ചെന്നൈ: അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതി കുറഞ്ഞത് 30 വർഷമെങ്കിലും ജയിലിൽ കഴിയണമെന്നും കോടതി ഉത്തരവിട്ടു. പ്രതിയായ എ. ജ്ഞാനശേഖരനാണ് ചെന്നൈ മഹിള കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
ബലാത്സംഗം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 11 കുറ്റങ്ങളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മഹിള കോടതി ജഡ്ജി എം. രാജലക്ഷ്മിയാണ് വിധി പുറപ്പെടുവിച്ചത്.
തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കേസില്‍ പ്രത്യേക അന്വേഷണ സമിതി 100 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 29 സാക്ഷികളാണ് മൊഴി നല്‍കിയത്. ഡിസംബറില്‍ അതിജീവിതയുടെ ഐഡന്റിറ്റി പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി, കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതി രൂപികരിക്കുകയായിരുന്നു.
സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ക്യാമ്പസിന് സമീപം ബിരിയാണിക്കട നടത്തുന്ന ആളാണ് പ്രതിയായ ജ്ഞാനശേഖരന്‍.