ഞാന്‍ ഇങ്ങനെ അഭിനയിക്കുമെന്ന് അറിയാന്‍ ജയ് ഭീം വേണ്ടി വന്നു: ലിജോ മോള്‍ ജോസ്
Entertainment news
ഞാന്‍ ഇങ്ങനെ അഭിനയിക്കുമെന്ന് അറിയാന്‍ ജയ് ഭീം വേണ്ടി വന്നു: ലിജോ മോള്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st July 2022, 11:40 am

ജയ് ഭീം എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ലിജോ മോള്‍ ജോസ്. ഈ ചിത്രത്തിലെ സെങ്കേനി എന്ന കഥാപാത്രം ലിജോ മോള്‍ ഗംഭീരമാക്കിയിരുന്നു. സൂര്യ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍.

മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടാന്‍ വേണ്ടി കാത്തിരുന്നിട്ടുണ്ടെന്നും തന്നെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുമെന്ന് അറിയാന്‍ ജയ് ഭീം വേണ്ടി വന്നെന്നും പറഞ്ഞിരിക്കുകയാണ് ലിജോ മോള്‍ ജോസ് ഇപ്പോള്‍. ജാങ്കോ സ്‌പേസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടാന്‍ വേണ്ടി കാത്തിരുന്നിട്ടുണ്ട്. ജയ് ഭീം വന്നത് കൊണ്ടാണ് പലരും എന്നെ തിരിച്ചറിഞ്ഞതും എന്നെ കുറിച്ച് പറയാന്‍ തുടങ്ങിയതും. ജയ് ഭീം കണ്ടതിന് ശേഷം മലയാളം ഇന്‍ഡസ്ട്രിയിലുള്ള പലരും എന്നോട് പറഞ്ഞത് ലിജോ മോള്‍ ഇത്രയും നന്നായി അഭിനയിക്കുമെന്ന് അറിയില്ലായിരുന്നു എന്നാണ്. എന്നെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുമെന്ന് അറിയാന്‍ ജയ് ഭീം വേണ്ടി വന്നു.

അതിന് ആരെയും കുറ്റം പറയാന്‍ പറ്റില്ല. എനിക്കും അറിയില്ലായിരുന്നു എന്നെ കൊണ്ട് ഇങ്ങനെ ചെയ്യാന്‍ പറ്റുമെന്ന്. കാരണം ഞാന്‍ പരിശീലനം കിട്ടിയ ആക്ടര്‍ അല്ല. അഭിനയിക്കണം എന്ന ആഗ്രഹത്തില്‍ വന്ന ആളുമല്ല. എന്നെ കൊണ്ട് എന്തൊക്കെ ചെയ്യാന്‍ പറ്റും, എന്റെ ലിമിറ്റ്‌സ് എന്തൊക്കെയാണ്, എങ്ങനെ എക്സ്പ്ലോര്‍ ചെയ്യാമെന്നൊക്കെ ഞാനും പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. ജയ് ഭീം വന്നത് ഒരു അനുഗ്രഹമായി. അതിന് ശേഷം വലിയ വലിയ കഥാപാത്രങ്ങള്‍ കിട്ടിയില്ലെന്ന് കരുതി എനിക്ക് വിഷമം ഒന്നും വന്നിട്ടില്ല.

ഞാന്‍ അതിനിടക്ക് ബ്രേക്ക് എടുത്തത് ഇടുക്കി ബേസ് ചെയ്ത ഒരുപാട് ക്യാരക്ടറുകള്‍ വന്നതുകൊണ്ടാണ്. ജയ് ഭീമിന് വേണ്ടി ഞാന്‍ കുറെ എഫേര്‍ട്ട് എടുത്തിട്ടുണ്ട്. അവിടെ തന്നെ ട്രെയിനിങ് ഒക്കെ ഉണ്ടായിരുന്നു. ആ ക്യാരക്ടര്‍ മുഴുവനായി ഉള്‍ക്കൊള്ളുക എന്നത് അല്പം ബുദ്ധിമുട്ട് ആണ്. കാരണം ഞാന്‍ മലയാളിയാണ്, ആ കഥാപാത്രം തമിഴ്‌നാട്ടിലുള്ളതാണ്.

പല പല സ്ഥലങ്ങളിലായി താമസിക്കുന്നവരാണ്. അവര്‍ പറയുന്ന തമിഴില്‍ തന്നെ വ്യത്യാസങ്ങളുണ്ട്. അവരുടെ ജീവിത രീതിയും നല്ല വ്യത്യാസമുണ്ട്. നമ്മള്‍ സാധാരണ കാണുന്ന പോലെയല്ല. അവര്‍ ചെങ്കല്‍ ചൂളയില്‍ പണിയെടുക്കുന്നവരാണ്. വേട്ടക്ക് പോകുന്നവരാണ്. അതൊന്നും നമ്മള്‍ കാണാത്തതാണ്. അവരെ മനസിലാക്കുക എന്നത് വലിയ ടാസ്‌ക് ആയിരുന്നു. പിന്നെ ഭാഷ പഠിക്കാനും,’ ലിജോ മോള്‍ പറഞ്ഞു.

 

വിശുദ്ധ മെജോ ആണ് ലിജോ മോളുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.

Content Highlight;: Lijomol Jose says that it took Jai Bhim to people know that she would act like this