പീബെയുടെ പരിണാമം | രാജീവ് രാമചന്ദ്രന്‍
Lionel Messi
പീബെയുടെ പരിണാമം | രാജീവ് രാമചന്ദ്രന്‍
രാജീവ് രാമചന്ദ്രന്‍
Tuesday, 30th November 2021, 4:21 pm

‘അന്ത്യവിധിനാളില്‍ അന്നേവരെ ജീവിച്ചിരിക്കുന്ന പുരുഷാരമെല്ലാം ഫുട്‌ബോളിനെ കുറിച്ചു പറയാനായി ഒത്തുചേരും. ഒരാള്‍ പറയും, 1979 ല്‍ ഞാന്‍ ആംസ്റ്റര്‍ഡാമില്‍ വിദ്യാര്‍ത്ഥിയായിരുന്നു. മറ്റൊരാള്‍ അറുപത്തിരണ്ടില്‍ സാവോപോളോയില്‍ വാസ്തുശില്‍പിയായി പണിയെടുത്തിട്ടുണ്ടാവും, 87 ല്‍ നപ്പോളിയില്‍ കൗമാരം ചെലവിട്ട വേറൊരാളുണ്ടാവും അറുപത്തിയേഴില്‍ മോന്‍ഡെവിദെയോവിലേക്ക് കളികാണാന്‍ പോയിട്ടുണ്ടെന്ന് എന്റെ അച്ഛന്‍ ഗര്‍വു കാട്ടും.

1950 ലെ മാരക്കാനയിലെ നിശ്ശബ്ദത താന്‍ അനുഭവിച്ചിട്ടുണ്ടെന്ന് അതിനു പിന്നില്‍ നിന്നൊരാള്‍ പിറുപിറുക്കും. രാവേറും വരെ എല്ലാവരും അവരവരുടെ യുദ്ധകഥകള്‍ അഭിമാനത്തോടെ അവതരിപ്പിച്ചുകൊണ്ടിരിക്കും. ഏറ്റവുമൊടുവില്‍ പതുക്കെ എഴുന്നേറ്റ് ഞാന്‍ പറയും, നായും നരനുമായി അയാള്‍ കളിച്ചിരുന്ന കാലത്ത് ഞാന്‍ ബാഴ്‌സലോണയിലാണ് ജീവിച്ചതെന്ന്. അവിടെയപ്പോള്‍ കനത്ത നിശ്ശബ്ദത പെയ്യും. എല്ലാവരും തല താഴ്ത്തി നില്‍ക്കുമ്പോള്‍ അണിഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെടുന്ന ദൈവം ഇപ്രകാരം അരുളിച്ചെയ്യും, ഈ തടിയനു മാത്രം രക്ഷ, മറ്റുള്ളവര്‍ മഴയത്തു നില്‍ക്കട്ടെ.’

ഹെര്‍നന്‍ കാസിയാരി – അര്‍ജന്റൈന്‍ സ്പാനിഷ് എഴുത്തുകാരന്‍

It’s difficuilt to talk about Leo and put it into our words (sic)- Thierry Henry

ലിയൊണല്‍ ആന്ദ്രെസ് മെസ്സിയുടെ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും പഴയ കളി 1993 മെയ് മാസം 29 ന് വൈകുന്നേരം ഷൂട്ട് ചെയ്തിട്ടുള്ളതാണ്. അന്ന് മെസ്സിക്ക് ആറ് വയസ്സു തികഞ്ഞിട്ടില്ല. കാഴ്ചയില്‍ പക്ഷെ ഏതാണ്ട് നാലേ പറയൂ. അടവും ആസൂത്രണവുമൊന്നുമില്ലാത്ത കുട്ടിക്കൂട്ടത്തിന്റെ കളിയിലും പക്ഷെ ആ പത്താം നമ്പറുകാരനെ ആരും പെട്ടെന്ന് ശ്രദ്ധിക്കും. അവന്റെ കാലില്‍ നിന്ന് പന്ത് നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വമാണ്. കുറച്ചുകൂടി ശരീരവലുപ്പമുള്ള മറ്റുകുട്ടികളില്‍ നിന്ന് പന്ത് പിടിച്ചുവാങ്ങാനും പിന്നീടത് എതിര്‍ ടീമിന്റെ പോസ്റ്റിലെത്തിക്കും വരെ കാലില്‍ തന്നെ സൂക്ഷിക്കാനുമുള്ള അവന്റെ പാടവം ഇന്നത്തെ പോലെത്തന്നെ അന്നും പ്രകടമാണ്.

പത്തുപതിനൊന്നു മിനിറ്റു വരുന്ന ആ വീഡിയോയില്‍ മൂന്നോ നാലോ തവണ പന്ത് പോസ്റ്റിലെത്തിക്കുന്നുണ്ട് കുഞ്ഞുമെസ്സി. എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഗോള്‍മുഖത്തുവച്ച് പന്ത് സഹകളിക്കാര്‍ക്ക് പാസ്സ് ചെയ്യാന്‍ അവനൊട്ടും മടിയില്ലെന്നതാണ്. വ്യക്തത കൂട്ടിയെടുത്ത വീഡിയോയുടെ ശബ്ദരേഖയില്‍ ‘ലിയോ, അവര്‍ക്ക് കാട്ടിക്കൊടുക്ക്.. അതെ, അങ്ങനെത്തന്നെ’ എന്നെല്ലാം അവനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ത്രീശബ്ദം കേള്‍ക്കാമെന്ന് കറ്റാലന്‍ നോവലിസ്റ്റ് ജോര്‍ദി പുന്തി സാക്ഷ്യപ്പെടുത്തുന്നു. അത് മെസ്സിയുടെ അമ്മൂമ്മ സീലിയയുടെ ശബ്ദമാകാമെന്നാണ് ലെസ്സന്‍സ് ഇന്‍ സ്റ്റൈല്‍ എന്ന മെസ്സിപ്പുസ്തകത്തില്‍ പുന്തി പറയുന്നത്.

ജോര്‍ദി പുന്തിയുടെ മെസ്സി; ലെസ്സന്‍സ് ഇന്‍ സ്‌റ്റൈല്‍ എന്ന പുസ്തകം

മെസ്സിയുടെ കളികളുടെ ദൃശ്യാഖ്യാനത്തില്‍ പിന്‍തലത്തിലെ ശബ്ദസാന്നിധ്യമായി ‘റൊസ്സാരിയോയിലെ മുത്തശ്ശി’ ആദ്യമായി പ്രത്യക്ഷമാവുന്നതിവിടെയാവണം. ലിയോയുടെ കുട്ടിക്കാലകഥകളിലെ സ്ഥിരസാന്നിധ്യമായ മുത്തശ്ശി സീലിയ ഒലിവേയ്ര കുച്ചിത്തീനി 1998 ല്‍ അന്തരിച്ചു. മെസ്സിക്ക് ആദ്യമായി ഗ്രന്‍ദോല്‍ഫി ക്ലബിന്റെ (Grandoli) കുട്ടികളുടെ ടീമില്‍ കളിക്കാന്‍ അവസരമൊരുക്കിയതു മുതല്‍ കരുതലും പ്രോത്സാഹനവുമായി കൂടെ നിന്ന അമ്മൂമ്മയോടുള്ള ആദരസൂചകമായാണ് ഓരോ ഗോളിനു ശേഷവും മെസ്സി ആകാശത്തേക്ക് ഇരുകൈകളും ചൂണ്ടുന്നതെന്ന് അറിയാത്തവര്‍ കുറയും.

1994 മെയ് മാസത്തില്‍ ചിത്രീകരിച്ചിട്ടുള്ള മറ്റൊരു വിഡിയോയില്‍ ന്യൂള്‍സ് ഓള്‍ഡ് ബോയ്‌സിന്റെ പത്താം നമ്പര്‍ ജേഴ്‌സിയില്‍ മെസ്സിയെ കാണുമ്പോള്‍ പന്തിന്മേലുള്ള അവന്റെ നിയന്ത്രണം പതിന്‍മടങ്ങ് വര്‍ദ്ധിച്ചിട്ടുള്ളതായി വ്യക്തമാവും. മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോള്‍ മെസ്സി ആദ്യമായി പുന:സൃഷ്ടിക്കുന്നത് ഹെതാഫെക്കെതിരെ 2007 ലെ കോപ്പാ ദെല്‍ റേയിലല്ലെന്നും ഈ വീഡിയോ കണ്ടാല്‍ മനസ്സിലാകും. എട്ടാം വയസ്സില്‍ നാലോ അഞ്ചോ എതിരാളികളെ വെട്ടിച്ചു മുന്നേറുന്ന മെസ്സിയുടെ ശരീരചലനങ്ങളും ഓട്ടവും സവിശേഷമാണ്. അക്കൊല്ലം മാര്‍ച്ചിലാണ് ഗ്രന്‍ദോല്‍ഫി വിട്ട് ലിയോ ന്യൂള്‍സില്‍ ചേരുന്നത്.

മെസ്സിയുടെ കുട്ടിക്കാലം

1997 ല്‍ സാന്താ ഫെയിലെ ഒരു ഉള്‍നാടന്‍ മൈതാനത്ത് പുയാത ക്ലബ്ബിനെതിരെ ഹാട്രിക് നേടുന്ന മെസ്സിയാണ് മറ്റൊരു ദൃശ്യത്തിലുള്ളത്. കളിതീരാന്‍ എട്ടുമിനിറ്റ് ബാക്കിയുള്ളപ്പോഴാണ് അതുവരെ രണ്ടു ഗോളിന് പിന്നില്‍ നിന്നിരുന്ന ന്യൂള്‍സിനെ മെസ്സി തനിച്ച് വിജയത്തിലെത്തിച്ചതെന്ന് അന്ന് കൂടെക്കളിച്ചിരുന്ന ഹെറാര്‍ദോ ഗ്രിഗീനി പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കളത്തിലും പുറത്തും ഒരക്ഷരം മിണ്ടാത്ത മെസ്സി ഗോളടിക്കുമ്പോള്‍ മാത്രമാണ് ശബ്ദിച്ചിരുന്നതെന്നാണ് കൂട്ടുകാരുടെ ഭാഷ്യം. ഗോളവസരം ലഭിക്കുമ്പോള്‍ പാസ്സ് ചെയ്യാത്ത കൂട്ടുകാരോടാണ് വഴക്കിടാറുള്ളതെന്നും.

പിന്നീട് പലവട്ടം ബാഴ്‌സ കുപ്പായത്തില്‍ ലാ മാസിയയുടെ മൈതാനത്ത്, നമ്മളവനെ കണ്ടു- ബാഴ്‌സലോണയിലെ പത്താം നമ്പറിലേക്കെത്താന്‍ കുറെ വര്‍ഷങ്ങളെടുത്തുവെങ്കിലും 1993 ലെ വീഡിയോയില്‍ കാണുന്ന മെസ്സിയുടെ ശരീരഭാഷക്കും നീക്കങ്ങളുടെ സവിശേഷമായ താളത്തിനും 2021 ലും മാറ്റമൊന്നുമില്ല.

റൊസ്സാരിയോവിലെ ഒരു പോത്രേറോയില്‍ പന്തു തട്ടുന്ന ആറു വയസ്സുകാരനില്‍ നിന്ന്, പാരീസിലെ പാര്‍ക് ഡി പാസ്സില്‍ പാരീസാന്‍ ജേര്‍മാന്‍ ജേഴ്‌സിയില്‍ പരിശീലനം നടത്തുന്ന മുപ്പത്തിനാലുകാരനിലെത്തി നില്‍ക്കുന്ന ലിയോ മെസ്സിയുടെ ചുരുങ്ങിയത് ഇരുപത്തെട്ടു വര്‍ഷത്തെയെങ്കിലും കളിയും ജീവിതവും നമുക്കു മുന്നില്‍ ദൃശ്യരേഖകളായി ലഭ്യമാണെന്നര്‍ത്ഥം. മെസ്സിയുടെ പുരാവൃത്തങ്ങള്‍ പോലും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് വാമൊഴിയിലോ വരമൊഴിയിലോ അല്ല, തിരയിലും തിരമൊഴിയിലുമാണ്. ഇത്ര സൂക്ഷ്മമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള മറ്റൊരു ഫുട്‌ബോള്‍ കളിക്കാരന്‍ വര്‍ത്തമാനകാലത്തുണ്ടാവില്ല.

അതിനു കാരണം ഒരു പക്ഷെ മകന്റെ സിദ്ധികളെ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ ഹോര്‍ഹെ മെസ്സിയെന്ന പിതാവോ, സീലിയ ഒലിവേയ്ര എന്ന മുത്തശ്ശിയോ പൊതുവേ ഫുട്‌ബോളിനോട് അതി വൈകാരികമായ അടുപ്പമുള്ള റൊസ്സാരിയന്‍ ജനതയോ ആവാം. മെസ്സിയുടെ മധ്യവര്‍ഗ്ഗ ജീവിത പശ്ചാത്തലവും ഇതിലൊരു പ്രധാന ഘടകമാണ്. മെസ്സിയുടെ ഐതിഹ്യ സമാനമായ ബാല്യകാലകഥകള്‍ പക്ഷെ മറഡോണയുടേതു പോലെ അതിന്ദ്രീയാനുഭവങ്ങളാല്‍ സമ്പന്നമല്ല. നേരെമറിച്ച് കുടുംബാംഗങ്ങളും കൂട്ടുകാരും കോച്ചും ഡോക്ടര്‍മാരുമെല്ലാമടങ്ങുന്ന യഥാതഥമായ ജീവിതാനുഭവങ്ങളാണ് കഥകളായി മാറിയിട്ടുള്ളത്.

മെസ്സി മുത്തശ്ശി സീലിയ ഒലിവേയ്രയോടൊപ്പം

ആഖ്യാതാക്കളുടെ വീക്ഷണമനുസരിച്ച് ഒരേ കഥക്കു തന്നെ വ്യത്യസ്തങ്ങളായ ആഖ്യാനങ്ങളുണ്ടായെന്ന് മാത്രം. എല്ലാ കഥകളുടേയും പൊതുഘടകമായ മെസ്സിയുടെ അസാധാരണ പ്രതിഭയാണ് നിത്യജീവിത നിമിഷങ്ങളെ തിളക്കമുറ്റതാക്കുന്നത്. മറഡോണയുടെ ജനനസമയത്ത് ക്രിസ്തുജയന്തിയെ ഓര്‍മ്മിപ്പിക്കും വിധം ധ്രുവനക്ഷത്രമുദിച്ചുവെന്നും, ഫൂട്‌ബോളിനാല്‍ ലോകം കീഴടക്കാനുള്ള നിയോഗവുമായി ജനിച്ച ദ്യേഗോ കാലുകള്‍ മാത്രം അനക്കിയാണ് ഭൂമിയിലെത്തിയതെന്നും മറ്റുമുള്ള കല്‍പിതാഖ്യാനങ്ങള്‍ മെസ്സിയെ കുറിച്ച് കേട്ടിട്ടില്ല.

ജനനത്തീയതി ഒരു മൂന്നുമാസം മുന്നോട്ടു പോയെന്നതിനാല്‍ അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദപുത്രനെന്ന വിശേഷണം മെസ്സിക്ക് നഷ്ടമായെന്ന് ജോര്‍ദി പുന്തിയും, ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും ഫോര്‍സെപ്‌സ് ഉപയോഗിക്കുക പോലും വേണ്ടിവന്നിട്ടില്ലാത്തത്ര സ്വാഭാവികമായാണ് സീലിയ മരിയ പ്രസവിച്ചതെന്ന് ജിമ്മി ബേണ്‍സും തമാശരൂപേണ അവതരിപ്പിക്കുന്നുണ്ട്.

നാട്ടിലെ ഏറ്റവും മോശം ടീമില്‍ കളിക്കുന്നതാണ് മെസ്സിക്ക് നല്ലതെന്ന സീലിയ മുത്തശ്ശിയുടെ നിലപാടാണ് അവരെ ഗ്രന്‍ദോല്‍ഫിയിലെത്തിച്ചതെന്ന് അമേരിക്കന്‍ തിരക്കഥാകൃത്തായ മൈക്കേല്‍ പാര്‍ട്ട്, The Flea – The amazing story of Leo Messi എന്ന കുട്ടികള്‍ക്കുള്ള ജീവചരിത്ര പുസ്തകത്തില്‍ പറയുന്നുണ്ട്. ഏത് മോശം ടീമിലും ഒരു ഗംഭീരകളിക്കാരന്‍ വേണം എന്നതായിരുന്നു മുത്തശ്ശിയുടെ വാദം. അങ്ങനെയാണ് തന്നേക്കാള്‍ മുതിര്‍ന്നവരുടെ ഏയ്ജ് ഗ്രൂപ്പ് ടീമില്‍ മെസ്സി കളിക്കാനെത്തുന്നത്. കുട്ടികളുടെ ടീമിന്റെ കോച്ച് സാല്‍വദോര്‍ അപരീഷ്യോ ആവശ്യപ്പെട്ടതു പ്രകാരമാണ് മെസ്സിയെ കളിപ്പിച്ചതെന്നും അതല്ല, മുത്തശ്ശിയുടെ ആവശ്യത്തിന് കോച്ച് വഴങ്ങുകയായിരുന്നുവെന്നും രണ്ടു കഥകള്‍ പ്രചാരത്തിലുണ്ട്.

മൈക്കേല്‍ പാര്‍ട്ടിന്റെ The Flea – The amazing story of Leo Messi എന്ന പുസ്തകം

എന്തായാലും മുത്തശ്ശി അരികിലുണ്ടെന്ന ആത്മവിശ്വാസത്തില്‍ കളിക്കാനും, ഇനി അഥവാ അവന് എന്തെങ്കിലും പരിക്കേറ്റാല്‍ പെട്ടെന്ന് കളത്തിലിറങ്ങി എടുക്കാനുമുള്ള സൗകര്യത്തിനാണ് കുഞ്ഞുമെസ്സിയെ വിംഗില്‍ കളിപ്പിച്ചതെന്ന കാര്യത്തില്‍ മാത്രം തര്‍ക്കമില്ല. ലിയോ, മറഡോണയോളം പോന്ന കളിക്കാരനാവണമെന്ന് സ്വപ്നം കണ്ടിരുന്ന അമ്മൂമ്മയാവട്ടെ കളിക്കളത്തില്‍ നിന്ന് കളിക്കളത്തിലേക്ക് ചെറുമകനെ അനുഗമിച്ചു. 1998 ല്‍ സീലിയയുടെ മരണ ശേഷമാണ് ഹോര്‍ഹെ മെസ്സി മകന്റെ സന്തത സഹചാരിയാവുന്നത്. ന്യൂള്‍സിനായി കളിച്ച ആറു വര്‍ഷം മെസ്സി അഞ്ഞൂറിലേറെ ഗോളുകളടിച്ചുവെന്നാണ് ക്രിസ്ത്യാനോ ആന്‍ഡ് ലിയോ എന്ന പുസ്തകത്തില്‍ ബ്രിട്ടീഷ് -സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ജിമ്മി ബേണ്‍സ് പറയുന്നത്.

മെസ്സിയുടെ വീഡിയോ ദൃശ്യങ്ങള്‍ കാണുന്ന ആര്‍ക്കും അതില്‍ ഒരു സംശയവുമുണ്ടാവാനിടയില്ല. ഈ കാലഘട്ടത്തില്‍ തന്നെയാണ് വളര്‍ച്ചക്കുറവിലേക്ക് നയിച്ചേക്കാവുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മെസ്സിക്കുണ്ടെന്ന് കണ്ടു പിടിക്കുന്നതും, ചികിത്സാര്‍ത്ഥം അവര്‍ ബാഴ്‌സലോണയിലേക്ക് പോവുന്നതും. വര്‍ത്തമാനകാലത്ത് ഏറ്റവുമധികം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ജീവിതമാണ് ലിയൊണല്‍ മെസ്സിയുടേത്. ഇംഗ്ലീഷില്‍ വലിയ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ജീവചരിത്രാഖ്യാനങ്ങള്‍ മാത്രം അമ്പതിലേറെ വരും. മറ്റു ഭാഷകളിലായി അംഗീകൃതവും അല്ലാത്തതുമായ നൂറുകണക്കിന് ജീവചരിത്രങ്ങള്‍ വേറെയും. ഇതില്‍ പക്ഷെ മെസ്സിയുടെ അനുഭവ കഥനങ്ങള്‍ വളരെ കുറച്ചേയുള്ളൂ. എഴുത്തുകളേറെയും മറ്റുള്ളവര്‍ക്ക് അയാളെ കുറിച്ചുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളുമാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന പരികല്പനയുടെ മനുഷ്യരൂപമായിട്ടാണ് മിക്കവാറും എഴുത്തുകാര്‍ ലിയൊണല്‍ ആന്ദ്രസ് മെസ്സിയെ കാണുന്നത്. 1970 കളുടെ ഒടുവില്‍ ദ്യേഗോ മറഡോണ ഉദിച്ചുയരുന്ന കാലത്ത്, ഫുട്‌ബോള്‍ മാനേജരെന്ന നിലയില്‍ ലോകപ്രശസ്തനായിരുന്ന എലിന്യോ എറീറ (Helenio Herrera) ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഫുട്‌ബോള്‍ പ്രതിഭയെ നിര്‍വചിക്കുന്നുണ്ട്. തെക്കനമേരിക്കയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് പ്രസിദ്ധീകരണമായ എല്‍ ഗ്രാഫിക്കോയുടെ ലേഖകന്റെ ചോദ്യത്തിന് മറഡോണയെ പോലെ മറ്റൊരാള്‍ എന്നാണ് അദ്ദേഹം മറുപടി പറയുന്നത്. ഉയരം കുറഞ്ഞ് കരുത്തനായ അയാള്‍ക്ക് ഇപ്പോള്‍ മറഡോണക്കും കംപ്യൂട്ടറുകള്‍ക്കും മാത്രമുള്ള ആ മാന്ത്രികശക്തിയുണ്ടാവുമെന്നും എറീറ കൂട്ടിച്ചേര്‍ത്തു. 1979 ലെ ആ അഭിമുഖത്തില്‍ ഏഴുവര്‍ഷത്തിനു ശേഷം ജനിക്കാനിരിക്കുന്ന ലിയോ മെസ്സിയെ കുറിച്ചാണ് താന്‍ പറയുന്നതെന്ന് അന്ന് മാന്ത്രികനെന്ന് വിളിപ്പേരുണ്ടായിരുന്ന, യൂറോപ്പിലെ ഏറ്റവും മികച്ച പരിശീലകന് അറിയില്ലായിരുന്നല്ലോ എന്ന് ജോര്‍ദി പുന്തി ആശ്ചര്യപ്പെടുന്നുണ്ട്.

മെസ്സിയുടെ കുട്ടിക്കാലം

ആയിരത്തിതൊള്ളായിരത്തി ഇരുപത്തെട്ടില്‍ അര്‍ജന്റൈന്‍ ഗംബീത്തയുടെ പ്രതിരൂപമായി ബ്വീനൊസ് ഐറിസില്‍ ഒരു പ്രതിമ സ്ഥാപിക്കാന്‍ പ്രശസ്ത ഉറൂഗ്വായന്‍ മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായി ബൊറോകോത്തോ (റിക്കാര്‍ദോ ലൊറേന്‍സോ) ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നു. കീറിത്തുന്നിയ ട്രൗസറും ആല്‍ബിസെലസ്റ്റെ വരകളുള്ള എലികടിച്ചു കീറിയ കുപ്പായവും ചീകാത്ത മുടിയുമുള്ള, ചിരിച്ചുകൊണ്ട് തെരുവില്‍ തുണിപ്പന്തുതട്ടുന്ന പയ്യന്റെ (പീബെ) രൂപമായിരുന്നു പ്രതിമക്ക് ബൊറോകോത്തോ നിര്‍ദ്ദേശിച്ചത്. പിന്നീട് ദ്യേഗോ മറഡോണയായി പിറവിയെടുത്തത് ഈ രൂപമാണെന്ന രസകരമായ കഥ പിന്നീട് അര്‍ജന്റീനയിലെ നഗരമിത്തുകളുടെ ഭാഗമായി മാറിയിരുന്നു. എല്‍ ഗ്രാഫിക്കോയിലെ തന്റെ കോളത്തില്‍ തന്നെയാണ് ബൊറോകോത്തോ അന്ന് പീബെയുടെ രൂപത്തില്‍ മറഡോണയെ വരച്ചിട്ടതെന്നത് ശ്രദ്ധേയമാണ്. ബൊറോകോത്തോ വിഭാവനം ചെയ്ത പീബെ പിറവിയെടുക്കാന്‍ മൂന്നു പതിറ്റാണ്ടു കൂടി വേണ്ടിവന്നുവെങ്കില്‍, എറീറ പ്രവചിച്ച മാന്ത്രികനായ കളിക്കാരന്‍ അടുത്ത പതിറ്റാണ്ടില്‍ തന്നെ കളത്തിലിറങ്ങിയെന്നു മാത്രം.

ടെലിവിഷനു മുമ്പുള്ള കാലത്ത് കളിച്ച ആല്‍ഫ്രെദോ ഡി എസ്‌തെഫാനോ മുതല്‍ പെലെയും ഗാരിഞ്ചയും വരെയുള്ള കളിക്കാര്‍ക്ക് തങ്ങളുടെ കളി അപ്പപ്പോള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഫിലിമില്‍ ചിത്രീകരിച്ചിട്ടുള്ള കളികള്‍ തന്നെ അവര്‍ ഏറെക്കാലത്തിനു ശേഷമാണ് കണ്ടിട്ടുള്ളതെന്ന് പെലെ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. റേഡിയോ കമന്റേറ്റര്‍മാരുടെ ആവേശവാക്യങ്ങളിലും പത്രറിപ്പോര്‍ട്ടര്‍മാരുടെ കഥാകഥനങ്ങളിലുമാണ് കളിക്കാര്‍ അവരവരെ കണ്ടെത്തിയിരുന്നത്. എന്നാല്‍ മെസ്സിയുടെ കാര്യം ഇതിനു നേര്‍വിപരീതമാണ്.

തന്റെ ചെറുപ്പം മുതലുള്ള പടിപടിയായ വളര്‍ച്ച അക്ഷരാര്‍ത്ഥത്തില്‍ കണ്ടുകണ്ടാണ് ലിയോയില്‍ നിന്ന് ഫൂട്‌ബോളിന്റെ മിശിഹായിലേക്കുള്ള പരിണാമം അയാള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. സമകാലികനും സമശീര്‍ഷനുമായ ക്രിസ്ത്യാനോ റൊണാള്‍ഡോക്കു പോലും അവകാശപ്പെടാനില്ലാത്ത ആനുകൂല്യമാണിത്. അസ്വസ്ഥമായ കുടുംബാന്തരീക്ഷവും ദരിദ്രമായ കുട്ടിക്കാലവുമാണ് ക്രിസ്ത്യാനോയെ ഏറെക്കുറെ മറഡോണക്ക് തുല്യനായ പോരാളിയാക്കിയതെന്ന് നിരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ കുടുംബം എന്ന സ്ഥാപനത്തിന്റെ സുരക്ഷാകവചത്തില്‍ വളര്‍ന്ന മെസ്സിയില്‍ പോരാളിയുടെ പരുക്കന്‍ ഭാവം കുറവാണു താനും. കളിക്കളത്തിലും പുറത്തും മെസ്സിയുടെ പെരുമാറ്റത്തിലും ശരീരഭാഷയിലും ഇത് പ്രകടവുമാണ്. കളിക്കളത്തിലെ ലിയൊണല്‍ മെസ്സിയുടെ ഓരോ ചലനങ്ങളും സസൂക്ഷ്മം പഠിക്കപ്പെട്ടിട്ടുണ്ട്. ഓരോ ദൃശ്യങ്ങളും ഫ്രെയിമുകളായി അഴിച്ചെടുത്ത് പരിശോധിച്ചാണ് മെസ്സിയുടെ ശരീരത്തിലെ ഓരോ പേശിയും വരെ ആ കളിക്കാരനെ രൂപപ്പെടുത്തുന്നതില്‍ എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ടെന്ന് കായികഗവേഷകര്‍ കണ്ടെത്തുന്നത്.

സാധാരണ ഒരു ഫുട്‌ബോള്‍ കളിക്കാരന് അപ്രാപ്യമായ ഒരു സവിശേഷതയും മെസ്സിയുടെ ശരീര ചലനങ്ങള്‍ക്കില്ലെന്നതാണ് ഗവേഷകരെ ചെറുതായെങ്കിലും അത്ഭുതപ്പെടുത്തിയിട്ടുള്ള വസ്തുത. കളിക്കളത്തിലെ മെസ്സിയുടെ നീക്കങ്ങള്‍ അതിനാല്‍ തന്നെ അസാധാരണമാം വിധം സാധാരണമായി തോന്നും. പക്ഷെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം രാജ്യാന്തര വേദിയില്‍ കളിച്ചിട്ടും എതിരാളികള്‍ക്ക് ആ സാധാരണത്വത്തിന്റെ ചിത്രപ്പൂട്ടു തുറക്കാനായിട്ടില്ല. ആധുനിക ഫൂട്‌ബോളിലെ മികച്ച പ്രതിരോധക്കാരിലൊരാളെന്ന് നിസ്സംശയം പറയാവുന്ന ഇംഗ്ലണ്ടിന്റെ റിയോ ഫെര്‍ഡിനന്റ് മെസ്സിയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ‘ലളിതമെങ്കിലും സങ്കീര്‍ണ്ണ’മായ അയാളുടെ നീക്കങ്ങളിലൂടെയാണ്.

‘ഏത് മുന്നേറ്റക്കാരനേയും പ്രതിരോധിക്കാനായി നമ്മള്‍ അയാള്‍ക്ക് ഏറ്റവുമരികിലെത്തണം, പന്തിനെ അയാളില്‍ നിന്ന് വേര്‍പ്പെടുത്തിയെടുക്കണം. എന്നാല്‍ ഫൗളിലൂടെയല്ലാതെ ആര്‍ക്കും തന്നെ മെസ്സിയുടെ അടുത്തേക്കെത്താനാവില്ല, എത്തുമ്പോഴേക്കും അയാള്‍ ഒഴിഞ്ഞുമാറിയിട്ടുണ്ടാവും. നമ്മുടെ കൈകള്‍ക്കിടയിലൂടെ വരെ അയാള്‍ പന്തുമായി നൂണ്ടു കടക്കും. ആദ്യമെല്ലാം ഉയരക്കുറവിന്റെ ആനുകൂല്യമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ മെസ്സിയുടെ നീക്കങ്ങളുടെ വേഗത വായിച്ചറിയാന്‍ എനിക്കെന്നല്ല ലോകത്തിലെ ഒരു പ്രതിരോധക്കാരനും കഴിയില്ലെന്ന വസ്തുത പിന്നീടാണെനിക്ക് മനസ്സിലായത്’ പെപ് ഗ്വാര്‍ദിയോളയുടെ ബാഴ്‌സലോണയെക്കുറിച്ച് ഡന്‍കന്‍ മക്മാത് സംവിധാനം ചെയ്ത Take the ball, Pass the ball എന്ന ഡോക്യുമെന്ററിക്കായി എടുത്ത അഭിമുഖത്തില്‍ ഫെര്‍ഡിനന്റ് പറയുന്നുണ്ട്.

തനതായ കേളീ ശൈലി വികസിപ്പിച്ചെടുത്തിട്ടുള്ള മിക്ക കളിക്കാരും അവരവരുടെ മുദ്രയെന്നവണ്ണം സൂക്ഷിക്കാറുള്ള സവിശേഷ നീക്കങ്ങളൊന്നും മെസ്സിയില്‍ കാണാനാവില്ല. (യൊഹാന്‍) ക്രൗഫ് ടേണും മറഡോണാ സ്പിന്നും റൊബീന്യോയുടെ പെഡലാദയും പോലെ മെസ്സിയുടെ പേരിനോട് ചേരുന്ന നീക്കങ്ങളൊന്നുമില്ലെന്നത് യാദൃച്ഛികമല്ല. എന്നാല്‍ എല്‍ കാന്യോ (Nutmeg), എല്‍ താകോ (Backheel), എല്‍ സോംബ്രെറോ (Over the head dribble) ലാ റബോന (Cross-legged dribble) ഇലാസ്തികോ (The flip- flap) തുടങ്ങിയ ക്രിയോഷോ ഫുട്‌ബോളിന്റെ ആത്മാവായ ഗംബീത്തയുടെ വിവിധ ഘടകങ്ങള്‍ മെസ്സി പുറത്തെടുക്കുമ്പോള്‍ എല്ലാം അയാളുടെ മുദ്രിതനീക്കങ്ങളായിത്തീരുകയും (Signature moves) ചെയ്യാറുണ്ട്.

കാലുകളേക്കാള്‍ ശരീര സംതുലനം കൊണ്ടുള്ള പന്തടക്കമാണ് മെസ്സിയുടെ മുഖമുദ്ര. ഉച്ചാരണത്തില്‍ തന്നെ ആന്തരികാര്‍ത്ഥം വെളിവാകുന്ന Deft എന്ന ഇംഗ്ലീഷ് വാക്കു പോലെയാണ് മെസ്സിയുടെ കളിയെന്ന് മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ട്. Deft ലെ f എന്ന അക്ഷരം ഒരു തൂവല്‍സ്പര്‍ശമാണ്, മെസ്സിയുടെ കാലുകള്‍ പന്തിനു നല്‍കുന്നതും അതേ സ്പര്‍ശമാണ്. ഫുട്‌ബോളര്‍ പന്ത് തട്ടുകയല്ല, മറിച്ച് കാലില്‍ അനുഭവിക്കുകയാണ് വേണ്ടതെന്ന മെനോറ്റിസ്‌മോയാണ് മെസ്സിയുടെ കളിയുടെ അന്തസ്സത്ത. മനോവേഗവും തനുവേഗവും തമ്മിലുള്ള അതിസൂക്ഷ്മവും അസാധാരണവുമായ കൊടുക്കല്‍ വാങ്ങലാണ് ആ പ്രതിഭയുടെ സൂത്രമെന്ന് ചുരുക്കിപ്പറയാം. വേഗത്തേക്കാള്‍ വേഗഭ്രംശമാണ് മെസ്സി തന്റെ നീക്കങ്ങളില്‍ ഉപയോഗിക്കാറുള്ളത്. പന്തുമായി കുതിക്കവെ ബോധപൂര്‍വം വരുത്തുന്ന അവധാനതയിലാണ് മിക്കവാറും എല്ലാ പ്രതിരോധക്കാരും വീണു പോവുന്നത്.

പന്തുമായുള്ള മെസ്സിയുടെ ഓട്ടങ്ങളുടെ മറ്റൊരു പ്രത്യേകത, അയാളെപ്പോഴും പന്തിനു പുറകിലായിരിക്കുമെന്നതാണ്. ഏത് നിമിഷവും പന്തിന്റെ ഗതിയും ദിശയും മാറ്റാവുന്ന വിധത്തില്‍ നിയന്ത്രണ സ്ഥാനത്തായിരിക്കും മെസ്സി എന്ന കളിക്കാരന്‍. പെഡലാദ (Step over) എന്ന സവിശേഷമായ നീക്കം മെസ്സി നടത്തുന്നതായി അധികം കണ്ടിട്ടില്ല. മെസ്സിയുടെ കുറിയ കാലുകളും താഴ്ന്ന നിലയിലുള്ള ശരീരഗുരുത്വകേന്ദ്രവുമാണ് ഇതിന് കാരണമായി പൊതുവെ വിലയിരുത്തപ്പെടാറുള്ളത്. എന്നാല്‍ ശരീരം പന്തിന് പുറകില്‍ വരത്തക്കവിധത്തില്‍ നിയന്ത്രണസ്ഥാനത്തു നില്‍ക്കാന്‍ വേണ്ടിയാവണം മെസ്സി ഈ നീക്കം പരീക്ഷിക്കാത്തതെന്നാണ് ഈ ലേഖകന് തോന്നിയിട്ടുള്ളത്. അല്ലാതെ മെസ്സിയെ പോലെ മെയ്വഴക്കമുള്ള ഒരു കളിക്കാരന് പെഡലാദ അപ്രാപ്യമാവേണ്ട സംഗതിയില്ല. ഓരോ നീക്കത്തിലും പരമാവധി തവണ പന്തിനെ സ്പര്‍ശിക്കുക എന്നതാണ് മെസ്സിയുടെ കളിയുടെ ഒരു പ്രധാന സവിശേഷത. ഓടുന്ന ഓരോ വാരയിലും മെസ്സി പന്തു തൊടാറുണ്ട് എന്നാണ് ഫുട്ബോള്‍ ഫാന്‍ ചാനലായ Oh my Goal ന്റെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം സാധാരണ കാല്‍സ്പര്‍ശം കൊണ്ടുതന്നെ എതിരാളികളെ അനായാസം മറികടക്കാമെന്നിരിക്കെ മെസ്സിക്ക് പെഡലാദയുടെ ആവശ്യം തന്നെ വരുന്നില്ലെന്നാണ് ആരാധകരുടെ പക്ഷം. ആക്രമണാത്മക ഫുട്‌ബോളില്‍ കളിക്കാരന്റെ ത്വരണത്തിന് (Acceleration) നിര്‍ണായകമായ സ്ഥാനമാണുള്ളത്, അതു പോലെത്തന്നെ പ്രധാനമാണ് വേഗംകുറക്കലും (Deceleration). പന്തു കാലിലുള്ളപ്പോള്‍ നടത്തേണ്ടുന്ന വേഗവ്യതിയാനങ്ങളെ കുറിച്ച് അസാധാരണമായ അവബോധമുള്ള കളിക്കാരനാണ് മെസ്സി. വിശേഷിച്ചും കളിയുടെ, ഓട്ടത്തിന്റെ വേഗം കുറക്കുന്നതില്‍. മെസ്സിയേക്കാള്‍ വേഗമേറിയ കളിക്കാരാണ് റൊണാള്‍ഡോ മുതല്‍ എംബാപ്പെ വരെയുള്ളവര്‍. പക്ഷെ, ആര്‍ജ്ജിതവേഗത്തില്‍ കുറവു വരുത്തേണ്ടപ്പോള്‍ നിയന്ത്രിതമായി അത് ചെയ്യുന്നതില്‍ മെസ്സിക്കുള്ള കൗശലം മറ്റൊരു കളിക്കാരനിലും കാണാനാവില്ല.

ഒരു സാധാരണ കളിക്കാരന്‍ പന്ത് ഷൂട്ട് ചെയ്യാനെടുക്കുന്നതിന്റെ നൂറിലൊരംശമെങ്കിലും കുറഞ്ഞ ശരീരവേഗത്തോടെയാണ് മെസ്സിയുടെ ഫിനിഷിംഗ് എന്ന് മിക്ക ഗോളുകളും ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ഇത് പിടികിട്ടാതെ പ്രതിരോധക്കാരന്റെ കാലുകള്‍ക്ക് ദിശാവേഗങ്ങള്‍ പിഴക്കുമ്പോഴാണ് മെസ്സിയുടെ ഷോട്ട് അയാളെ മറികടക്കുക. കണക്കിലും കംപ്യൂട്ടര്‍ സ്‌ക്രീനിലും ഇതെല്ലാം മുന്‍കൂട്ടി കാണാമെങ്കിലും കളത്തില്‍ മെസ്സിയുടെ തലച്ചോറിനൊപ്പം ചിന്തിക്കാന്‍ എതിരാളികള്‍ക്ക് കഴിയുന്നില്ലെന്നിടത്താണ് അയാളുടെ വിജയം.

കളിക്കളത്തിലെ മെസ്സിയുടെ നീക്കങ്ങള്‍ സൃഷ്ടിക്കുന്ന ജ്യാമിതീയ രൂപങ്ങള്‍ ഗംഭീരകലാസൃഷ്ടികള്‍ കൂടിയാണെണ് സ്വീഡനിലെ ഉപ്‌സാല സര്‍വകലാശാലയിലെ ഗണിതശാസ്ത്ര പ്രഫസര്‍ ഡേവിഡ് സ്റ്റംപര്‍ നിരീക്ഷിക്കുന്നുണ്ട്. കലാപരമായ ഈ ജ്യാമിതീയ നീക്കങ്ങള്‍ കൊണ്ടാണ് മെസ്സി നിരവധി എതിരാളികളുടെ ബൂട്ടുകള്‍ക്കിടയിലും ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ പായിക്കാന്‍ ഇടം കണ്ടെത്തുന്നത്. ലോകത്തെ മിക്കവാറും എല്ലാ ക്ലബുകളും മെസ്സിയുടെ നീക്കങ്ങള്‍ അപഗ്രഥിക്കാനായി വിദഗ്ദ്ധരായ ഗണിതശാസ്ത്രജ്ഞരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെസ്സിയുടെ ലക്ഷക്കണക്കായ കാല്‍വയ്പുകള്‍ നിരീക്ഷിച്ച് അവര്‍ സിദ്ധാന്തങ്ങളവതരിപ്പിക്കാറുമുണ്ട്. എന്നാല്‍ ഇതുപയോഗപ്പെടുത്തി കളിക്കളത്തില്‍ പ്രതിനീക്കങ്ങള്‍ ആവിഷ്‌കരിക്കുക എളുപ്പമല്ലെന്ന് ഡോ. സ്റ്റംപര്‍ അഭിപ്രായപ്പെടുന്നു. കാരണം, മെസ്സിയുടെ ശരീരചലനങ്ങള്‍ ഇതെല്ലാം മറികടക്കും വിധം പ്രവചനാതീതമാണെന്നതു തന്നെ.

കാട്ടിലകപ്പെട്ടവന്റെ അതിജീവനശ്രമം പോലെയാണ് മെസ്സിയുടെ ഓരോ കളിയുമെന്ന അതീവരസകരമായ നിരീക്ഷണം നടത്തിയിട്ടുള്ളത് ബാഴ്‌സലോണയുടെ ഏറ്റവും പ്രഗത്ഭനായ പരിശീലകന്‍ പെപ് ഗ്വാര്‍ദിയോളയാണ്. കളി തുടങ്ങി ആദ്യത്തെ അഞ്ചോ പത്തോ മിനിറ്റുകള്‍ മെസ്സി കളിക്കളം നിരീക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പെപ് ഇത് പറയുന്നത്. കളിയുടെ തുടക്കത്തില്‍ മെസ്സി അധികം ഓടാറില്ല, പതിയെ നടന്നാണ് നിരീക്ഷണം. തല ഇടത്തും വലത്തും തിരിച്ച് എതിര്‍ ടീമിന്റെ പ്രതിരോധക്കാരും തന്റെ സഹകളിക്കാരും ഏതെല്ലാം സ്ഥാനങ്ങളിലുണ്ടെന്നും, അവര്‍ക്ക് നീങ്ങാവുന്ന ഇടങ്ങളേതെന്നും കണിശമായി കണക്കുകൂട്ടിയ ശേഷമേ മെസ്സി കളിയിലേക്കിറങ്ങുകയുള്ളൂവെന്ന് പെപ് ആഹ്ലാദത്തോടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2008 മുതല്‍ നാലുവര്‍ഷം ബാഴ്‌സയെ വിജയങ്ങളുടെ കൊടുമുടിയിലേക്കു നയിച്ച ഗ്വാര്‍ദിയോള തന്നെയാവണം മെസ്സിയെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ള പരിശീലകനും. അടിച്ച ഗോളുകളോ സൃഷ്ടിച്ച അവസരങ്ങളോ അല്ല, പന്തിന്മേലുള്ള നിയന്ത്രണവും ലക്ഷ്യത്തിലെത്തുന്ന പാസ്സുകളുടെ ജ്യാമിതീയ പൂര്‍ണ്ണതയുമാണ് മെസ്സിയുടെ ഏറ്റവും വലിയ സവിശേഷതയായി പെപ് കാണുന്നത്. അമ്പതോ അറുപതോ മീറ്ററകലെ നിന്നുള്ള മെസ്സിയുടെ ത്രൂപ്പാസ് പെനാല്‍റ്റി ബോക്‌സിനകത്ത് ലൂയി സുവാരസ്സിനെ കണ്ടെത്തുമ്പോഴുണ്ടാകുന്ന അവിശ്വസനീയമായ നേര്‍രേഖ ഏതൊരു ഗോളിനും തുല്യമായ സൗന്ദര്യാനുഭൂതിയാണ് നല്‍കുന്നത്.

താന്‍ നില്‍ക്കുന്ന കളിക്കളത്തിന്റെ പരിമാണത്തെക്കുറിച്ചുള്ള വ്യക്തമായ ബോധവും പന്തിലേക്കു മാത്രമായി കേന്ദ്രീകരിക്കുന്ന ശ്രദ്ധയുമാണ് ഇത് സാധ്യമാക്കുന്നത്. മെസ്സിയുടെ ഈ സവിശേഷതയാണ് ഹെര്‍നന്‍ കാസിയാരിയുടെ പ്രശസ്തമായ നായും നരനുമായ മെസ്സി (Messi is a dog) എന്ന നിരീക്ഷണത്തിന് ആധാരമായിട്ടുള്ളത്. മെസ്സി ഫൗള്‍ ചെയ്യപ്പെട്ടിട്ടുള്ള സന്ദര്‍ഭങ്ങളുടെ വീഡിയോ സമാഹാരം കാണുമ്പോഴാണ്, മെസ്സിയുടെ കളി കാണാനായി മാത്രം അര്‍ജന്റീന വിട്ട് ബാഴ്‌സലോണയില്‍ താമസമാക്കിയ എഴുത്തുകാരന്‍ ഹെര്‍നന്‍ കാസിയാരിക്ക് ആ തോന്നലുണ്ടാകുന്നത്. എങ്ങനെയെല്ലാം ഫൗള്‍ ചെയ്യപ്പെട്ടാലും പന്ത് നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന മെസ്സിയെ തന്റെ കുട്ടിക്കാലത്തെ വളര്‍ത്തു നായ റ്റോട്ടിനുമായി താരതമ്യപ്പെടുത്തുകയാണ് കാസിയാരി. ‘മടിയനായ വളര്‍ത്തുനായയായിരുന്നു റ്റോട്ടിന്‍. ആരെങ്കിലും ഗേറ്റ് കടന്നുവന്നാലോ, എന്തിന് കള്ളന്‍മാര്‍ തന്നെ വീട്ടില്‍ കയറിയാലോ അവന്‍ ശ്രദ്ധിക്കുകയേ ഇല്ലായിരുന്നു. എന്നാല്‍ അമ്മയോ സഹോദരിയോ അടുക്കളയില്‍ മഞ്ഞനിറമുള്ള സ്പഞ്ജുകട്ട കയ്യിലെടുത്താല്‍ ആ നിമിഷം അവനത് വേണമായിരുന്നു. അത് കിട്ടും വരെ റ്റോട്ടിന് പിന്നെ ഭ്രാന്തുപിടിച്ച പോലെയാണ്. അവനതില്‍ നിന്ന് കണ്ണെടുക്കുകയേ ഇല്ല. ആ സ്പഞ്ജ് കയ്യിലെടുത്ത് എത്രവേഗത്തില്‍ എങ്ങോട്ടു മാറ്റിയാലും അവന്റെ കണ്ണുകള്‍ സാകൂതം അതിനെ പിന്തുടരും, അവന്റെ കണ്ണുകളില്‍ കണ്ടിരുന്ന ധിഷണയുടെ സ്ഫുലിംഗങ്ങളാണ് ഇന്ന് ഞാന്‍ മെസ്സിയുടെ കണ്ണില്‍ കാണുന്നത്’.

കൗമാരക്കാരന്റെ പതറുന്ന കണ്ണുകള്‍ ഷെര്‍ലൊക് ഹോംസിന്റെ ഏകാഗ്രതയിലേക്ക് മാറുന്നത് റ്റോട്ടിനിലും മെസ്സിയിലും ഒരുപോലെയാണെന്നാണ് കാസിയാരി നിരീക്ഷിച്ചത്. മെസ്സിയൊരു നായയാണ്, ഫുട്‌ബോള്‍ കളിക്കുന്ന ആദ്യത്തെ നായ, അല്ലെങ്കില്‍ നായും നരനും ചേര്‍ന്നൊരാള്‍ – മെസ്സിയെ കുറിച്ചുണ്ടായിട്ടുള്ള എണ്ണിയാലൊടുങ്ങാത്ത വിശകലനങ്ങളില്‍ മൗലികതകൊണ്ട് ശ്രദ്ധേയമായ ലേഖനത്തില്‍ കാസിയാരി പറയുന്നു. കളിക്കളത്തിലെ മെസ്സിയുടെ പെരുമാറ്റം കൂടി കണക്കിലെടുത്തായിരുന്നു ഈ നിരീക്ഷണം. This is football എന്ന ആമസോണ്‍ പ്രൈം ഡോക്യുമെന്ററിയില്‍ (എപ്പിസോഡ് 6) കളിക്കളത്തിലെ മെസ്സിയുടെ ചലനങ്ങളെ കുറിച്ച് പെപ് ഗ്വാര്‍ദിയോള പറയുന്നത് കണ്ടാല്‍ (മെസ്സിയുടെ തലയും കണ്ണുകളും ചലിക്കുന്നത് പെപ് അഭിനയിച്ചു കാണിക്കുന്നുണ്ട്) കാസിയാരിയുടേത് തികച്ചും വ്യക്തിപരമായ നിരീക്ഷണമല്ലെന്ന് ബോധ്യമാവും.

‘നിരത്തില്‍ ഒരു കാര്‍ നേരെ വരുന്നതു കണ്ടാല്‍ ഒരു നായയും വീണുപോവുന്നതായി നടിക്കില്ല, പൂച്ച പിടിയില്‍ നിന്നും രക്ഷപ്പെട്ടു പോയാല്‍ പരാതിപ്പെടില്ല, മാലിന്യ ലോറിക്കെതിരെ നടപടി ആവശ്യപ്പെടില്ല, പണ്ടൊക്കെ ഫുട്‌ബോളും ഇങ്ങനെയൊക്കെയായിരുന്നു. കളിക്കാര്‍ പന്തുകൈക്കലാക്കാനല്ലാതെ മറ്റൊന്നിനും ശ്രമിച്ചിരുന്നില്ല. നിറമുള്ള കാര്‍ഡുകളോ ഓഫ്‌സൈഡ് നിയമങ്ങളോ നിലവിലുണ്ടായിരുന്നില്ല, സ്വന്തം നാട്ടിലെ ഗോളും (Home goal) അന്യനാട്ടിലെ ഗോളും (Away goal) തമ്മില്‍ വ്യത്യാസമില്ലായിരുന്നു. പണ്ട് മനുഷ്യരെല്ലാം മെസ്സിയേയും റ്റോട്ടിനേയും പോലെയായിരുന്നു. പിന്നീട് എല്ലാം വിചിത്രമായിത്തുടങ്ങി’. മെസ്സിയുടെ കടുത്ത ആരാധകനായ കാസിയാരിയുടെ ലേഖനം ഒരു വിലാപം പോലെയാണ് അയാളെ സ്തുതിക്കുന്നത്. മെസ്സിയുടെ കളിക്കളത്തിലെ ഓരോ ചലനത്തിനും മൗലികതയുണ്ടെന്ന് വാദിക്കുന്നവരാണ് മിക്ക കളിയെഴുത്തുകാരും. ചിന്തയും ശരീരപ്രയോഗവും തമ്മിലുള്ള ഏകോപനത്തിന്റെ കാര്യമാണ് ഏവരും എടുത്തു പറയാറുള്ളത്.

കായികവൈദ്യശാസ്ത്ര വിദഗ്ദ്ധനായ ഡോ. രാജ്പാല്‍ ബ്രാര്‍, മെസ്സിയുടെ നീക്കങ്ങള്‍ക്കു പിന്നിലെ പേശീചലനങ്ങളെ കുറിച്ച് അതിസൂക്ഷ്മമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഫ്രീക്കിക്കുകള്‍ എടുക്കുമ്പോഴുള്ള മെസ്സിയുടെ ശരീരസ്ഥാനത്തെ കുറിച്ചുള്ള ഡോ. ബ്രാറിന്റെ നിരീക്ഷണമാണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയം. ഇടം കാലു കൊണ്ട് ഷോട്ട് എടുക്കുന്ന നിമിഷത്തില്‍ മെസ്സിയുടെ അരക്കെട്ട് വലത്തോട്ടാഞ്ഞും വലതുകാല്‍പ്പത്തി പുറത്തേക്കു മറിഞ്ഞുമിരിക്കുന്നത് അത്ഭുതത്തോടെയാണ് കായിക പ്രേമികള്‍ കണ്ടത്. മറ്റേതു മനുഷ്യനായാലും വലതു കാല്‍പാദം അത്തരത്തില്‍ മറിഞ്ഞാല്‍ ഉളുക്കു പറ്റുകയാവും ഫലമെന്നും കഠിന പരിശ്രമം ഒന്നുകൊണ്ടു മാത്രം മെസ്സി സ്വായത്തമാക്കിയിട്ടുള്ള സിദ്ധിയാണിതെന്നും ഡോ. ബ്രാര്‍ പറയുന്നു.

കരിയറിന്റെ ഉത്തരാര്‍ദ്ധത്തിലാണ് മെസ്സി ഫ്രീക്കിക്കുകളില്‍ നിന്ന് തുടര്‍ച്ചയായി ഗോളുകള്‍ നേടാന്‍ തുടങ്ങിയതെന്ന വസ്തുത ഈ വാദത്തെ സാധൂകരിക്കുന്നതാണ്. 2008 ലാണ് ലാ ലിഗയില്‍ മെസ്സി ആദ്യമായി ഫ്രീക്കിക്ക് ഗോളടിക്കുന്നത്. 2010 ന് ശേഷമാണ് ബാഴ്‌സക്കു വേണ്ടിയും അര്‍ജന്റീനക്കു വേണ്ടിയും സ്ഥിരമായി ഫ്രീക്കിക്കെടുക്കാന്‍ തുടങ്ങുന്നത്. അക്കാലത്ത് ഫ്രീക്കിക്ക് ഗോളുകളുടെ എണ്ണത്തില്‍ ബഹുദൂരം മുന്നിലായിരുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയെ മെസ്സി മറി കടക്കുന്നത് അടുത്ത കാലത്താണ്. കിക്കെടുക്കുന്ന രീതിയില്‍ നടത്തുന്ന നിരന്തരമായ പരിഷ്‌കരണമാണ് അതിനു കാരണമെന്ന് നിസ്സംശയം പറയാം. 2010 ല്‍ ദ്യേഗോ മറഡോണ അര്‍ജന്റീനയുടെ മാനേജരായിരുന്ന കാലത്ത് മെസ്സിക്ക് ഫ്രീക്കിക്കെടുക്കുന്നതിനായി നല്‍കിയ ഉപദേശത്തെ കുറിച്ച് മറഡോണയുടെ കായികക്ഷമതാ പരിശീലകനായിരുന്ന ഫെര്‍നാന്‍ഡോ സിന്യോറീനിയെ ഉദ്ധരിച്ച് ജിമ്മി ബേണ്‍സ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.

ദ്യേഗോ മറഡോണ

‘2010 ലോകകപ്പിനു മുന്നോടിയായുള്ള ക്യാംപില്‍ പതിവു സമയം കഴിഞ്ഞിട്ടും മെസ്സി ഫ്രീക്കിക്കുകള്‍ വീണ്ടും വീണ്ടും പരിശീലിക്കുന്നത് മറഡോണയുടെ ശ്രദ്ധയില്‍ പെട്ടു. നേരെ അടുത്തു ചെന്ന് പോസ്റ്റിലേക്ക് ഒരു കിക്കെടുത്ത ശേഷം അതിനുള്ള സൂത്രവിദ്യയും പറഞ്ഞു കൊടുക്കുകയായിരുന്നു. കിക്കെടുത്തു കഴിഞ്ഞും ഇടംകാല്‍ പന്തിനെ പിന്‍തുടരുംവിധം ചലനം ക്രമീകരിക്കാനായിരുന്നു മറഡോണയുടെ ഉപദേശമെന്ന് സിന്യോറീനി ബേണ്‍സിനോട് പറയുന്നുണ്ട്. അതിനു ശേഷമുള്ള മെസ്സിയുടെ ഫ്രീക്കിക്കുകളും അവയില്‍ നിന്നുള്ള ഗോളുകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാവുകയും ചെയ്യും. മുപ്പതു വയസ്സിനു ശേഷമാണ് മെസ്സി ഫ്രീക്കിക്ക് ഗോളുകളില്‍ പ്രാവീണ്യം വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്നതും മറ്റൊരു തരത്തില്‍ വളരെ ശ്രദ്ധേയമാണ്. ഇപ്പോള്‍ ലോക ഫുട്‌ബോളില്‍ മെസ്സിയോളം ഫലപ്രദമായി ഫ്രീക്കിക്കെടുക്കുന്ന കളിക്കാരില്ലെന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം.

തനിക്കു മാത്രം സാധ്യമാവുന്ന ചില സവിശേഷ നീക്കങ്ങളും അസാധാരണമായ ശരീരചലനങ്ങളും മെസ്സിയുടെ പല ഗോളുകളേയും മനോഹരമാക്കാറുണ്ട്. ബാഴ്‌സലോണയുടെ മുന്‍ കളിക്കാരനായ ഫ്രഞ്ച് സ്‌ട്രൈക്കര്‍ തിയൊറി ഒന്റി, മെസ്സിയുടെ ഏറ്റവും മികച്ച ഗോളായി കണക്കാക്കുന്നത് ലാ ലിഗയില്‍ 2009 മാര്‍ച്ചു മാസത്തില്‍ മലാഗക്കെതിരായ സോളോ സ്‌ട്രൈക്കാണ്. മൈതാനമധ്യത്തില്‍ നിന്ന് നീണ്ട ഡയഗണല്‍ വോളി വലതുവിങ്ങില്‍ വച്ച് നെഞ്ചിലെടുത്ത് മെസ്സി പ്രതിരോധ നിരയിലെ മൂന്നോ നാലോ പേരെ വെട്ടിച്ച് വലം കാലുപയോഗിച്ചു നേടിയ ആ ഗോളിനെ വ്യത്യസ്തമാക്കുന്നത്, ഫിനിഷിംഗിന് തൊട്ടു മുമ്പ് ഒരേ കാലുകൊണ്ട് നടത്തുന്ന രണ്ട് സ്പര്‍ശങ്ങളാണെന്ന് ഒന്റി വിശദീകരിക്കുന്നു. ഇതു കേട്ട ശേഷം ആ വീഡിയോ ഒന്നു കൂടി കണ്ടാല്‍ ആരും അത്ഭുതപ്പെട്ടുപോകും വിധം മനോഹരമാണ് ആ ഗോള്‍. പന്തിന്മേല്‍ ഒരേ കാലുകൊണ്ട് ഒന്നിലേറെ തവണ മെസ്സി സ്പര്‍ശിക്കുന്നത് പിന്നീട് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. 2018 ലോകകപ്പില്‍ നൈജീരിയക്കെതിരായ മത്സരത്തില്‍ നേടിയ ഗോളാണ് അത്തരമൊന്ന്. എവര്‍ ബനേഹയുടെ ഡയഗണല്‍ വോളി വലം കാലുകൊണ്ട് നിയന്ത്രണത്തിലെടുക്കുന്ന മെസ്സി അതേ കാലുകൊണ്ടു തന്നെ വീണ്ടും ഒന്നു കൂടി പന്തു സ്പര്‍ശിക്കുന്നത് അസാധാരണമായി തോന്നും. ശേഷം പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിലേക്ക് പന്തയക്കുന്നതും വലതുകാലു കൊണ്ടു തന്നെയാണ്.

ക്രിയോഷോ ഫൂട്‌ബോള്‍ മുന്നോട്ടുവക്കുന്ന വ്യക്തിഗത മികവും യൊഹാന്‍ ക്രൗഫിന്റേയും റൈനസ് മൈക്കെല്‍സിന്റേയും കാലം മുതല്‍ ബാഴ്‌സലോണ പിന്തുടര്‍ന്നു വരുന്ന കൂട്ടായ്മയിലൂന്നിയ ഫൂട്‌ബോള്‍ തത്വശാസ്ത്രവും സമഞ്ജസമായി സമ്മേളിക്കുന്ന സവിശേഷമായ ശൈലിയാണ് മെസ്സി സ്വാംശീകരിച്ചിട്ടുള്ളത്. ടീമെന്ന നിലയില്‍ ബാഴ്സക്കും കളിക്കാരനെന്ന നിലയില്‍ മെസ്സിക്കും ഒരു പോലെ ആഹ്ലാദകരമായ ഒരു പ്രക്രിയയായിരുന്നു ഈ കൊടുക്കല്‍വാങ്ങലെന്ന് ബാഴ്‌സലോണ യുവടീമിന്റെ കോച്ച് അലക്‌സ് ഗാര്‍സിയ വിലയിരുത്തിയിട്ടുണ്ട്. ബാഴ്‌സയില്ലാതെ മെസ്സിയേയും മെസ്സിയില്ലാതെ ബാഴ്‌സയേയും സങ്കല്‍പിക്കാന്‍ പോലുമാവാത്ത ആ രണ്ടു പതിറ്റാണ്ടില്‍ നഷ്ടം പക്ഷെ അര്‍ജന്റീനയുടെ ദേശീയ ടീമിനായിരുന്നു.

ബാഴ്‌സലോണയിലെ പ്രകടനം ദേശീയ ടീമിനു വേണ്ടി കാഴ്ചവക്കാനാവുന്നില്ലെന്ന വിമര്‍ശം 2021 ജൂലൈ 11 ന് കോപ്പ അമേരിക്ക നേടും വരെ മെസ്സിയെ പിന്തുടര്‍ന്നതും ഇക്കാരണത്താലാണ്. കുറിയ പാസുകളിലൂടെ കളത്തിനുള്ളില്‍ കളങ്ങള്‍ തീര്‍ത്ത് മുന്നേറുന്ന ക്‌സാവിയും ഇനിയെസ്റ്റയും ബുസ്‌കെറ്റ്‌സും ഡാനി ആല്‍വസുമുള്‍പ്പെട്ട ഗ്വാര്‍ദിയോളയുടെ സ്പാനിഷ് ടികി-ടാക സംഘത്തിന് ഒരു ഗംബീത്തയിലൂടെ കുറഞ്ഞത് രണ്ടു പേരെയെങ്കിലും വെട്ടിയൊഴിഞ്ഞ് മുന്നേറാന്‍ ഒട്ടും ആയാസമില്ലാത്ത മെസ്സി ഒരു മുതല്‍ക്കൂട്ടായിരുന്നു. മെസ്സിയുടെ ക്രിയാത്മകമായ സാന്നിധ്യം ബാഴ്‌സയുടെ സംഘശൈലിയിലെ യാന്ത്രികതയുടെ അവസാനത്തെ കണികയും ഇല്ലാതാക്കിയെന്ന് Angels with dirty faces എന്ന പുസ്തകത്തില്‍ ജോനതന്‍ വില്‍സന്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ബാഴ്‌സലോണയുടെ മധ്യനിരയില്‍ നിന്ന് കിട്ടിയിരുന്ന ഭാവനാപൂര്‍ണമായ പിന്തുണ അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് മെസ്സിക്ക് കിട്ടിയതുമില്ല.

ദേശീയ ഫുട്‌ബോള്‍ കളിക്കാരന്റെ പ്രാഗ് രൂപമെന്ന നിലയില്‍ അര്‍ജന്റീനക്കാര്‍ കൊണ്ടാടുന്ന പീബെ പരിവേഷത്തോടോ പാരമ്പര്യമായി അവകാശപ്പെടുന്ന ഗൗച്ചോ സംസ്‌കാരത്തോടോ എന്തിന് ക്രിയോഷോ വിവേസ എന്ന തെരുവുസാമര്‍ത്ഥ്യത്തോടോ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ചേര്‍ന്നു പോവുന്ന സ്വഭാവ സവിശേഷതകളൊന്നും തന്നെ മെസ്സിക്കില്ലായിരുന്നു. പതിമൂന്ന് വയസ്സാവും മുമ്പെ ചികിത്സാര്‍ത്ഥം ബാഴ്‌സലോണയിലേക്ക് താമസം മാറുക കൂടി ചെയ്തതോടെ അര്‍ജന്റീനക്കാരെ സംബന്ധിച്ചിടത്തോളം മെസ്സി ഏതാണ്ട് പൂര്‍ണ്ണമായും വിദേശിയായിക്കഴിഞ്ഞിരുന്നു. സ്പാനിഷ് പൗരത്വം ലഭിച്ചിരുന്നുവെങ്കിലും അവരുടെ ദേശീയ ടീമിലേക്കുള്ള ക്ഷണം നിരസിച്ച് അര്‍ജന്റീനക്കു വേണ്ടി യുവലോകകപ്പ് കളിക്കാന്‍ തയ്യാറായിട്ടു പോലും മെസ്സിയെ തങ്ങളിലൊരുവനായി കാണാന്‍ അര്‍ജന്റൈന്‍ ജനത- പ്രധാനമായും പത്രങ്ങള്‍- വിമുഖത കാട്ടിയിരുന്നു. ദേശീയഗാനം പാടുമ്പോള്‍ നിശ്ശബ്ദനായി നില്‍ക്കുന്നു എന്ന ആരോപണത്തിലായിരുന്നു തുടക്കം. മെസ്സി അര്‍ജന്റീനയിലെ പ്രധാന ക്ലബ്ബുകളായ ബോക്കാ ജൂനിയേഴ്‌സിനോ റിവര്‍ പ്ലേറ്റിനോ വേണ്ടി കളിച്ചിട്ടില്ല എന്നതായിരുന്നു മറ്റൊരു കുറവ്.

അക്കാലത്ത് ദേശീയ ടീമിന്റെ മാനേജരാവാന്‍ ചരടുവലിച്ചിരുന്ന മറഡോണ മെസ്സിയുടെ ആത്മാര്‍ത്ഥതയെ വരെ പരസ്യമായി ചോദ്യം ചെയ്യാന്‍ മടിച്ചില്ല. അന്നത്തെ കോച്ചായിരുന്ന സെര്‍ജിയോ ബാറ്റിസ്റ്റയെ ലക്ഷ്യമാക്കിയായിരുന്നു മറഡോണയുടെ ആക്രമണങ്ങളെന്ന് പിന്നീട് വ്യക്തമായിരുന്നു. യൂറോപ്പിലെ സൂപ്പര്‍ താരമെന്ന നിലയില്‍ മെസ്സി അര്‍ജന്റൈന്‍ ടീമിന് ബാധ്യതയാവുന്നു എന്ന വിമര്‍ശമാണ് മറഡോണ ഒളിഞ്ഞും തെളിഞ്ഞും ഉന്നയിച്ചത്. മെസ്സിയെ പ്രീതിപ്പെടുത്താന്‍ എന്ത് കോമാളിവേഷവും കെട്ടാന്‍ തയ്യാറുള്ള ദുര്‍ബലനായി ബാറ്റിസ്റ്റയെ അവതരിപ്പിക്കുകയായിരുന്നു മറഡോണയുടെ ഉദ്ദേശ്യം. എന്നാല്‍ ബാറ്റിസ്റ്റക്കു ശേഷം മാനേജര്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഹുവാന്‍ റിക്വില്‍മെയെ ഒഴിവാക്കി മെസ്സിക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുകയാണ് മറഡോണ ചെയ്തത്. 1986 ലെ ലോകകപ്പ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് ദാനിയേല്‍ പാസറെല്ലയെ ഒഴിവാക്കി പകരം യുവാവായിരുന്ന തന്നെ ചുമതലയേല്‍പ്പിച്ച കാര്‍ലോസ് ബിലാര്‍ദോയെ അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നു മറഡോണ. 2010 ല്‍ തന്റെ ഇരുപത്തി മൂന്നാം വയസ്സില്‍ ഏല്‍പ്പിക്കപ്പെട്ട ദേശീയടീമിന്റെ നായകസ്ഥാനം മെസ്സിയുടെ പ്രകടനത്തെ പ്രതികൂലമായാണ് ബാധിച്ചതെന്ന് ലോകകപ്പിന് ശേഷം ഫുട്‌ബോള്‍ നിരീക്ഷകരെല്ലാം ഒരേ ശബ്ദത്തില്‍ വിലയിരുത്തുകയും ചെയ്തു.

മെസ്സിയും മറഡോണയും

മെസ്സിയുടെ കുടുംബത്തിന് ഇറ്റലിയിലും സ്‌പെയിനിലും (കാറ്റലൂണിയ) വേരുകളുള്ളതായി ജിമ്മി ബേണ്‍സ് സമര്‍ത്ഥിക്കുന്നുണ്ട്. മെസ്സിയുടെ അമ്മ സീലിയ മരിയ കുച്ചിത്തീനി ഇറ്റാലിയന്‍ വംശജയാണ്. ഹോര്‍ഹെ മെസ്സിയാവട്ടെ അച്ഛന്‍ വഴി ഇറ്റാലിയനും അമ്മവഴി കാറ്റലൂണിയനുമാണ്. ഇറ്റാലിയന്‍ കുടിയേറ്റസമൂഹത്തിന് ഭൂരിപക്ഷമുള്ള റൊസ്സാരിയോവില്‍ മൂന്ന് തലമുറയായി ജീവിക്കുന്നവരാണ് മെസ്സി കുടുംബം. പന്ത്രണ്ടാം വയസ്സില്‍ ബാഴ്‌സലോണയിലേക്ക് ജീവിതം പറിച്ചു നട്ടിട്ടും മെസ്സിയുടെ ഇറ്റാലിയന്‍ സ്വാധീനമേറിയ അര്‍ജന്റൈന്‍ സ്പാനിഷ് ഭാഷക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് ജീവചരിത്രരചയിതാക്കളെല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നുണ്ട്. സ്പാനിഷല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാന്‍ മെസ്സിക്കറിയില്ല തന്നെ. കാറ്റലൂണിയന്‍ ജീവിതത്തോടു പൊരുത്തപ്പെടാനാവാതെയാണ് മെസ്സിയുടെ അമ്മയും സഹോദരിയും ബാഴ്‌സലോണയില്‍ നിന്ന് റൊസ്സാരിയോവിലേക്ക് തിരിച്ചു പോരുന്നതു പോലും. അര്‍ജന്റീനയിലെ ഇറ്റാലിയന്‍ – സ്പാനിഷ് കുടിയേറ്റക്കാരുടെ അടുത്ത തലമുറ പ്രഫഷണല്‍ ഫൂട്‌ബോളിലൂടെ യൂറോപ്പിലേക്കു നടത്തുന്ന മറുകുടിയേറ്റത്തിന്റെ (Reverse migration) സാമൂഹ്യ രാഷ്ട്രീയ മാനങ്ങള്‍ വലിയ തോതില്‍ പഠിക്കപ്പെട്ടിട്ടില്ല.

യൂറോപ്പില്‍ പ്രഫഷണല്‍ ഫൂട്‌ബോള്‍ സജീവമായ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ടുള്ള ഈ പ്രവണത അര്‍ജന്റീനയിലെ ദേശീയവാദികളെ പണ്ടു മുതലേ പ്രകോപിപ്പിക്കുന്നുണ്ട്. ഇരുപതുകളില്‍ ഇറ്റലിയിലേക്ക് കുടിയേറിയ റെയ്മൂന്‍ഡോ ഓര്‍സി, ലൂയി മോണ്ടി, എന്‍ റീക്കെ ഹ്വായ്ത എന്നിവര്‍ 1934 ലെ ലോകകപ്പില്‍ ഇറ്റലിക്കു വേണ്ടി കളിച്ചിരുന്നു. പിന്നീട് 1957 ല്‍ കോപ അമേരിക്ക നേടിയ ടീമിലെ മിന്നും താരങ്ങളായിരുന്ന ഊംബെര്‍തോ മാഹ്ചിയോ, അന്തോണിയോ ആന്‍ഹെലീശോ, ഒമാര്‍ സിവോറി എന്നിവര്‍ ഇറ്റാലിയന്‍ ലീഗില്‍ കളിക്കാന്‍ പോയതിന് അവര്‍ക്ക് ദേശീയ ടീമില്‍ വിലക്കേര്‍പ്പെടുത്തുക പോലും ചെയ്തിരുന്നു. റെയല്‍ മഡ്രീഡിന്റെ ഇതിഹാസ താരമായ ആല്‍ഫ്രെദോ ഡി എസ്തഫാനോ ആവട്ടെ അര്‍ജന്റീനയില്‍ നിന്ന് കുടിയേറിയ ശേഷം സ്പാനിഷ് പൗരത്വം സ്വീകരിക്കുകയായിരുന്നു. ഈ ചരിത്രത്തിന്റെ ഇങ്ങേ തലക്കല്‍ നിന്നുകൊണ്ടാണ് മെസ്സി സ്പാനിഷ് ടീമിലേക്കുള്ള ക്ഷണം നിരസിച്ചത്.

യൂറോപ്യന്‍ ക്ലബ് ഫൂട്‌ബോളിലെ അക്കാലത്തെ ഏറ്റവും മികച്ച സഖ്യമായിരുന്ന ക്‌സാവി ഫെര്‍ണാണ്ടസ്, ആന്ദ്രെയാസ് ഇനിയെസ്റ്റ, സെസ് ഫാബ്രിഗാസ് എന്നിവര്‍ക്കൊപ്പം സ്പാനിഷ് ടീമിലാണ് കളിച്ചിരുന്നതെങ്കില്‍ ലോകകപ്പിലേയും യൂറോയിലേയുമടക്കം നിരവധി മെഡലുകള്‍ മെസ്സിയുടെ വീട്ടിലുണ്ടാകുമായിരുന്നുവെന്ന് കരുതുന്നവര്‍ കുറച്ചൊന്നുമല്ല. ജന്മനാട് എന്ന പരിഗണനയില്‍ അര്‍ജന്റീനക്കൊപ്പം നിന്നിട്ടും മെസ്സിക്ക് സ്വത്വപൂര്‍ണ്ണത കല്‍പിച്ചു നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറാകാതിരുന്നതിനു പിന്നില്‍ അയാളുടെ വര്‍ഗ്ഗ പശ്ചാത്തലമാണെന്ന് കാതറീന്‍ എയ്ഡിംഗ്ടണിനെ പോലുള്ള ഗവേഷകര്‍ നിരീക്ഷിക്കുന്നുണ്ട്. (Dios y los Diez- The Mythologization of Diego Maradona and Lionel Messi in Contemporary Argentina).

മെസ്സിയുടെ സമകാലികനായ കാര്‍ലോസ് ടെവെസിന് രാജ്യത്ത് ലഭിക്കുന്ന ജനപ്രീതിക്കു കാരണം വര്‍ഗ്ഗ നിലയേക്കാള്‍ അയാളിലെ ദേശീയ സ്വത്വത്തിന്റെ ആധികാരികത’യാണെന്നാണ് ജോനതന്‍ വില്‍സനടക്കമുള്ള ഫുട്‌ബോള്‍ ചരിത്രകാരന്മാരുടെ അഭിപ്രായം. ചേരിയില്‍ ജനിച്ച് തെരുവു സാമര്‍ത്ഥ്യവും കൗശലങ്ങളും നിറഞ്ഞ ഗംബീത്തയിലൂടെ ദാരിദ്ര്യത്തെ വെട്ടിച്ച് ഉയരങ്ങള്‍ കീഴടക്കുന്ന പീബെ സ്വത്വം അര്‍ജന്റൈന്‍ ഫൂട്‌ബോള്‍ പ്രതിഭയെന്ന നിലയിലെ അംഗീകാരത്തിനുള്ള പരോക്ഷ യോഗ്യതയായി കണക്കാക്കപ്പെട്ടിരുന്നു. മറഡോണയും റിക്വില്‍മെയും ടെവെസുമെല്ലാം ഈ പരിഗണനപ്രകാരമുള്ള പീബെ സങ്കല്പത്തെ തൃപ്തിപ്പെടുത്തുന്നവരാണ്. മധ്യവര്‍ഗ്ഗ ശിക്ഷണത്തില്‍ വളര്‍ന്ന മെസ്സിയാവട്ടെ ഈ നിര്‍വചനങ്ങള്‍ക്ക് പുറത്തുള്ളയാളുമാണ്. മെസ്സിയും ടെവെസുമായുള്ള താരതമ്യം ഓരോ ടൂര്‍ണമെന്റ് കാലത്തും അര്‍ജന്റീനയില്‍ പതിവുമായിരുന്നു. യൂറോപ്യന്‍ ക്ലബ് ഫൂട്‌ബോളില്‍ ടെവെസിനേക്കാള്‍ എത്രയോ മുകളിലെത്തിയിട്ടു പോലും അര്‍ജന്റൈന്‍ കാണികളുടെ പിന്തുണ മെസ്സിക്ക് കുറവായിരുന്നുവെന്ന് ജോനതന്‍ വില്‍സന്‍ തന്റെ പുസ്തകത്തില്‍ അനുഭവവിവരണമായി വിശദീകരിച്ചിട്ടുണ്ട്.

കാര്‍ലോസ് ടെവെസ്

കറുത്ത ഇടതൂര്‍ന്ന മുടിയും കരുത്തുറ്റ കുറിയ ശരീരവും കഴുത്തിലെ പൊള്ളലേറ്റ പാടും കടുത്ത ജീവിതപ്രാരാബ്ധങ്ങളോടേറ്റുമുട്ടി പരുക്കനായിത്തീര്‍ന്ന പെരുമാറ്റവുമെല്ലാം ചേര്‍ന്ന് കാര്‍ലോസ് ടെവെസില്‍ ബൊറോകോത്തോ വരച്ചിട്ട പീബെ സ്വത്വം മറഡോണയോളം തന്നെ പ്രകടവുമായിരുന്നു. അര്‍ജന്റീനയിലെ ഫൂട്‌ബോള്‍ പൊതുബോധത്തെ മെസ്സിയേക്കാള്‍ തൃപ്തിപ്പെടുത്തിയത് ടെവെസിലെ പീബെയാണ്. ഈ ജനപ്രീതികൊണ്ട് മാത്രമാണ് ഒരു കാലത്ത് ടെവെസ് ദേശീയ ടീമില്‍ സ്ഥിരമായി ഇടം നേടിയിരുന്നത്. ബ്രസീലുമായുള്ള സൗഹൃദമത്സരത്തില്‍ നിന്ന് പേശീവലിവ് ചൂണ്ടിക്കാട്ടി പിന്മാറിയ ടെവെസ് ആ ദിവസങ്ങളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി കളത്തിലിറങ്ങിയത് ഒരിടക്ക് വിവാദമായിരുന്നു. ടെവെസിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ ബാറ്റിസ്റ്റക്ക് പക്ഷെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അയാളെ തിരിച്ചു വിളിക്കേണ്ടി വന്നു. മെസ്സിയും ടെവെസും ഏതാണ്ടൊരേ ശൈലിയില്‍ കളിക്കുന്നവരായതിനാല്‍ രണ്ടു പേരേയും ഒരുമിച്ച് ടീമില്‍ കളിപ്പിക്കുക അസാധ്യമായിരുന്നു. കടുപ്പമേറിയ മത്സരങ്ങളില്‍ ‘പോരാട്ട വീര്യം’ കൂടുതലുള്ള ടെവെസിനെ കളിപ്പിക്കുവാനുള്ള ആരാധക സമ്മര്‍ദ്ദത്തിന് പരിശീലകരും ടീം മാനേജുമെന്റും വഴങ്ങിയതായാണ് ചരിത്രം.

അര്‍ജന്റൈന്‍ നാടോടി പാരമ്പര്യം അതിന്റെ തന്മയായി ഭാവന ചെയ്യുന്ന ഗൗച്ചോ ജീവിതത്തില്‍ അവരുടെ കായിക പാരമ്പര്യത്തെ കൊണ്ടുചെന്നു കെട്ടാനാണ് ദേശീയ ചരിത്രകാരന്മാര്‍ എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. കുതിരകളെ മെരുക്കിയിരുന്ന, ചുറ്റുപാടുകളില്‍ നിന്ന് അതിജീവന കൗശലങ്ങള്‍ പഠിച്ച, മണ്ണും മാനവും അതിരുകളാക്കിയ പുരുഷജീവിതമാണ് ഗൗച്ചോ സങ്കല്‍പത്തില്‍ നിന്ന് അവര്‍ സ്വാംശീകരിക്കാന്‍ ശ്രമിച്ചത്. ഫുട്‌ബോള്‍ മൈതാനത്തേക്കു വന്ന ആണ്‍കുട്ടികളില്‍ അവര്‍ തിരഞ്ഞ പീബെ സ്വത്വം ഗൗച്ചോ സങ്കല്‍പ്പത്തിന്റെ നാഗരികമായ പതിപ്പാണ്. ചുരുക്കത്തില്‍ അര്‍ജന്റീനയിലെ ഫൂട്‌ബോള്‍ ചരിത്രപരമായിത്തന്നെ ആണത്തത്തിന്റെ ആഘോഷമാണ്.

കളിക്കാരുടെ ഗാര്‍റ (പോരാട്ടവീര്യം)യാവട്ടെ, കാണികളുടെ/ ആരാധകരുടെ അഹ്വാന്തെ(ചങ്കൂറ്റം)യാവട്ടെ, രണ്ടിലും മുഴക്കത്തോടെ നിലനില്‍ക്കുന്നത് പൗരുഷത്തിന്റെ അക്രമാസക്തമായ കരുത്താണ്. ക്രൈസ്തവ സദാചാരത്താല്‍ നിയന്ത്രിതമായ ഇംഗ്ലീഷുകാരുടെ വ്യവസ്ഥാപിതമായ പൗരുഷ സങ്കല്‍പത്തിനെതിരായ കലാപമെന്ന നിലയില്‍ ഉയര്‍ന്നുവന്ന തനതു ശൈലി പ്രധാനമായും വ്യവസ്ഥയെയാണ് ചോദ്യം ചെയ്തത്. അതുകൊണ്ടു തന്നെ അത് കൂടുതല്‍ കൂടുതല്‍ വന്യവും സ്വതന്ത്രവുമാവുകയാണ് ചെയ്തത്. മറഡോണ വരെയുള്ള മിക്കവാറും എല്ലാ കളിക്കാരും ഏറിയോ കുറഞ്ഞോ ഈ വന്യപൗരുഷത്തെ സ്വാംശീകരിച്ചവരാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട ഹിംസാത്മക പൗരുഷത്തിന്റെ പേരാണ് ദ്യേഗോ അര്‍മാന്‍ഡോ മറഡോണ.

നഗരപ്രാന്തത്തിലെ ചേരിയിലെ ജനനവും അസാധാരണമായ സിദ്ധികളും കലാപോന്മുഖമായ സ്വഭാവസവിശേഷതയും എല്ലാത്തിലുമുപരിയായ പീബെയുടെ സ്വതസിദ്ധമായ ഉത്തരവാദിത്തരാഹിത്യവുമാണ് അയാളെ ക്രിയോഷോ ഫൂട്‌ബോളിന്റെ എക്കാലത്തേയും വലിയ വിഗ്രഹമാക്കിമാറ്റിയതെന്ന് ഗവേഷകനായ കാര്‍ലോസ് ആന്ദ്രെയാസ് ബെര്‍തോല്യോ നിരീക്ഷിക്കുന്നുണ്ട്. അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ ഏറ്റവും വലിയ ഉത്തേജനസ്രോതസ്സായി മറഡോണ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഈ ചരിത്രാഖ്യാനത്തിനു തന്നെ ലിയൊണല്‍ മെസ്സിയെന്ന വ്യതിയാനം സംഭവിക്കുന്നത്. തൊണ്ണൂറുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ തെക്കനമേരിക്കന്‍ ഫൂട്‌ബോള്‍ ഒര്‍തേഗ, അയ്മര്‍, റിക്വില്‍മെ, സാവിയോള തുടങ്ങി പീബെയുടെ വാര്‍പ്പു മാതൃകകളില്‍ മറഡോണയുടെ പിന്‍ഗാമികളെ തേടിക്കൊണ്ടിരിക്കെയാണ് ഈ നൂറ്റാണ്ടില്‍ മെസ്സി സംഭവിക്കുന്നത്. അത് പീബെ എന്ന ക്ലാസ്സിക്കല്‍ സങ്കല്‍പത്തിന്റെ എല്ലാ അര്‍ത്ഥത്തിലുമുള്ള പൊളിച്ചെഴുത്തായി വായിക്കാവുന്നതാണ്.

ആത്മവിശ്വാസത്തിന്റെ നെഞ്ചൂക്കില്ലാത്ത ദുര്‍ബലമെന്നു തോന്നിക്കുന്ന ശരീരപ്രകൃതിയാണ് മെസ്സി, മറഡോണ എന്ന പൗരുഷ സങ്കല്‍പത്തിന്റെ എതിര്‍വശത്ത് വെക്കുന്നത്. യഥാര്‍ത്ഥത്തില്‍ മെസ്സി എന്ന കളിക്കാരന്‍ കായികമായി ഒട്ടുമേ ദുര്‍ബലനല്ലെന്നറിയാന്‍ അയാളുടെ അടുത്തു ചെല്ലുക തന്നെ വേണം. തന്നെ ശാരീരികമായി പ്രദര്‍ശനത്തിനു വക്കുന്നില്ലെന്നിടത്ത് മെസ്സി നിശ്ശബ്ദമായി ഹിംസാത്മക പൗരുഷത്തെ തന്നെ വെല്ലുവിളിക്കുന്നുണ്ട്. ഒരു പക്ഷെ മെസ്സി എന്ന താരശരീരത്തിന്റെ രാജ്യാന്തര വിപണി ആവശ്യപ്പെടുന്ന പ്രതിച്ഛായതന്നെയാവാം ഇത്.
വ്യക്തി എന്ന നിലയിലും മറഡോണ മുന്നോട്ടു വച്ച ജീവിതാഘോഷത്തില്‍ നിന്ന് അകലം പാലിക്കുന്നുവെന്ന പ്രതിഛായ സൃഷ്ടിക്കുന്നുണ്ട് മെസ്സി. രതിയും ലഹരിയും ഹിംസയും നിറഞ്ഞ മറഡോണയുടെ നിശാജീവിതത്തിനഭിമുഖമായി കുടുംബം, സൗഹൃദം, ശാന്തത തുടങ്ങിയ സൗമ്യഗുണങ്ങളുടെ അകമ്പടിയോടെയാണ് മെസ്സി അയാളെ സ്വയം പ്രതിഷ്ഠിക്കുന്നത്. എല്ലാറ്റിലുമുപരി കരയുന്ന പുരുഷനെന്ന നിലയില്‍ അവനവനെ അവതരിപ്പിക്കാന്‍ മെസ്സി ഒട്ടും തന്നെ മടി കാണിക്കുന്നുമില്ല.

ബാഴ്‌സലോണ വിട്ട് പാരീ സാന്‍ ജേര്‍മാനിലേക്കു പോകാനുള്ള തീരുമാനമെടുത്ത ദിവസത്തെ കുറിച്ച് മെസ്സി ജീവചരിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ ഗ്വിയ്യെം ബലാഗെയോട് പറയുന്നതിങ്ങനെയാണ്, ‘ബാഴ്സലോണ ഫൂട്ബോള്‍ ക്ലബ്ബുമായുള്ള ബന്ധം അവസാനിച്ചിരിക്കുന്നുവെന്ന് അച്ഛനെന്നോടു പറയുമ്പോള്‍ എനിക്കെന്തു വേണമെന്നറിയില്ലായിരുന്നു. അല്‍പ നിമിഷത്തിനു ശേഷം ഞാനിക്കാര്യം ആന്റൊണെല്ലയോടു പറഞ്ഞു. ഏറെ നേരം ഞങ്ങള്‍ കെട്ടിപ്പിടിച്ച് കരഞ്ഞു. അതിനു ശേഷം മക്കളോട് വിവരം പറയാന്‍ തയ്യാറെടുത്തു. അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ട്, വിഷമമുണ്ടെങ്കിലും അവര്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. തിയാഗോക്ക് നല്ല വിഷമമുണ്ടെന്നെനിക്കറിയാം. അവന്‍ എന്നെ പോലെയാണ്. ഒന്നും പക്ഷെ പുറത്തു കാണിക്കില്ല.’

കളിയില്‍ നിന്ന് എന്നെന്നേക്കുമായി പുറത്താക്കപ്പെട്ടപ്പോള്‍ മറഡോണയും കരഞ്ഞിട്ടുണ്ട്. പക്ഷെ അവിടേയും അയാളിലെ പോരാളി പൗരുഷം ഉടന്‍ നിയന്ത്രണമെറ്റെടുക്കുന്നുണ്ട്. ഇത് ചതിയാണെന്നും ഇതിനെ താന്‍ നേരിടുമെന്നും പറഞ്ഞ് നെഞ്ചുവിരിച്ചാണ് ദ്യേഗോ മാധ്യമങ്ങളെ നേരിട്ടത്. അവിടെ നിന്ന്, ബാഴ്‌സലോണ വിടുമ്പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരയുന്ന, കുടുംബത്തിനകത്ത് ഏറ്റവും സ്വകാര്യമായ നിമിഷത്തില്‍ പൊഴിച്ച കണ്ണീരിനെ പറ്റി അഭിമുഖത്തില്‍ തുറന്നു പറയുന്ന ലിയോ മെസ്സിയുടെ ദുര്‍ബല പൗരുഷത്തിലേക്ക് ഏറെ ദൂരമുണ്ട്. അര്‍ജന്റൈന്‍ ഫുട്ബോളിന്റെ പരമ്പരാഗതമായ ആണത്തവീറിനെ അവഗണിക്കുന്നതുകൂടിയാണ് മെസ്സി സ്വദേശത്തെ ആരാധകര്‍ക്ക് അന്യനാവുന്നതിന്റെ ഒരു കാരണമെന്ന് അമേരിക്കന്‍ ഗവേഷകയായ ബ്രെന്‍ഡ എല്‍സി നിരീക്ഷിക്കുന്നുണ്ട്. എഴുപതുകളിലെ പട്ടാളഭരണകാലത്ത് കാണാതായ (കൊല്ലപ്പെട്ട) മക്കള്‍ക്കുവേണ്ടി അനിശ്ചിതകാലം സമരം ചെയ്ത അമ്മമാരോട് – മാദ്രെ ദ് പ്ലാത്താ ദ് മയോ (Mothers of the May square)- ഐക്യപ്പെട്ടിട്ടും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടും മെസ്സിക്ക് അര്‍ജന്റൈന്‍ ഇടതുപക്ഷത്തിന്റേയോ കത്തോലിക്ക വിശ്വാസികളുടേയോ മനമറിഞ്ഞുള്ള പിന്തുണ ലഭിക്കാത്തിനും കാരണം മറ്റൊന്നല്ല, ‘അവനൊരാണ്‍കുട്ടിയല്ല’ എന്ന ബോധമാണ്.

ലോകത്തിലെ മികച്ച ഫുട്ബോളര്‍ താനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറഡോണ നല്‍കിയിട്ടുള്ള ഏറ്റവും പ്രശസ്തമായ മറുപടി ‘ എന്റെ അമ്മ അങ്ങനെ വിചാരിക്കുന്നുണ്ട്. അവരങ്ങനെ കരുതുന്നുവെങ്കില്‍ എനിക്കും സംശയമുണ്ടാവേണ്ട കാര്യമില്ല, ലോകത്തിലേക്കും മികച്ചവന്‍ ഞാന്‍ തന്നെയാവും’എന്നാണ്. ഇതേ ചോദ്യത്തിന് ഒരു പക്ഷെ മറഡോണയേക്കാള്‍ തന്റേടത്തോടെ മറുപടി നല്‍കിയത് ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്. ഏറ്റവും മികച്ച കളിക്കാരന്‍ താനല്ലാതെ മറ്റാരുമല്ലെന്ന് പറയാന്‍ റോണോക്ക് അമ്മയുടെ ജാമ്യം പോലും വേണ്ടി വന്നിട്ടില്ല. അതേസമയം ഇതേ ചോദ്യത്തെ മെസ്സി നേരിട്ടത് തന്നെ ഒന്നാമനായി കണക്കാക്കേണ്ടതില്ലെന്ന് വിനയാന്വിതനായിക്കൊണ്ടാണ്. സ്വഭാവ നിര്‍മ്മിതിയിലെ ഈ വൈരുദ്ധ്യം മെസ്സിക്ക്, മറഡോണക്കും റൊണാള്‍ഡോക്കുമില്ലാത്ത മറ്റൊരു വിപണിമൂല്യമാണ് നല്‍കുന്നതെന്നും ബ്രെന്‍ഡ എല്‍സി ചൂണ്ടിക്കാട്ടുന്നു.

ഗോള്‍ഡന്‍ ബാച്ലര്‍ മാര്‍ക്കെറ്റെന്നറിയപ്പെടുന്ന യുവത്വത്തിന്റെ മോളുകളില്‍ മെസ്സിയേക്കാള്‍ വിലയുള്ളതാരം റൊണാള്‍ഡോയാണ്. അതുകൊണ്ടാണ് വ്യവസ്ഥാപിത കുടുംബത്തിന് പുറത്ത് സിംഗ്ള്‍ ഫാദറായി കുട്ടികളെ വളര്‍ത്താനും അവനവനെ പ്രദര്‍ശിപ്പിക്കാനുള്ള മ്യൂസിയമൊരുക്കാനും മുപ്പത്തിയാറാം വയസ്സിലും കളിക്കളത്തില്‍ ശരീരപ്രദര്‍ശനം നടത്തുന്ന ഷോബോട്ടറായി തുടരാനും റൊണാള്‍ഡോക്ക് കഴിയുന്നത്. മെസ്സിയാവട്ടെ കുടുംബത്തെ ശരീരത്തില്‍ പച്ചകുത്തി, പൊതുവേദികളിലെ സംസാരം പരമാവധി കുറച്ച് കൂടുതല്‍ കൂടുതല്‍ ഉള്‍വലിയുകയും ചെയ്യുന്നു. ലോകമെങ്ങുമുള്ള മധ്യവര്‍ഗ്ഗ പൊതുബോധത്തെ അത് വലിയ രീതിയില്‍ തൃപ്തിപ്പെടുത്തുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍. ആണത്താഘോഷത്തിന്റെ ഉത്തുംഗത്തില്‍ നില്‍ക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അപരബിംബമായി ലിയൊണല്‍ മെസ്സിയെ കളത്തിനു പുറത്തും അവതരിപ്പിക്കാനുള്ള വിപണിയുടെ തന്ത്രമായും ഇത് വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നു മാത്രം.

ഫുട്ബോളില്‍ മത്സരശേഷം എതിരാളികളുമായി സൗഹൃദം പങ്കിടാനുള്ള സമയത്തെ കളിയുടെ തേഡ് ഹാഫ് എന്ന് പറയാറുണ്ട്. അര്‍ജന്റീനയിലെ ഫുട്ബോള്‍ മത്സരങ്ങള്‍ പലപ്പോഴും അക്രമത്തിലവസാനിക്കാറുള്ളതിനാല്‍ തേഡ് ഹാഫ് ഔദ്യോഗികമായിത്തന്നെ ഒഴിവാക്കാറുണ്ട്. കളിയുടെ വീറും വാശിയും കളത്തിനു പുറത്തേക്കും കൊണ്ടുപോവുന്നതുതന്നെയാണ് ചരിത്രപരമായി അര്‍ജന്റൈന്‍ ആരാധകസംസ്‌കാരം. മെസ്സിയുടെ വരവോടെ മൂന്നാംപകുതി വീണ്ടും സജീവമാകുന്നുണ്ടെന്നത് ഇതിനാല്‍ തന്നെ ശ്രദ്ധേയവുമാണ്. കോപ്പ അമേരിക്ക വിജയത്തിനു ശേഷം നെയ്മറിനെ ആശ്ലേഷിക്കുകയും, ബ്രസീല്‍ ടീമിനെ അപഹസിക്കുന്ന പാട്ടു പാടുന്നതില്‍ നിന്ന് റൊദ്രീഗോ ഡി പോളിനെ വിലക്കുകയും ചെയ്യുന്ന മെസ്സിയുടെ വീഡിയോ വൈറലാകുന്നത് അയാള്‍ മുന്നോട്ടുവക്കുന്ന പുതിയ സൗമ്യപൗരുഷത്തിന് രാജ്യാന്തരതലത്തില്‍ കിട്ടുന്ന സ്വീകാര്യതയായിട്ടാണ് കാണേണ്ടത്. മെസ്സിയുടെ ആരാധകസമൂഹത്തിന്റെ തലസ്ഥാനം അര്‍ജന്റീനക്കു പുറത്താണെന്ന വാദത്തെ സാധൂകരിക്കുന്നതു കൂടിയാണിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: life of lionel messi – rajeev ramachandran writes