എന്റമ്മോ തീ... റെക്കോഡിലേക്ക് നടന്ന് കയറി ചഹല്‍; ദേഷ്യത്താല്‍ ചുവന്നുതുടുത്ത് ന്യൂസിലാന്‍ഡ് താരം; വീഡിയോ
Sports News
എന്റമ്മോ തീ... റെക്കോഡിലേക്ക് നടന്ന് കയറി ചഹല്‍; ദേഷ്യത്താല്‍ ചുവന്നുതുടുത്ത് ന്യൂസിലാന്‍ഡ് താരം; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th January 2023, 8:29 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യ വിജയിച്ചിരുന്നു. ലഖ്‌നൗവില്‍ വെച്ച് നടന്ന മത്സരത്തില്‍ ഒരു പന്തും അഞ്ച് വിക്കറ്റും കയ്യിലിരിക്കവെയായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരം കഴിഞ്ഞപ്പോള്‍ പരമ്പരയില്‍ ഒപ്പമെത്താനും ഇന്ത്യക്കായി.

ബൗളര്‍മാരായിരുന്നു ഇന്ത്യയുടെ കരുത്ത്. എതിരാളികളെ വെറും 99ല്‍ ഒതുക്കിയ ബൗളിങ് ഡിപ്പാര്‍ട്‌മെന്റാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ഇന്ത്യന്‍ നിരയില്‍ ശിവം മാവി ഒഴികെ പന്തെറിഞ്ഞ എല്ലാവരും തന്നെ വിക്കറ്റ് നേടിയിരുന്നു.

രണ്ട് ഓവറില്‍ ഒരു മെയ്ഡനടക്കം നാല് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചഹലാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

കിവീസ് സൂപ്പര്‍ താരം ഫിന്‍ അലനായിരുന്നു ചഹലിന് മുമ്പില്‍ വീണത്. നാലാം ഓവറിലെ മൂന്നാം പന്തില്‍ ഫിന്‍ അലന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. താരത്തിന്റെ കാലുകള്‍ക്കിടയിലൂടെയായിരുന്നു ചഹലിന്റെ ഡെലിവറി കടന്ന് പോയതും കുറ്റി തെറിപ്പിച്ചതും.

താന്‍ പുറത്തായ രീതിയില്‍ ഏറെ നിരാശനായ ഫിന്‍ അലന്‍ ആ നിരാശയും ദേഷ്യവും പ്രകടമാക്കുകയും ചെയ്തിരുന്നു.

ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ചഹലിനെ തേടിയെത്തിയത്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ എന്ന റെക്കോഡാണ് ചഹല്‍ സ്വന്തമാക്കിയത്.

ചഹലിന്റെ 91ാമത് ടി-20 വിക്കറ്റാണ് ഇത്. 90 വിക്കറ്റുള്ള ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡാണ് ചഹല്‍ മറികടന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന്റെ കണക്കുകൂട്ടലുകള്‍ ഒന്നാകെ തെറ്റുകയായിരുന്നു. ആദ്യ വിക്കറ്റായി ഫിന്‍ അലന്‍ മടങ്ങിയതോടെ കിവികള്‍ അപകടം മണത്തിരുന്നു. വൈകാതെ ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്‌സും പുറത്തായതോടെ ന്യൂസിലാന്‍ഡ് പതറി.

23 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറാണ് കിവികളുടെ ടോപ് സ്‌കോറര്‍. ഒടുവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് മാത്രമാണ് ന്യൂസിലാന്‍ഡിന് നേടാന്‍ സാധിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും കാര്യങ്ങള്‍ പന്തിയായിരുന്നില്ല. സ്‌കോര്‍ 17ല്‍ നില്‍ക്കവെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഒമ്പത് പന്തില്‍ നിന്നും 11 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.

ടീം സ്‌കോര്‍ 46ല്‍ നില്‍ക്കവെ 19 റണ്‍സുമായി ഇഷാന്‍ കിഷനും 50ാം റണ്‍സില്‍ 13 റണ്‍സുമായി ത്രിപാഠിയും പുറത്തായി. ഒടുവില്‍ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

 

Content highlight: Yuzvendra Chahal surpasses Bhuvaneshwar Kumar