അന്നത്തെ ചങ്കൂറ്റമോർത്ത് ഇന്നും ചിരിക്കും, ജീവിതം സിനിമയേക്കാൾ അതിശയം: സുരാജ് വെഞ്ഞാമൂട്
Malayalam Cinema
അന്നത്തെ ചങ്കൂറ്റമോർത്ത് ഇന്നും ചിരിക്കും, ജീവിതം സിനിമയേക്കാൾ അതിശയം: സുരാജ് വെഞ്ഞാമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 8:01 am

മിമിക്രിയിലൂടെ സിനിമയില്‍ വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോള്‍ കോമഡിയില്‍ നിന്നും മാറി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമപ്രേമികളെ വിസ്മയിപ്പിക്കുകയാണ് അദ്ദേഹം. വിക്രം നായകനായ വീര ധീര സൂരന്‍ എന്ന സിനിമയിലൂടെ തമിഴിലും താരം ചുവടുറപ്പിച്ചു.

ഇപ്പോൾ താൻ മിമിക്രിയിലേക്ക് വന്നതിനെപ്പറ്റി സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

‘ആളുകളെ ചിരിപ്പിക്കാനുള്ള എന്റെ ശ്രമങ്ങൾ തുടങ്ങുന്നത് ഹൈസ്കൂൾ കാലം മുതലാണ്. എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് മിമിക്രി പരിശീലനത്തിന്റെ തുടക്കം,’ സുരാജ് പറഞ്ഞുതുടങ്ങി.

സഹോദരൻ വഴിയാണ് താൻ മിമിക്രിയിലേക്കെത്തിയതെന്നും സഹോദരനും സുഹൃത്തുക്കളും ചേർന്ന് ‘വെഞ്ഞാറമൂട് സുഹൃദ് സംഘം’ എന്നപേരിൽ ഒരു മിമിക്രി ട്രൂപ്പുണ്ടാക്കിയപ്പോൾ താൻ അവർക്കൊപ്പം സഹായി ആയിട്ടാണ് ചേർന്നത് എന്ന് സുരാജ് വെഞ്ഞാറമൂട് പറയുന്നു.

അവിടെനിന്ന് കണ്ടും കേട്ടും പലതും പഠിച്ചെടുത്തുവെന്നും മിമിക്രിയും അഭിനയവുമാണ് ഭാവിജീവിതത്തെ നയിക്കുക എന്നൊരു തോന്നൽ മനസിൽ പോലും ഇല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതം സിനിമാക്കഥകളെക്കാൾ അതിശയിപ്പിക്കുന്നതാണെന്ന് ഇന്ന് തനിക്ക് അറിയാമെന്നും സുരാജ് പറഞ്ഞു.

‘ശബ്ദമുറയ്ക്കാത്ത കാലത്ത് മിമിക്രിയെന്ന പേരിൽ ഞാൻ നടത്തിയ ചില സൂത്രപ്പണികളും അന്നത്തെ ചങ്കൂറ്റവുമോർത്ത് ഇന്ന് ചിലപ്പൊഴൊക്കെ ഞാൻ ചിരിക്കാറുണ്ട്. ഉപദേശിക്കാനും മാർഗനിർദേശം നൽകാനും വലിയ ജീവിതങ്ങളൊന്നും മുന്നിലുണ്ടായിരുന്നില്ല. പല ഘട്ടങ്ങളിലും സ്വയം
ചുവടുറപ്പിച്ചൊരു കുതിപ്പായിരുന്നു,’ സുരാജ് പറയുന്നു.

വരുന്നിടത്തുവെച്ച് കാണാമെന്ന ധൈര്യം മാത്രമായിരുന്നു അന്നുണ്ടായിരുന്ന കൈമുതലെന്നും ആൾക്കൂട്ടത്തെ ചിരിപ്പിക്കാനുള്ള ആഗ്രഹമായിരുന്നു യാത്രയുടെ കരുത്തെന്നും നടൻ പറഞ്ഞു.

ഇന്നത്തെ കാലത്തെ ട്രോളുകളെക്കുറിച്ചും സുരാജ് സംസാരിച്ചു,

രണ്ടര മണിക്കൂർ സിനിമ നൽകുന്ന ചിരികളേക്കാൾ വലിയ തമാശകൾ ഇന്ന് മൊബൈൽ ഫോണിലെത്തുന്ന ട്രോളുകൾക്ക് നൽകാൻ കഴിയുന്നുണ്ടെന്നും ഇതുണ്ടാക്കുന്നവരുടെ നർമ ബോധത്തെ നമിക്കുന്നുവെന്നും സുരാജ് വെഞ്ഞാറമൂട് കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയിൽ സംസാരിക്കുകയായിരുന്നു സുരാജ്.

Content Highlight: Life is more amazing than movies says Suraj Venjamoodu