ഷാരൂഖ് ഖാന്റെ സീറോ എന്ന ചിത്രത്തിലെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ലില്ലിപുട്ട്. സിറോയില്‍ ഉയരക്കുറവുള്ള നായക കഥാപാത്രമായാണ് ഷാരൂഖ് എത്തിയത്. ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറിയിരുന്നു. സിറോയ്ക്ക് ശേഷം അഭിനയത്തില്‍ നിന്നുവരെ ഷാരൂഖ് വിട്ടുനിന്നിരുന്നു.
സിറോയില്‍ ഷാരൂഖ് കമല്‍ ഹാസനെ അനുകരിക്കാന്‍ ശ്രമിച്ചതായി തനിക്ക് തോന്നിയെന്ന് റെഡ് എഫ്.എം പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ലില്ലിപുട്ട് പറഞ്ഞു. കാഴ്ചയുള്ള ഒരാള്‍ക്ക് കണ്ണുകാണാതെ ഒരാളെ അവതരിപ്പിക്കാന്‍ കഴിയുമെങ്കിലും ശരാശരി ഉയരമുള്ള ഒരു നടന്‍ ഉയരക്കുറവുള്ള കഥാപാത്രത്തെ കാണികള്‍ക്ക് ബോധ്യപ്പെടുത്തുന്ന രീതിയില്‍ അഭിനയിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് ലില്ലിപുട്ട് പറഞ്ഞു.
ഉയരം കുറഞ്ഞവരും മറ്റുള്ളവരെ പോലെയാണെന്നും അവരുടെ കൈ ചലനങ്ങള്‍, വികാരങ്ങള്‍, ചിന്തകള്‍ എന്നിവ സാധാരണക്കാരെ പോലെയാണെന്നും ശാരീരിക രൂപത്തില്‍ മാത്രമാണ് അവര്‍ക്ക് വ്യത്യാസമുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഉയരമുള്ള ഒരു നടന്‍ എങ്ങനെയാണ് ഒരു ഉയരക്കുറവുള്ള കഥാപാത്രമായി അഭിനയിക്കുക. ആ നടന്‍ സുന്ദരനും ക്യൂട്ടും ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പിന്നെ അദ്ദേഹം സ്‌ക്രീനില്‍ എത്തുമ്പോള്‍ ഞങ്ങള്‍ ഒരു ഉയരക്കുറവുള്ള മനുഷ്യനെയല്ല കാണുന്നത്, ഉയരക്കുറവുള്ള ആളായി അഭിനയിക്കുന്ന ആ നടനെയാണെന്ന് കാണുന്നതെന്ന് മനസിലാകും. വിഷ്വല്‍ ടെക്നോളജി ഉപയോഗിച്ച് ഉയരം കുറച്ചതാണെന്നും നമുക്ക് നല്ല ബോധ്യമുണ്ടാകും. അപ്പോള്‍ ഈ സിനിമയിലൂടെ അവര്‍ എന്താണ് ഉദ്ദേശിക്കുന്നത്?,’ ലില്ലിപുട്ട് ചോദിക്കുന്നു.
ഷാരൂഖ് ഖാന്‍ അപൂര്‍വ സഹോദരങ്ങള്‍ (അപ്പു രാജ) എന്ന സിനിമയിലെ കമല്‍ ഹാസനെ പകര്‍ത്തുന്നതായാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പു എന്ന ഉയരക്കുറവുള്ള കഥാപാത്രമായി കമല്‍ ജീവിക്കുകയായിരുന്നുവെന്നും കഥാപാത്രത്തെ ഉള്‍ക്കൊണ്ടാണ് അദ്ദേഹം അഭിനയിച്ചതെന്നും ലില്ലിപുട്ട് പറഞ്ഞു.
‘ഉയരം കുറഞ്ഞവരുടെ കൈകാലുകള്‍ ചെറുതായിരിക്കും. അല്‍പ്പം കട്ടിയുള്ളതും ഉരുണ്ടതുമാണ്. അവര്‍ നടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഒരു കഥാപാത്രത്തെ ഉദ്ദേശിക്കുന്ന ഇംപാക്റ്റില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ എന്തിനാണ് അതിന് മുതിരുന്നത്?