ലോകകപ്പില്‍ മോശം പ്രകടനം പുറത്തെടുത്തത് സൗദിയോടല്ല, അത് ഇവരോട്; തുറന്നുപറച്ചിലുമായി മെസി
Sports News
ലോകകപ്പില്‍ മോശം പ്രകടനം പുറത്തെടുത്തത് സൗദിയോടല്ല, അത് ഇവരോട്; തുറന്നുപറച്ചിലുമായി മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th January 2023, 10:16 pm

1986ല്‍ മറഡോണക്ക് കീഴില്‍ ലോകകപ്പുയര്‍ത്തിയ അര്‍ജന്റീനക്ക് വീണ്ടും വിശ്വവിജയികളാകാന്‍ കാത്തിരിക്കേണ്ടി വന്നത് 2022 വരെയാണ്. മറഡോണയുടെ പിന്‍ഗാമിയെന്ന് ലോകം വാഴ്ത്തിപ്പാടിയ ലയണല്‍ മെസിയിലൂടെയായിരുന്നു അര്‍ജന്റീന ലോകകിരീടത്തില്‍ മുത്തമിട്ടത്.

ടൂര്‍ണമെന്റിലെ ആദ്യ മത്സരം തന്നെ തോറ്റുകൊണ്ടായിരുന്നു അര്‍ജന്റീന തുടങ്ങിയത്. ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു സൗദി അറേബ്യയോട് 2-1ന്റെ ഞെട്ടിക്കുന്ന തോല്‍വി അര്‍ജന്റീനക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.

പത്താം മിനിട്ടില്‍ മെസിയിലൂടെ അര്‍ജന്റീനയായിരുന്നു മുന്നിലെത്തിയത്. എന്നാല്‍ 48, 53 മിനിട്ടുകളില്‍ തിരിച്ചടിച്ച് സൗദി മെസിപ്പടയെ ഞെട്ടിച്ചു.

എന്നാല്‍ ലോകകപ്പില്‍ തങ്ങള്‍ ഏറ്റവും മോശം കളി പുറത്തെടുത്തത് തങ്ങളെ പരാജയപ്പെടുത്തിയ സൗദിയോടായിരുന്നില്ല എന്ന് പറയുകയാണ് മെസി.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലായിരുന്നു ഗില്ലര്‍മോ ഒച്ചാവോയുടെ മെക്‌സിക്കോയുമായി മെസിയും സംഘവും ഏറ്റുമുട്ടിയത്. ഒച്ചാവോയുടെ സോളിഡ് അയേണ്‍ വാളിനെ മറികടക്കാന്‍ അര്‍ജന്റീനക്ക് സാധിക്കില്ലെന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീന ജയിച്ചത്.

ടൂര്‍ണമെന്റിലെ ഈ മത്സരത്തിലാണ് തങ്ങള്‍ ഏറ്റവും മോശം പ്രകടനം നടത്തിയതെന്നാണ് മെസിയുടെ അഭിപ്രായം.

ലാ നേഷനോടായിരുന്നു മെസി ഇക്കാര്യം പറഞ്ഞത്.

‘മെക്‌സിക്കോക്കെതിരായ മത്സരമായിരുന്നു ഏറെ ബുദ്ധിമുട്ടേറിയത്. ഈ മത്സരത്തില്‍ തന്നെയായിരുന്നു ഞങ്ങള്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതും,’ മെസി പറഞ്ഞു.

മത്സരത്തിലെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലായിരുന്നു അവസാനിച്ചത്. ഒരു തോല്‍വിക്ക് പിന്നാലെ അടുത്ത തോല്‍വിയിലേക്കാണോ തങ്ങള്‍ പോകുന്നതെന്ന് ഓരോ അര്‍ജന്റൈന്‍ ആരാധകരും ചിന്തിച്ചുപോകുന്ന തരത്തിലായിരുന്നു അര്‍ജന്റീനയുടെ പ്രകടനം.

എന്നാല്‍ ആരാധകരുടെ ആശങ്കകളെ അവസാനിപ്പിച്ച് മത്സരത്തിന്റെ 64ാം മിനിട്ടില്‍ ഒച്ചാവോയെ മറികടന്നുകൊണ്ട് മെസി അര്‍ജന്റീനയെ മുമ്പിലെത്തിച്ചു. നിശ്ചിത സമയം അവസാനിക്കാന്‍ മൂന്ന് മിനിട്ട് ബാക്കി നില്‍ക്കെ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഗോളും പിറന്നു.

ആകെ അഞ്ച് ഷോട്ട് മാത്രമായിരുന്നു അര്‍ജന്റീനക്ക് അടിക്കാന്‍ സാധിച്ചത്. അതില്‍ ഓള്‍ ടാര്‍ഗെറ്റ് വെറും രണ്ടെണ്ണവും. എന്നാല്‍ ആ രണ്ടും ഗോളാക്കി മാറ്റുന്നതില്‍ അര്‍ജന്റീന വിജയിച്ചിരുന്നു.

യഥാര്‍ത്ഥത്തില്‍ അര്‍ജന്റീനയുടെ ലോകകപ്പ് യാത്ര ആരംഭിച്ചത് ഈ വിജയത്തോടെയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇതിന് ശേഷം തോല്‍വിയറിയാതെ മുന്നേറിയ അര്‍ജന്റീന ഫൈനലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കുകയായിരുന്നു.

 

Content highlight: Lionel Messi about the game against Mexico in 2022 World Cup