ജയ്പൂര്‍: മതപരിവര്‍ത്തനം തടയുന്നതിനായി ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ പുതിയനിയമം. ചൊവ്വാഴ്ചയാണ് രാജസ്ഥാനില്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ബില്‍ നിയമസഭ പാസാക്കിയത്. ഇതുപ്രകാരം മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപവരെ പിഴയും ലഭിച്ചേക്കുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
നിര്‍ബന്ധിതമായോ കബളിപ്പിച്ചോ പ്രലോഭിപ്പിച്ചോ ബലംപ്രയോഗിച്ചോ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ക്കാണ് കടുത്തശിക്ഷ ലഭിക്കുക.
കൂട്ട മതപരിവര്‍ത്തനങ്ങള്‍ നടത്തിയാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ഇത്തരം കേസുകളില്‍ കുറ്റം നടന്നോ എന്ന് സെഷന്‍സ് കോടതിക്ക് കണ്ടെത്താവുന്നതാണ്. ജാമ്യമില്ലാ കുറ്റം ചുമത്താനും വിചാരണ ചെയ്യാനും സെഷന്‍സ് കോടതിക്ക് അധികാരമുണ്ടായിരിക്കും.
ഏതെങ്കിലും വിവാഹം മതപരിവര്‍ത്തനത്തിനായി മാത്രം നടത്തിയതാണെന്ന് തെളിയിക്കാനായാല്‍ ആ വിവാഹം അസാധുവായി പ്രഖ്യാപിക്കും. ഇത്തരം വിവാഹങ്ങള്‍ക്ക് മുമ്പോ ശേഷമോ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമായിരിക്കുമെന്നും ബില്ലില്‍ പറയുന്നു. ബില്‍ പ്രകാരം മുമ്പത്തെ മതത്തിലേക്ക് മടങ്ങുന്നവരെ ബില്ലില്‍ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷമായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബില്ലില്‍ പ്രതിഷേധിച്ച് നിയമസഭയിലെ ചര്‍ച്ച ബഹിഷ്‌കരിച്ചു. മുദ്രാവാക്യങ്ങള്‍ വിളിച്ചും ചര്‍ച്ച തടസപ്പെടുത്തിയുമായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്.
പുതിയനിയമം സംസ്ഥാനത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു.
എന്നാല്‍, ഈ ബില്‍ പാസാക്കുന്നത് സമൂഹത്തില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തുന്നതിന് പാതയൊരുക്കുമെന്ന് രാജസ്ഥാന്‍ ആഭ്യന്തര സഹമന്ത്രി ജലഹര്‍ലാല്‍ സിങ് ബേധാം അവകാശപ്പെട്ടു.
അതേസമയം, ഈ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ മതപരിവര്‍ത്തന വിരുദ്ധനിയമം നിലവില്‍ വരുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമാകും രാജസ്ഥാന്‍. ഒഡിഷ, അരുണാചല്‍പ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, കര്‍ണാടക, ജാര്‍ഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ളത്.
Content Highlight: Life imprisonment and fine up to Rs 1 crore; Rajasthan passes bill banning religious conversion