര്‍ത്തിയിരുന്നു. 16 ഗോളുകള്‍ നേടിയിരുന്ന ക്ലോസെയെ പിന്നിലാക്കിയാണ് അര്‍ജന്റൈന്‍ നായകന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഈ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടിയ മെസി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മുന്‍നിരയിലാണ്. നാല് ഗോളുകളുമായി വിനീഷ്യസ് ജൂനിയറും എംബാപ്പെയും തൊട്ട് പിന്നിലുണ്ട്.

39ാം വയസിലും ലോക ഫുട്‌ബോളിനെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മെസി പുറത്തെടുക്കുന്നത്. ഓരോ മത്സരവും പിന്നിടുമ്പോള്‍ പുതിയ റെക്കോഡുകള്‍ അദ്ദേഹത്തെ തേടിയെത്തുമ്പോള്‍, ലോകകപ്പ് വേദിയില്‍ അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ മറ്റൊരു ചരിത്ര അധ്യായത്തിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷിയാകുന്നത്.

Content Highlight: Lionel Messi And Kylian Mbappe Need One Goal To Achieve Great Record In FIFA World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ