വിരാട് കരഞ്ഞുതീര്‍ത്ത അത്രയും മത്സരങ്ങളില്‍ തന്നെ ബാബറും, വനവാസത്തിന് ശേഷം ഒടുവില്‍ പട്ടാഭിഷേകം
Sports News
വിരാട് കരഞ്ഞുതീര്‍ത്ത അത്രയും മത്സരങ്ങളില്‍ തന്നെ ബാബറും, വനവാസത്തിന് ശേഷം ഒടുവില്‍ പട്ടാഭിഷേകം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th November 2025, 9:06 am

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിക്കായുള്ള തന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് മുന്‍ പാക് നായകന്‍ ബാബര്‍ അസം. 807 ദിവസമായി തുടര്‍ന്ന സെഞ്ച്വറി വരള്‍ച്ച സ്വന്തം മണ്ണില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ബാബര്‍ അവസാനിപ്പിച്ചത്.

ശ്രീലങ്കയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലാണ് ബാബര്‍ രണ്ട് വര്‍ഷത്തിലേറെയായി തന്നെ പിന്തുടര്‍ന്ന ദുഷ്‌പേരിന് വിരാമമിട്ടത്. റാവല്‍പിണ്ടി ക്രിക്കറ്റ് സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 119 പന്ത് നേരിട്ട പുറത്താകാതെ 102 റണ്‍സാണ് ബാബര്‍ അസം സ്വന്തമാക്കിയത്.

2023 ഓഗസ്റ്റ് 30നാണ് ബാബര്‍ ഇതിന് മുമ്പ് സെഞ്ച്വറി നേടിയത്. ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെയായിരുന്നു ബാബറിന്റെ സെഞ്ച്വറി നേട്ടം പിറവിയെടുത്തത്. മുള്‍ട്ടാനാണ് ബാബറിന്റെ ഈ സെഞ്ച്വറിക്ക് വേദിയായത്.

അതിന് ശേഷം അടുത്ത സെഞ്ച്വറിക്കായി ബാബര്‍ അസമിന് കാത്തിരിക്കേണ്ടി വന്നത് 83 മത്സരങ്ങളാണ്. 84ാം മത്സരത്തില്‍ ബാബര്‍ വീണ്ടും ട്രിപ്പിള്‍ ഡിജിറ്റിലെത്തി.

ബാബറിന്റെ സെഞ്ച്വറി വരള്‍ച്ചയെയും തിരിച്ചുവരവിനെയും വിരാട് കോഹ്‌ലിക്കൊപ്പമാണ് ആരാധകര്‍ ഉപമിക്കുന്നത്.

2019-2022 കാലഘട്ടത്തില്‍ കരിയറിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയ വിരാടിന് ഒറ്റ സെഞ്ച്വറിയും നേടാന്‍ സാധിച്ചിരുന്നില്ല. താരത്തിന്റെ മോശം ഫോമിനെ വിമര്‍ശകരും ക്രിക്കറ്റ് അനലിസ്റ്റുകളും വിടാതെ പിടികൂടി. താരത്തിന്റെ പങ്കാളി അനുഷ്‌കയ്‌ക്കെതിരെയും ഇവര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ 2022 സെപ്റ്റംബര്‍ എട്ടിന് അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിക്കൊണ്ട് വിരാട് തന്റെ ശനിദശ അവസാനിപ്പിച്ചു, അതും ഇതുവരെ സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയ ടി-20 ഫോര്‍മാറ്റില്‍ തന്നെ. തുടര്‍ന്നങ്ങോട്ട് തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന വിരാട് കോഹ്‌ലിയെയാണ് ആരാധകര്‍ കണ്ടത്.

2019 നംവബര്‍ 23 മുതല്‍ 2022 സെപ്റ്റംബര്‍ എട്ട് വരെ വിരാട് സെഞ്ച്വറിയില്ലാതെ 83 മത്സരങ്ങളാണ് കളിച്ചുതീര്‍ത്തത്. 84ാം മത്സരത്തില്‍ ആരാധകര്‍ കാത്തിരുന്ന ഐതിഹാസിക സെഞ്ച്വറി പിറവിയെടുക്കുകയും ചെയ്തു.

കരിയറിന്റെ മോശം അവസ്ഥയില്‍ സെഞ്ച്വറിയില്ലാതെ 83 മത്സരങ്ങളാണ് വിരാടും ബാബറും പൂര്‍ത്തിയാക്കിയത് എന്നതും യാദൃശ്ചികതയായി.

സെഞ്ച്വറി വരള്‍ച്ചയ്ക്ക് ശേഷം വിരാട് തിരിച്ചെത്തിയതുപോലെ ബാബറിന് അതിന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, തന്റെ സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന് വിജയത്തിനൊപ്പം പരമ്പരയും ബാബര്‍ അസം സമ്മാനിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും അവസാനിച്ചപ്പോള്‍ ആതിഥേയര്‍ 2-0ന് മുമ്പിലാണ്.

നാളെയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. റാവല്‍പിണ്ടി തന്നെയാണ് വേദി. പരമ്പര ക്ലീന്‍സ്വീപ് ചെയ്യാന്‍ ആതിഥേയര്‍ ഇറങ്ങുമ്പോള്‍ ഇറങ്ങുമ്പോള്‍ മുഖം രക്ഷിക്കാനുള്ള വിജയമാണ് അസലങ്കയും സംഘവും ലക്ഷ്യമിടുന്നത്.

 

Content Highlight: Like Virat Kohli, Babar Azam ended his century drought on 84th match