ഇല്ല, മെസിയും അർജന്റീനയും ഈ വർഷമെത്തില്ല; കേരളത്തിന് നിരാശ
Football
ഇല്ല, മെസിയും അർജന്റീനയും ഈ വർഷമെത്തില്ല; കേരളത്തിന് നിരാശ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th October 2025, 8:56 am

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ടീമും ഈ വര്‍ഷം കേരളത്തില്‍ എത്തില്ല. അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തിന് ഫിഫയുടെ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചാണ് തീരുമാനം. ഇതിന്റെ പ്രഖ്യാപനം ഉടനെയുണ്ടാവുമെന്നാണ് വിവരം.

നവംബറില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന മത്സരം മാറ്റിവെക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള (എ.എഫ്.എ) ചര്‍ച്ചയില്‍ ധാരണയായെന്ന് സ്പോണ്‍സര്‍മാര്‍ അറിയിച്ചു. അര്‍ജന്റീന ടീമിന്റെ മത്സരം അടുത്ത വിന്‍ഡോയില്‍ നടത്തുമെന്നും സ്പോണ്‍സര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ, നവംബറില്‍ അര്‍ജന്റീന ടീം അംഗോളയില്‍ മാത്രമാണ് കളിക്കുകയെന്നും അതിന് മുമ്പ് സ്‌പെയിനില്‍ പരിശീലനം നടത്തുമെന്നും എ.എഫ്.എ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്പോണ്‍സര്‍മാര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

ഫിഫയുടെ അനുമതിയാണ് മത്സരം മാറ്റിവെക്കുന്നതിലേക്ക് നയിച്ചതെന്ന് സ്പോണ്‍സര്‍മാര്‍ പറയുമ്പോഴും എ.എഫ്.എ മറ്റൊരു വിശദീകരണമാണ് നല്‍കുന്നത്. താരങ്ങള്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കാത്തതും മത്സരത്തിനായി കൃത്യമായ പ്ലാനിങ്ങും ഇല്ലാത്തതാണ് അര്‍ജന്റൈന്‍ ടീം പിന്മാറിയതിന് പിന്നിലെന്നാണ്. മത്സരത്തിന് വേണ്ടിയുള്ള ഒരു മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ലെന്നും എ.എഫ്.എ നല്‍കുന്ന വിവരം.

നേരത്തെ, നവംബറില്‍ മെസിയും സംഘവും സൗഹൃദ മത്സരത്തിനായി കേരളത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഓസ്ട്രേലിയ ഈ മത്സരത്തില്‍ ലോക ചാമ്പ്യന്മാര്‍ക്ക് എതിരാളികളായി കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇറങ്ങുക എന്നായിരുന്നു വിവരം. ഇതിനായി, അര്‍ജന്റീന മെസിയും എമിലിയാനോ മാര്‍ട്ടീനസും ഡി പോളും അല്‍വാരസുമടങ്ങുന്ന സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു.

അതിനാല്‍ തന്നെ, കേരളത്തിലെ ഫുട്ബാള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. അതിനിടിയിലാണ് ഇപ്പോള്‍ അര്‍ജന്റീന ടീം എത്തില്ലെന്ന് സ്പോണ്‍സര്‍മാര്‍ സ്ഥിരീകരിച്ചത്. ഇത് ആരാധകര്‍ വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

 

Content Highlight: Lionel Messi and Argentina team will not play in Kerala