ഒരിക്കലും തോക്കെടുത്തിട്ടില്ലാത്ത അധോലോക നായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോംബെ എന്ന മഹാനഗരം മുംബൈ ആയി മാറുന്നതിനും മുന്‍പുള്ള കാലം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ഭാഗ്യാന്വേഷികള്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി ബോംബെ എന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് വണ്ടികയറിയിരുന്ന 1970കള്‍. തുറമുഖങ്ങള്‍ വഴി വജ്രവും സ്വര്‍ണവും ഒഴുകിയെത്തിയിരുന്ന, സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള കിടമത്സരങ്ങളുടെ കഥ പറയാനുണ്ടായിരുന്ന അന്നത്തെ ബോംബെയ്ക്ക്, കിരീടം വയ്ക്കാത്ത ചില രാജാക്കന്മാരുമുണ്ടായിരുന്നു. അവര്‍ക്കായി തീരത്തെത്തുന്ന ചരക്കുകള്‍ കസ്റ്റംസ് പരിശോധനകളില്ലാതെ തന്നെ നഗരത്തിലെ ഗോഡൗണുകളിലെത്തിച്ചേര്‍ന്നു.

രാഷ്ട്രീയക്കാര്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും സ്വാധീനമുണ്ടായിരുന്ന അവര്‍, ബോംബെയെ തങ്ങളുടെ കൈകളിലെ കളിപ്പാട്ടം പോലെ ചലിപ്പിച്ചു. ബോംബെ അധോലോകം എന്ന സമാന്തരലോകത്തിന്റെ ഭരണകര്‍ത്താക്കളായി അവര്‍ എതിരില്ലാതെ വാണു. എന്നാല്‍, ആരും അന്നേവരെ കൈവയ്ക്കാന്‍ മുതിര്‍ന്നിട്ടില്ലാത്ത ഈ നിയമവിരുദ്ധ ചരക്കുനീക്കത്തില്‍, ഒരിക്കല്‍ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടു. മുബൈയിലെ തുറമുഖങ്ങളില്‍ വന്നെത്തുന്ന കപ്പലുകളില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണബിസ്‌കറ്റുകള്‍ അയാള്‍ കണ്ടെത്തി പിടിച്ചെടുത്തു. ഒരിക്കലല്ല, പലതവണ. അയാളുടെ സുരക്ഷയെക്കുറിച്ചോര്‍ത്തു ഭയന്ന സഹപ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചു, ‘കണ്ണടയ്ക്കുന്നതാണ് നല്ലത്. ഇത് മസ്താന്റെ സ്വര്‍ണമാണ്’. തന്റെ ജോലിയോട് ആത്മാര്‍ത്ഥതയുണ്ടായിരുന്ന ആ ഉദ്യോഗസ്ഥന്‍ ഭയന്നെങ്കിലും, വഴങ്ങാന്‍ തയ്യാറായില്ല.

പണവും വിലപിടിപ്പുള്ള പല സമ്മാനങ്ങളുമായി മസ്താന്റെ ആളുകള്‍ അയാളെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഓരോ തവണ മസ്താന്റെ ആളുകളെ തിരിച്ചയയ്ക്കുമ്പോഴും, അടുത്തതായി തന്നെ തേടിയെത്തുന്നത് വെടിയുണ്ടകളായിരിക്കുമെന്ന് അയാള്‍ മനസ്സില്‍ ഉറപ്പിച്ചു. എന്നാല്‍, ദിവസങ്ങള്‍ക്കു ശേഷം അയാള്‍ക്ക് ലഭിച്ചത് സ്ഥലംമാറ്റത്തിനുള്ള ഉത്തരവായിരുന്നു. പാതി നിരാശയോടെയും പാതി ആശ്വാസത്തോടെയും അയാള്‍ നഗരത്തില്‍ നിന്നും യാത്രയാകാനൊരുങ്ങി. മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലെ ബോര്‍ഡിംഗ് ഗേറ്റിനരികെ അയാള്‍ കാത്തിരിക്കേ, പുറത്ത് ഒരു മെഴ്‌സിഡസ് ബെന്‍സ് ചീറിപ്പാഞ്ഞെത്തി.

അനേകം അനുവാചകര്‍ക്കൊപ്പം, കാറില്‍ നിന്നും തൂവെള്ള നിറത്തിലുള്ള ഡിസൈനര്‍ സ്യൂട്ട് ധരിച്ച ഒരാള്‍ പുറത്തിറങ്ങി. പിറകോട്ട് കോതിയൊതുക്കിയ തലമുടി. മുഖത്ത് ഒരു വിജയിയുടെ ശാന്തഭാവം. ചുണ്ടില്‍ എരിയുന്ന വിലകൂടിയ 555 സിഗരറ്റ്. അമ്പരന്നു നില്‍ക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനു നേരെ നോക്കി പുഞ്ചിരിച്ച്, യാത്രാമംഗളങ്ങള്‍ നേരുന്നതു പോലെ അയാള്‍ കൈവീശി. തന്നെ ബോംബെയില്‍ നിന്നും സ്ഥലംമാറ്റിയ ശേഷം വിജയം സ്ഥാപിക്കാനായി വിമാനത്താവളത്തില്‍ നേരിട്ടെത്തിയ അധോലോക നായകന്‍ മസ്താന്‍ ഭായിയെ ഭയം കലര്‍ന്ന കൗതുകത്തോടെ നോക്കി നില്‍ക്കാനേ അയാള്‍ക്കു കഴിഞ്ഞുള്ളൂ. ആരാണ് ബോംബെയുടെ യഥാര്‍ത്ഥ ബാദ്ഷാ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും നഗരത്തിനും മുന്നില്‍ തെളിയിക്കേണ്ടത് മസ്താന്‍ ഭായിയുടെ ആവശ്യമായിരുന്നു.

മസ്താന്‍ ഭായി എന്ന ഹാജി മസ്താന്‍. രക്തരൂഷിതമായ ബോംബെ അധോലോകത്തിന്റെ ചരിത്രത്തില്‍, തോക്കെടുക്കാതെ, വെടിയുതിര്‍ക്കാതെ ഡോണ്‍ ആയിമാറിയയാള്‍. എല്ലാ അധോലോകനേതാക്കളും മസ്താനെപ്പോലെയായിരുന്നെങ്കില്‍, ബോംബെയിലെ ഗലികളില്‍ സമാധാനം പുലര്‍ന്നേനെ എന്ന് പലപ്പോഴും പൊലീസുദ്യോഗസ്ഥര്‍ നെടുവീര്‍പ്പിട്ടു. ചെയ്യുന്ന തൊഴില്‍ നിയമവിരുദ്ധമാണെങ്കിലും, പൊതുജനത്തിന് ഒരിക്കലും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് നിര്‍ബന്ധമായിരുന്നു മസ്താന്.

ബിസിനസുകളില്‍ നൂറു ശതമാനം കൃത്യത പുലര്‍ത്തിയ, ലാഭത്തില്‍ ഒരു വിഹിതം നഗരങ്ങളിലെ കൂലിപ്പണിക്കാരും തൊഴിലാളികളുമായ ദരിദ്രര്‍ക്കായി മാറ്റിവച്ച മസ്താന്‍. രാജ്യത്തെ ഏറ്റവും വലിയ കുറ്റത്യമായ കള്ളക്കടത്ത് നടത്തുമ്പോഴും ചെയ്യുന്ന ജോലിയില്‍ തന്നോടൊപ്പം പങ്കാളികളാകുന്നവരെ ഒരു കാലത്തും ചതിക്കാതെ നീതിയും മാന്യതയും കാത്തുസൂക്ഷിച്ചയാള്‍, രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളായ മുസ്ലിങ്ങളെയും ദളിതരെയും സംഘടിപ്പിച്ച് രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച അധോലോക നായകന്‍, അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ തടവുകാരന്‍, പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ജയപ്രകാശ് നാരയണന്റെ സുഹൃത്ത്, ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ പ്രിയപ്പെട്ടവന്‍ അങ്ങനെ പലതുമായിരുന്നു ജീവിതത്തില്‍ ഹാജി മസ്താന്‍…

അധോലോക രാജാക്കന്‍മാര്‍ക്കിടയിലെ മധ്യസ്ഥനായിരുന്ന മസ്താന്‍, ബോംബെയിലെ സാധാരണക്കാര്‍ക്ക് ‘സുല്‍ത്താനാ’യിരുന്നു. ഹാജി മസ്താന്‍ – കരിം ലാല – വരദരാജമുതലിയാര്‍ ത്രയങ്ങള്‍ ബോംബെ ഭരിച്ചിരുന്ന കാലത്തും, മസ്താന്‍ തന്നെയായിരുന്നു അനിഷേധ്യനായ അധോലോക നായകന്‍. ബോംബെയ്ക്ക് മസ്താനോടുള്ള വിധേയത്വം അയാളുടെ പണവും പ്രതാപവും കൊണ്ടുമാത്രം ഉണ്ടായതായിരുന്നില്ല. നഗരം അന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ആവേശകരമായ വളര്‍ച്ചയുടെ കഥയാണ് മസ്താന്റേത്. മസ്ഗാവ് തുറമുഖത്തെ ചുമട്ടുകാരനില്‍ നിന്നും ബോംബെ നഗരത്തെ നിയന്ത്രിക്കുന്ന ബാദ്ഷാ ആയി മാറിയ ഒരു തമിഴ്‌നാട്ടുകാരന്റെ കഥ.

കടലൂരില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള പനായിക്കുളം എന്ന ഗ്രാമത്തില്‍ 1926 മാര്‍ച്ച് 1 നാണ് മസ്താന്‍ ഹൈദര്‍ മിര്‍സ ജനിക്കുന്നത്. മസ്താന്റെ പിതാവ് ഹൈദര്‍ മിര്‍സ ഒരു കര്‍ഷകനായിരുന്നു. ദാരിദ്ര്യത്തില്‍ നിന്നും ദാരിദ്രത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന കുടുംബത്തെ കരകയറ്റാന്‍ തന്നാലാവുന്നത്ര ഹൈദര്‍ മിര്‍സ ശ്രമിച്ചു.

ഒടുവില്‍, ജീവിതം തമിഴ്‌നാട്ടില്‍ നിന്നും ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനത്തേക്ക് പറിച്ചുനടാന്‍ അയാള്‍ തീരുമാനിച്ചു. നല്ലൊരു ഭാവി തേടി ദക്ഷിണേന്ത്യയില്‍ നിന്നും ആയിരക്കണക്കിന് യുവാക്കള്‍ ബോംബെയിലേക്ക് കുടിയേറിയ കാലത്താണ് മസ്താനും പിതാവിനൊപ്പം ആദ്യമായി ആ നഗരത്തില്‍ കാലുകുത്തുന്നത്. എട്ടു വയസ്സായിരുന്നു അന്ന് മസ്താനു പ്രായം. ബോംബെയിലെത്തിയ ഹൈദര്‍ മിര്‍സ ജീവിക്കാനായി പല ജോലികളും ചെയ്തുനോക്കി. ഒടുവില്‍, ഏറെക്കാലത്തെ പരിശ്രമത്തിനു ശേഷം ബംഗാളിപുരയില്‍ ക്രൗഫോര്‍ഡ് മാര്‍ക്കറ്റിനു തൊട്ടരികിലായി ചെറിയൊരു സൈക്കിള്‍ റിപ്പയര്‍ കട തുടങ്ങാന്‍ അയാള്‍ക്കു കഴിഞ്ഞു. മസ്താന്‍ കടയില്‍ പിതാവിന്റെ സഹായിയായി. രാവിലെ എട്ടുമണി മുതല്‍ രാത്രി ഏറെ വൈകുന്നതു വരെ ആ അച്ഛനും മകനും ജോലിചെയ്തു.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കുള്ള നടത്തത്തിനിടയില്‍, തെക്കന്‍ ബോംബെയിലെ അതിസമ്പന്നരുടെ ജീവിതം പലപ്പോഴും മസ്താന്‍ തൊട്ടരികില്‍ കാണുമായിരുന്നു. ഗ്രാന്‍ഡ് റോഡിലെ സിനിമാതിയേറ്ററുകളില്‍ വന്നിറങ്ങുന്ന ധനികരായ ബിസിനസുകാരുടെ തിളങ്ങുന്ന വസ്ത്രങ്ങളും, അവരേയും വഹിച്ചുകൊണ്ട് ചീറിപ്പായുന്ന വിലകൂടിയ കാറുകളും, മലബാര്‍ ഹില്ലിലെ പടുകൂറ്റന്‍ ബംഗ്ലാവുകളുമെല്ലാം ആ കൊച്ചുപയ്യന്റെ മനസ്സില്‍ വലിയ സ്വപ്നങ്ങള്‍ക്ക് വിത്തുപാകി.

എന്നെങ്കിലുമൊരുനാള്‍ അവരെപ്പോലെ കാറുകളില്‍ സഞ്ചരിക്കാനും ബംഗ്ലാവുകളില്‍ താമസിക്കാനും തനിക്കായെങ്കില്‍ എന്ന് അവന്‍ ആശിച്ചു തുടങ്ങി. വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത, പറയത്തക്ക കഴിവുകളൊന്നുമില്ലാത്ത, അന്യനാട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ രാപ്പകല്‍ കഷ്ടപ്പെടുന്ന തനിക്ക് അതിനാകുമോ എന്ന ചോദ്യവും മസ്താന്‍ അതിനൊപ്പം സ്വയം ചോദിച്ചു. മസ്താന്റെ സ്വപ്നങ്ങള്‍ പക്ഷെ, മസ്താനൊപ്പം തന്നെ വളരുകയാണ് ചെയ്തത്.

പതിനെട്ടു വയസ്സായതോടെ, പറയത്തക്ക ലാഭമില്ലാത്ത സൈക്കിള്‍ കടയില്‍ നിന്നും മാറി മറ്റെന്തെങ്കിലും ചെയ്യാന്‍ മസ്താന്‍ തീരുമാനിച്ചു. മസ്ഗാവ് തുറമുഖത്തെ ചുമട്ടുതൊഴിലാളിയായായിരുന്നു പുതിയ രംഗപ്രവേശനം. വിദേശരാജ്യങ്ങളില്‍ നിന്നും കപ്പലുകളിലെത്തുന്ന ചരക്കുകള്‍ കണ്ടെയിനറുകളില്‍ നിന്നും തലച്ചുമടായി ഇറക്കിവയ്ക്കുന്നതായിരുന്നു മസ്താന്റെ തൊഴില്‍. ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന അന്നത്തെ ബോംബെയില്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കനത്ത നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കപ്പലുകളിലെത്തിയിരുന്ന ട്രാന്‍സിസ്റ്റര്‍ റേഡിയോ, വിദേശനിര്‍മിത വാച്ചുകള്‍ എന്നിവയ്ക്കാകട്ടെ, ബോംബെയിലെ സമ്പന്നരുടെയിടയില്‍ വലിയ പ്രിയവുമാണ്.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൈയില്‍ അകപ്പെടാതെ ഇത്തരം വസ്തുക്കള്‍ തുറമുഖത്തിനു പുറത്തെത്തിച്ചാല്‍, നികുതിയിനത്തില്‍ വ്യാപാരികള്‍ക്ക് വലിയ ലാഭമുണ്ടാകും. ഇവ പുറത്തെത്തിക്കാന്‍ സഹായിക്കുന്ന ചുമട്ടുതൊഴിലാളിയ്ക്ക് ഈ ലാഭത്തിലൊരു വിഹിതം കൈപ്പറ്റാം. മസ്താനും മറ്റു ചുമട്ടുതൊഴിലാളികള്‍ക്കൊപ്പം ഇത്തരം അനധികൃത കടത്തുകള്‍ക്ക് സഹായിക്കാനാരംഭിച്ചു. ശമ്പളത്തിനു പുറമേ മാസം പതിനഞ്ചു രൂപ വരെ മസ്താന്‍ ഇത്തരത്തില്‍ സമ്പാദിച്ചു തുടങ്ങി. അയാളുടെ വലിയ സ്വപ്നത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി മാത്രമായിരുന്നു അത്.

അറബ് വ്യാപാരിയായ ഷൈഖ് മുഹമ്മദ് അല്‍ ഗാലിബിനെ പരിചയപ്പെടുന്നതോടെയാണ് മസ്താന്റെ ജീവിതത്തിലെ അടുത്ത അധ്യായം തുടങ്ങുന്നത്. ചുമട്ടുതൊഴിലാളികള്‍ വഴി നടക്കുന്ന ചെറുകിട കടത്തില്‍ നിന്നും അല്പം കൂടി വളര്‍ന്ന്, ബോംബെ തുറമുഖം വഴി വലിയ തോതില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതി ഗാലിബിനുണ്ടായിരുന്നു. അതിനായി ഒപ്പം കൂട്ടാന്‍ ഊര്‍ജ്ജസ്വലനായ ഒരു സഹായിയെ തേടിയ ഗാലിബിന്റെ കണ്ണില്‍ മസ്താന്‍ ഉടക്കി. തലക്കെട്ടിലും വസ്ത്രത്തിനിടയിലും വിദഗ്ധമായി ഒളിപ്പിച്ച്, മസ്താന്‍ ഗാലിബിനുവേണ്ടി സ്വര്‍ണബിസ്‌കറ്റുകള്‍ കടത്തിത്തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ മസ്താന്റെ വരുമാനം പതിനഞ്ചു രൂപയില്‍ നിന്നും അമ്പതുരൂപയായി ഉയര്‍ന്നു. അറബിയുമായുള്ള ബന്ധം മസ്താനെ തുറമുഖത്തെ തൊഴിലാളികള്‍ക്കിടയില്‍ പ്രമുഖനും പൊതുസമ്മതനുമാക്കി.

അതിനിടെയാണ് തുറമുഖത്തെ കൂലിത്തൊഴിലാളികളില്‍ നിന്നും ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന ഷേര്‍ഖാന്‍ പത്താന്‍ എന്ന ഗുണ്ടാസംഘത്തലവനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നത്. ചുമട്ടുകാരില്‍ നിന്നും പത്താന്റെയാളുകള്‍ പണം പിടിച്ചുപറിക്കുന്നത് സ്ഥിരം സംഭവമായിരുന്നു. എതിര്‍ക്കുന്നവരെയെല്ലാം അവര്‍ നിര്‍ദ്ദയം തല്ലിച്ചതച്ചു. മസ്ഗാവ് തുറമുഖത്തെ തൊഴിലാളികള്‍ സംഘടിതരായിരുന്നില്ല.

മസ്താന്‍ ആദ്യമായി അവരെ ഒന്നിച്ചുവിളിച്ചു ചേര്‍ത്ത് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു. പത്താന്റെ സംഘാംഗങ്ങളേക്കാളുമധികം ചുമട്ടുതൊഴിലാളികളുണ്ടായിട്ടും, ഭാരം ചുമന്ന് തഴമ്പിച്ച കരുത്തുറ്റ കൈകളുണ്ടായിട്ടും, തിരിച്ചടിക്കാതിരിക്കുന്നത് എന്തിനാണെന്ന് മസ്താന്‍ അവരോടു ചോദിച്ചു. അടുത്ത ദിവസം പതിവുപോലെ പിരിവിനെത്തിയ പത്താന്, തുറമുഖത്ത് കാലുകുത്തിയതും എന്തോ പന്തികേടു മണത്തു. പണവുമായി വരിനിന്നിരുന്ന ചുമട്ടുകാരില്‍ അന്ന് പത്തുപേരുടെ കുറവുണ്ടായിരുന്നു. എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കും മുന്നേ മസ്താന്‍ ആ പത്തു ചുമട്ടുതൊഴിലാളികള്‍ക്കൊപ്പം പത്താന്റെ സംഘത്തിനു മേല്‍ ചാടിവീണു. ചോരയൊലിക്കുന്ന ശരീരവുമായി പത്താനും സംഘത്തിനും തുറമുഖം വിട്ട് ഓടിരക്ഷപ്പെടേണ്ടിവന്നു. അതോടെ മസ്താന്‍ എന്ന പേര് ബോംബെ നഗരത്തിലെ കൂലിത്തൊഴിലാളികള്‍ക്കിടയില്‍ മുഴങ്ങിക്കേട്ടു തുടങ്ങി. അവരവനെ തങ്ങളുടെ നേതാവായി അവരോധിച്ചു. മസ്താന്‍ അവര്‍ക്ക് മസ്താന്‍ ഭായിയായി.

ഇതിനോടകം ഗാലിബിന്റെ സഹായി എന്നതില്‍ നിന്നും മാറി ബിസിനസുകളില്‍ പങ്കുവഹിക്കുന്ന സ്ഥാനത്തേക്ക് മസ്താന്‍ ഉയര്‍ന്നിരുന്നു. കൂലിയ്ക്കു വേണ്ടിയുള്ള ജോലി അവസാനിപ്പിച്ച് ഗാലിബിന്റെ വരുമാനത്തില്‍ പത്തു ശതമാനം മസ്താന്‍ പ്രതിഫലമായി വാങ്ങിത്തുടങ്ങി. സ്വര്‍ണത്തിന്റെ മൂല്യം എങ്ങനെ തിട്ടപ്പെടുത്താമെന്നും ലോക്കല്‍ മാര്‍ക്കറ്റുകളില്‍ എങ്ങിനെ വിറ്റഴിക്കാമെന്നും പഠിച്ചു. 1950ല്‍ ബോംബെയില്‍ മദ്യനിരോധനം വന്നതോടെ, ഗാലിബിന്റെയും മസ്താന്റെയും കൂട്ടുകച്ചവടം പ്രതീക്ഷിക്കാത്തത്ര ലാഭം കൊയ്തു തുടങ്ങി. പക്ഷേ, അവരുടെ സുവര്‍ണകാലം അധികം നീണ്ടില്ല.

ഒരു കള്ളക്കടത്തിനിടയില്‍ ഗാലിബിനെ കസ്റ്റംസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. തന്റെ സ്വപ്നങ്ങളിലേക്കുള്ള വാതില്‍ എന്നെന്നേക്കുമായി അടഞ്ഞുവെന്ന് മസ്താന്‍ കരുതി. അയാള്‍ വീണ്ടും ചുമട്ടുതൊഴിലും ചെറുകിട കടത്തുമായി വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി. ശിക്ഷ കഴിഞ്ഞ് ഗാലിബ് പുറത്തിറങ്ങാന്‍ മൂന്നു വര്‍ഷമെടുത്തു. പുറത്തിറങ്ങിയ ഗാലിബിന് സമ്പാദ്യമെല്ലാം കേസുനടത്തി നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. താന്‍ കെട്ടിപ്പടുത്തുകൊണ്ടിരുന്ന സാമ്രാജ്യം തകര്‍ന്നടിഞ്ഞ ദുഃഖത്തില്‍ പകച്ചു നിന്ന ഗാലിബിനെത്തേടി മസ്താനെത്തി. മദന്‍പുരയിലെ ചേരിയിലുള്ള തന്റെ ചെറിയ വീട്ടിലേക്ക് അയാള്‍ ഗാലിബിനെ കൂട്ടിക്കൊണ്ടുവന്നു. ആ ഒറ്റമുറി വീടിനകത്തെ മുഷിഞ്ഞ തുണിക്കൂമ്പാരത്തിനടിയില്‍ നിന്നും ഒരു പഴയ തടിപ്പെട്ടി മസ്താന്‍ പുറത്തെടുത്തു. ഗാലിബിന്റെ മുന്നില്‍ വച്ച് അയാള്‍ ആ പെട്ടി തുറന്നു. നിറയെ അടുക്കിവച്ച സ്വര്‍ണബിസ്‌കറ്റുകളായിരുന്നു ആ പെട്ടിയില്‍.

ഗാലിബ് അറസ്റ്റിലായ ദിവസങ്ങളിലൊന്നില്‍, ഗാലിബിന്റെ പേരില്‍ തുറമുഖത്തെത്തിയ ചരക്കായിരുന്നു ആ പെട്ടി. മൂന്നു വര്‍ഷം തന്റെ വീട്ടില്‍ മസ്താന്‍ ആ പെട്ടി സൂക്ഷിച്ചുവച്ചു, ഗാലിബ് പുറത്തിറങ്ങുമ്പോള്‍ ഒരു തരിപോലും കുറയാതെ തിരിച്ചേല്‍പ്പിക്കാന്‍. പതിനെട്ടുവയസ്സില്‍ തൊഴിലന്വേഷിച്ച് നഗരത്തിലേക്കിറങ്ങാന്‍ തീരുമാനിച്ച തനിക്ക്്, അന്ന് തന്റെ പിതാവ് നല്‍കിയ ഉപദേശം മസ്താന്‍ ജീവിതത്തിലൊരിക്കലും മറന്നിരുന്നില്ല. എന്തു ജോലി ചെയ്താലും ആത്മാര്‍ത്ഥമായി മാത്രം ചെയ്യുക, മറ്റുള്ളവരെ ചതിയ്ക്കുകയോ വഞ്ചിക്കുകയോ ചെയ്യാതിരിക്കുക – മസ്താന്‍ അവസാന കാലം വരെ പിന്തുടര്‍ന്ന പാഠങ്ങളായികരുന്നു അത്. ഗാലിബിന്റെ സ്വര്‍ണം ആരുമറിയാതെ തട്ടിയെടുക്കാമായിരുന്നിട്ടും മസ്താന്‍ അതിനു മുതിരാതിരുന്നതും അതുകൊണ്ടുതന്നെയായിരുന്നു. സന്തോഷവും അഭിമാനവും കൊണ്ട് കണ്ണുനിറഞ്ഞുപോയ ഗാലിബ്, സ്വര്‍ണത്തിന്റെ നേര്‍ പകുതി മസ്താനു നല്‍കി. അന്നു മുതല്‍ മസ്താന്‍ ഗാലിബിന്റെ ബിസിനസില്‍ പകുതി പങ്കിന്റെ ഉടമയായി.

ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍, മസ്താന്‍ ലക്ഷാധിപതിയായി മാറി. കൂലിത്തൊഴില്‍ മുഴുവനായും ഉപേക്ഷിച്ചു. ഗാലിബ് വിദേശരാജ്യങ്ങളില്‍ നിന്നും എത്തിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ മാര്‍ക്കറ്റിലെത്തിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചു. മസ്താന്‍ ഗാലിബിന്റെ സ്വര്‍ണം സൂക്ഷിച്ചതും, തിരികെ നല്‍കിയതുമായ വാര്‍ത്ത അതിനോടകം ബോംബെയുടെ ഗലികളില്‍ പരന്നിരുന്നു. കള്ളക്കടത്തുകാരുടെ വന്‍ സംഘങ്ങള്‍ക്കിടയിലും മസ്താനെക്കുറിച്ചുള്ള ആദരവ് അതോടെ വലിയ തോതില്‍ വര്‍ദ്ധിച്ചു. വിശ്വസിക്കാന്‍ കൊള്ളാവുന്ന ബിസിനസുകാരനായി മസ്താന്‍ അധോലോകവൃത്തങ്ങളില്‍ അറിയപ്പെട്ടു തുടങ്ങി. വലിയ തുകകള്‍ ഉള്‍പ്പെട്ട കച്ചവടങ്ങളില്‍ മസ്താനെ പങ്കാളിയാക്കാന്‍ ആരും മടിച്ചില്ല.

ഗാലിബിനു പുറമേ, സുകൂര്‍ നാരായണ്‍ ബഖിയ അടക്കമുള്ള മറ്റു കള്ളക്കടത്തുകാരുമായും മസ്താന്‍ കൂട്ടുകച്ചവടങ്ങളില്‍ ഏര്‍പ്പെട്ടു. ബിസിനസ് എതിരാളിയോടു തോന്നുന്ന മത്സരബുദ്ധിയല്ല, മറിച്ച് ഏതു സഹായത്തിനും സമീപിക്കാവുന്നയാളോടുള്ള വിശ്വാസമാണ് മസ്താനോട് അവര്‍ക്കുണ്ടായിരുന്നത്. സ്വപ്നം കണ്ട സമ്പത്തിലുമധികം മസ്താന്‍ പതിയെ കൈയെത്തിപ്പിടിച്ചു തുടങ്ങി. ബെന്‍സ് കാറുകളും ആഢംബര ഭവനങ്ങളും അയാള്‍ക്കുണ്ടായി. ബാല്യകാലത്ത് ഏറെ കൊതിയോടെ നോക്കിയിരുന്ന മലബാര്‍ ഹില്ലിലെ ബംഗ്ലാവുകളിലൊന്ന് അയാളുടെ സ്വന്തമായി.

സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖര്‍ അയാളെക്കാണാന്‍ കാത്തിരുന്നു. കച്ചവടക്കാരും കള്ളക്കടത്തുകാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ രക്തച്ചൊരിച്ചിലേക്കു നീങ്ങാതെ സംയമനത്തോടെ അയാള്‍ ഒത്തുതീര്‍പ്പാക്കി. ബോംബെ നഗരം എങ്ങനെ ചലിക്കണം എന്ന് മസ്താന്‍ തീരുമാനിക്കുന്ന കാലം വന്നു. അപ്പോഴും, സദാ മുഖത്തുള്ള സൗമ്യമായ പുഞ്ചിരി അയാള്‍ കൈവെടിഞ്ഞിരുന്നില്ല. നഗരത്തിലെ കൂലിത്തൊഴിലാളികള്‍ക്ക് അക്കാലത്തും അയാള്‍ രക്ഷകന്‍ തന്നെയായിരുന്നു. മസ്താന്റെ സമ്പത്തിന്റെ ഒരു പങ്ക് തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കും അവകാശപ്പെട്ടതായിരുന്നു. സാധാരണക്കാര്‍ക്കിടയില്‍ ഒരു റോബിന്‍ഹുഡ് പരിവേഷമായിരുന്നു മസ്താന്.

ബോംബെയുടെ ബാദ്ഷാ ആയി മാറണമെങ്കില്‍, പണം മാത്രം പോരെന്ന് അതിനോടകം മസ്താന്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു. നഗരത്തെ ഭരിക്കണമെങ്കില്‍, ബിസിനസുകള്‍ മുന്നോട്ടു പോകണമെങ്കില്‍, പണത്തിനൊപ്പം അധികാരവും കൈയൂക്കും വേണമായിരുന്നു. നേരിട്ട് അക്രമങ്ങളില്‍ പങ്കെടുക്കുകയോ ജീവനെടുക്കുകയോ ചെയ്യില്ലെന്ന് ശപഥം ചെയ്തിരുന്ന മസ്താന് സ്വന്തമായി ഗുണ്ടാസംഘങ്ങളോ ഗ്യാംഗുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍, കച്ചവടങ്ങള്‍ക്ക് സുരക്ഷയുറപ്പാക്കാന്‍ അത്തരം സംഘങ്ങളുടെ സഹായം ആവശ്യമാണുതാനും. ബോംബെ അധോലോകത്തില്‍ അക്കാലത്ത് നിലയുറപ്പിച്ചു തുടങ്ങിയിരുന്ന രണ്ടു പേരുടെ സഹായം ഇതിനായി മസ്താന്‍ തേടി. പത്താന്‍ സംഘത്തില്‍പ്പെട്ട കരിംലാലയും, തമിഴ്‌നാട്ടുകാരനായ വരദരാജ മുതലിയാര്‍ എന്ന വര്‍ദ ഭായിയും. മസ്താനൊപ്പം ഇരുവരും ചേര്‍ന്നതോടെ, ബോംബെ നഗരം കണ്ട ഏറ്റവും വലിയ ക്രിമിനല്‍ നെക്‌സസ് കെട്ടിപ്പടുക്കപ്പെട്ടു. ഈ മൂവര്‍സംഘം അക്ഷരാര്‍ത്ഥത്തില്‍ ബോംബെ ഭരിക്കുകയായിരുന്നു.

സിനിമയായിരുന്നു മസ്താന്റെ മറ്റൊരു ഭ്രമം. സിനിമാമേഖലയില്‍ അനവധി സുഹൃത്തുക്കളും മസ്താനുണ്ടായിരുന്നു. സിനിമാക്കാരുമായി പരിചയം സ്ഥാപിക്കാനും അത്താഴവിരുന്നുകള്‍ സംഘടിപ്പിക്കാനുമുള്ള ആഗ്രഹം മൂലം സിനിമാനിര്‍മാണത്തിലും മസ്താന്‍ ഒരു കൈ നോക്കിയിരുന്നു. സിനിമാക്കാരനായി അറിയപ്പെടാനും മസ്താന്‍ ആഗ്രഹിച്ചിരുന്നുവത്രേ.

സമാനമായ സൗഹൃദം മസ്താന്‍ ഉണ്ടാക്കിയെടുത്തിരുന്നു. ബോംബെയിലെ അടുത്ത തലമുറ അധോലോകനായകരായ ദാവൂദ് ഇബ്രാഹിം അടക്കമുള്ളവര്‍ അരങ്ങുകീഴടക്കുന്നതുവരെയുള്ള കാലഘട്ടം മസ്താന്റെ പ്രതാപകാലമായിരുന്നു. ദാവൂദ് ബോംബെ നഗരത്തില്‍ വേരുകളാഴ്ത്തിത്തുടങ്ങിയ കാലത്ത്, ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ചേരിപ്പോരു തടയാന്‍ മസ്താന്‍ നേരിട്ടിറങ്ങി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി. മസ്താന്റെ സുവര്‍ണകാലം അവസാനിച്ചതോടെ, ബോംബെയുടെ തെരുവുകളില്‍ രക്തമൊഴുകിത്തുടങ്ങുകയും ചെയ്തു.

അധോലോകനായകന്‍ എന്ന മേല്‍വിലാസം മാറ്റി, കൂടുതല്‍ ജനസമ്മിതി നേടാന്‍ മസ്താന്‍ ആഗ്രഹിച്ചിരുന്ന കാലത്താണ് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മിസാ നിയമം കൊണ്ടുവരുന്നത്. തെളിയിക്കപ്പെട്ട ഒരൊറ്റ കുറ്റകൃത്യം പോലും അന്നേവരെ മസ്താന്റെ പേരില്‍ ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് പക്ഷേ, മസ്താന്‍ അറസ്റ്റു ചെയ്യപ്പെട്ടു. മസ്താന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു ആ ജയില്‍വാസം.

പതിനെട്ടു മാസം മസ്താന്‍ ജയിലില്‍ കഴിച്ചുകൂട്ടി. സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണെ ഈ ദിവസങ്ങളിലാണ് മസ്താന്‍ പരിചയപ്പെടുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മസ്താന്റെ അന്നുവരെയുള്ള ജീവിതവീക്ഷണം പൊളിച്ചെഴുതാന്‍ ഈ കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞു. 1977ല്‍ ജയില്‍മോചിതനായ മസ്താന്‍ ആദ്യം ചെയ്തത് ഹജ്ജ് കര്‍മം നിര്‍വഹിക്കലാണ്. പൊതുജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ നന്നാക്കാനും, പുതിയൊരു ജീവിതം ആരംഭിക്കാനുമുള്ള ശ്രമമായിരുന്നു അത്. മസ്താന്‍ ഭായ് അങ്ങനെ ഹാജി മസ്താനായി. മുസ്ലിങ്ങളെയും ദളിതരെയും ഒന്നിച്ച് സംഘടിപ്പിച്ചുകൊണ്ട് ദളിത് മുസ്ലിം സുരക്ഷാ മഹാസംഘ് എന്ന പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയ്ക്കും മസ്താന്‍ രൂപംകൊടുത്തു. ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട് എന്നിങ്ങനെ പല മേഖലകളിലായി പല പുതിയ ബിസിനസുകള്‍ക്കും തുടക്കമിട്ടു. കള്ളക്കടത്തുകാരന്‍ എന്ന പേര് കഴുകിക്കളയാന്‍ മസ്താന്‍ തന്നാലാവുന്നതും ശ്രമിച്ചു. ബോംബെയ്ക്ക് പക്ഷേ, മസ്താന്‍ ഭായ് അപ്പോഴും ബാദ്ഷാ തന്നെയായിരുന്നു.

പുതിയ മേഖലകളിലേക്ക് ചേക്കേറാന്‍ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും, മസ്താന്‍ അധോലോക ബന്ധങ്ങള്‍ പാടേ ഉപേക്ഷിച്ചില്ല. ദാവൂദും സമകാലികരായ മറ്റു ഡോണുകളും കളം നിറഞ്ഞാടുമ്പോഴും, മസ്താന്‍ അവരുടെ സുല്‍ത്താനായിത്തന്നെ തുടര്‍ന്നു. 1994ല്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങുന്നതുവരെ, മസ്താന്‍ ബോംബെയുടെ ബാദ്ഷാ ആയിരുന്നു. ബോംബെ അധോലോകത്തിന്റെ ആദ്യത്തെ രാജാവ്. ഒരു തുള്ളി രക്തം വീഴ്ത്താതെ, കൂലിത്തല്ലുകാരുടെ സംഘത്തെ ഊട്ടിവളര്‍ത്താതെ, നയതന്ത്രം കൊണ്ടുമാത്രം ഒരു നഗരത്തെ പതിറ്റാണ്ടുകളോളം അടക്കിഭരിച്ച ഹാജി മസ്താന്‍. ആ നഗരമുള്ള കാലം വരെ, കുടിലില്‍ നിന്നും കൊട്ടാരത്തിലേക്കുള്ള ഹാജി മസ്താന്റെ യാത്രയുടെ കഥകളും ജീവിക്കും.