ആദ്യം ലാലേട്ടന്‍, ഇപ്പൊ രാജുവേട്ടന്‍... ലിഫ്റ്റില്‍ കിടന്ന് അടിയുണ്ടാക്കിയാല്‍ ഫ്‌ളോപ്പാ; പേട്രിയറ്റിനൊപ്പം ഇനി ഐ, നോബഡിയും
Malayalam Cinema
ആദ്യം ലാലേട്ടന്‍, ഇപ്പൊ രാജുവേട്ടന്‍... ലിഫ്റ്റില്‍ കിടന്ന് അടിയുണ്ടാക്കിയാല്‍ ഫ്‌ളോപ്പാ; പേട്രിയറ്റിനൊപ്പം ഇനി ഐ, നോബഡിയും
അമര്‍നാഥ് എം.
Friday, 28th August 2026, 7:30 pm

ഈ വര്‍ഷം സിനിമാപ്രേമികള്‍ വന്‍ ഹൈപ്പില്‍ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ഐ, നോബഡി. റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. പുറത്തുവിട്ട ഓരോ അപ്‌ഡേറ്റിലും മിനിമം ക്വാളിറ്റി കാത്തുസൂക്ഷിച്ച ഐ, നോബഡിക്ക് തിയേറ്ററില്‍ വേണ്ടത്ര വിജയിക്കാനായില്ല.

അതിഗംഭീരമായ ആദ്യപകുതിയും എങ്ങോട്ടോ പോയി, എവിടെയോ അവസാനിച്ച രണ്ടാം പകുതിയുമാണ് ഐ, നോബഡിയുടേത്. പൃഥ്വിരാജിന്റെ പ്രകടനം ആദ്യാവസാനം സിനിമയെ താങ്ങി നിര്‍ത്തുന്നുണ്ടെങ്കിലും തിരക്കഥയിലെ പാളിച്ച ചിത്രത്തിന് തിരിച്ചടിയായി. കഴിഞ്ഞദിവസം ഐ, നോബഡി ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.

 

ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇത്രയും വലിയ പരാജയം ഐ, നോബഡി അര്‍ഹിക്കുന്നില്ലെന്നാണ് ഒ.ടി.ടി റിലീസിന് ശേഷമുള്ള പ്രതികരണങ്ങള്‍. രണ്ടാം പകുതി ചെറുതായിട്ടൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ വന്‍ വിജയമാകുമെന്നാണ് പലരുടെയും അഭിപ്രായം. ചിത്രത്തില്‍ എല്ലാവരും ഒരുപോലെ പ്രശംസിക്കുന്ന ഒന്നാണ് ഫൈറ്റ് സീനുകള്‍.

അഞ്ച് ആക്ഷന്‍ ഡയറക്ടര്‍മാര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഫൈറ്റ് സീനുകള്‍ അണിയിച്ചൊരുക്കിയത്. അതില്‍ എല്ലാവരും ഒരുപോലെ എടുത്തുപറയുന്നത് ലിഫ്റ്റ് ഫൈറ്റാണ്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന രാജീവന്‍ എന്ന കഥാപാത്രത്തിന്റെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറിയ സെക്യൂരിറ്റിയെ ലിഫ്റ്റില്‍ ഇട്ട് പെരുമാറുന്നുണ്ട്. ഈയടുത്ത കാലത്ത് കണ്ട ഗംഭീര ഫൈറ്റ് സീനാണിതെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

ക്ലോസ്ഡ് സര്‍ക്യൂട്ടില്‍ ഹാന്‍ഡ് ടു ഹാന്‍ഡ് കോമ്പാറ്റ് സീനുകള്‍ പ്രേക്ഷകര്‍ക്ക് കണക്ടാകുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ പ്രത്യേക കഴിവ് വേണം. ഐ, നോബഡിയില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ടെന്നും എന്നാല്‍ സിനിമക്ക് വിജയിക്കാനായിട്ടില്ലെന്നും കമന്റുകളുണ്ട്. നോബഡിക്ക് മുമ്പ് ഇതുപോലെ ലിഫ്റ്റ് ഫൈറ്റ് സീനുണ്ടായിരുന്ന പേട്രിയറ്റുമായി ചില താരതമ്യം ചെയ്യുന്നുണ്ട്.

മോഹന്‍ലാല്‍ അവതരിപ്പിച്ച കേണല്‍ റഹീം നായിക് ഇതുപോലെ ലിഫ്റ്റില്‍ വെച്ച് വില്ലന്മാരെ അടിച്ചിടുന്നുണ്ട്. ആ ഫൈറ്റിനെ നല്ല രീതിയില്‍ അവസാനിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടില്ല. ഐ, നോബഡിയില്‍ ഫൈറ്റ് ഗംഭീരമായിരുന്നെങ്കിലും സിനിമ ശരാശരിയിലൊതുങ്ങി. ലിഫ്റ്റില്‍ വെച്ച് ഫൈറ്റ് നടത്തിയ രണ്ട് മലയാള സിനിമകളും പരാജയമായെന്നാണ് ചില പോസ്റ്റുകള്‍.

100 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ പേട്രിയറ്റ് ബജറ്റ് പോലും തിരിച്ചുപിടിക്കാതെയാണ് കളംവിട്ടത്. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം പ്രേക്ഷകരെ പാടെ നിരാശരാക്കിയിരുന്നു.

Content Highlight: Lift fights in I Nobody and Patriot movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം