ബ്രസീലിയന്‍ ഇതിഹാസത്തിനൊപ്പം ലോക റെക്കോഡിലേക്ക് മെസിയും; ഇംഗ്ലണ്ടിനെ തകര്‍ത്തപ്പോള്‍ ചരിത്ര നേട്ടവും!
Football
ബ്രസീലിയന്‍ ഇതിഹാസത്തിനൊപ്പം ലോക റെക്കോഡിലേക്ക് മെസിയും; ഇംഗ്ലണ്ടിനെ തകര്‍ത്തപ്പോള്‍ ചരിത്ര നേട്ടവും!
ശ്രീരാഗ് പാറക്കല്‍
Thursday, 16th July 2026, 9:45 pm

2026 ഫിഫ ലോകകപ്പിന്റെ കിരീട പോരിന് വീണ്ടും യോഗ്യത നേടിയിരിക്കുകയാണ് ഡിഫന്റിങ് ചാമ്പ്യന്മാരായ അര്‍ജന്റീന. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ഇതോടെ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടുകയും ചെയ്തു. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടത്തിലേക്ക് കുതിക്കാനും അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് സാധിച്ചിരിക്കുകയാണ്.

ലോകകപ്പില്‍ മൂന്ന് ഫൈനലുകളുടെ ഭാഗമാവുന്ന താരമെന്ന നേട്ടമാണ് മെസിക്ക് വന്നു ചേരുന്നത്.
ഇതിനോടകം തന്നെ രണ്ട് ലോകകപ്പ് ഫൈനലുകള്‍ മെസി കളിച്ചിട്ടുണ്ട്. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിലാണ് മെസി ആദ്യമായി ഫൈനല്‍ കളിക്കുന്നത്. അന്ന് ജര്‍മനിയോട് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലാണ് മെസി രണ്ടാം ഫൈനല്‍ പോരാട്ടത്തിനിറങ്ങിയത്. ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തി അര്‍ജന്റീന കിരീടവും സ്വന്തമാക്കിയിരുന്നു.

2026ല്‍ ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് ഫൈനലുകളുടെ ഭാഗമാവുന്ന ബ്രസീലിയന്‍ ഇതിഹാസം കഫുവിന്റെ റെക്കോഡിനൊപ്പവും മെസി ചേരുകയാണ്. 1994, 1998, 2002 എന്നീ ലോകകപ്പ് ഫൈനലുകളിലാണ് കഫു കാനറികള്‍ക്കായി കളത്തിലിറങ്ങിയത്. 1994, 2002 എന്നീ ലോകകപ്പില്‍ കഫു കിരീടം ചൂടിയപ്പോള്‍ 1998ല്‍ ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു.

ലോകകപ്പില്‍ രണ്ട് ഫൈനലുകള്‍ കളിച്ച താരങ്ങളില്‍ മെസിക്കൊപ്പം ഫ്രാന്‍സ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുമുണ്ട്. 2018, 2022 ലോകകപ്പുകളിലാണ് എംബാപ്പെ ഫ്രാന്‍സിനായി കളത്തിലിറങ്ങിയത്. 2018ല്‍ ലോക കിരീടം ചൂടിയ എംബാപ്പെ 2022ല്‍ ടീമിനൊപ്പം റണ്ണേഴ്സ് അപ്പുമായി.

2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം സ്വന്തമാക്കാനാണ് കളത്തിലിറങ്ങുന്നത്. സ്‌പെയ്‌നാണ് ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളി. ജൂലൈ 20ന് ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്‌റ്റേഡിയമാണ് വേദി.

Content Highlight: Lionel Messi Achieve Great Record In FIFA World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ