കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കഴിഞ്ഞദിവസം പിടിയിലായ ടി.കെ. രജീഷിന്റെ ജീവിതകഥയില്‍ ശരിക്കും ഒരു സിനിമയ്ക്കുള്ള സാധ്യതയുണ്ട്. ഒരു പട്ടാളക്കാരനാകാനായിരുന്നു രജീഷിന് ഇഷ്ടം. എന്നാല്‍ പട്ടാളക്കാരനാകാനാഗ്രഹിച്ച രജീഷ് ഒടുക്കം എത്തിയത് ഒരു ക്വട്ടേഷന്‍ സംഘത്തിലാണ്. പിന്നീട് രജീഷ് ഈ സംഘത്തിന്റെ തലവനായി വളര്‍ന്നു.
കണ്ണൂരില്‍ കരസേനാ റിക്രൂട്ട്‌മെന്റ് റാലി നടന്ന സമയത്താണ് രജീഷ് ആദ്യജോലിക്കുള്ള ശ്രമം നടത്തിയത്. ദൃഢഗാത്രനായ രജീഷ് കായികക്ഷമത പരീക്ഷയില്‍ ജയിച്ച് സേനയില്‍ പരിശീലനത്തിന് ചേരുകയും ചെയ്തു. എന്നാല്‍, കാഠിന്യമേറിയ പരിശീലനം പാതിവഴിക്ക് ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. പത്തൊന്‍പതാം വയസ്സിലായിരുന്നു ഈ കരസേനാ പരിശീലനം.
സി.പി.ഐ.എം അനുഭാവിയായ രജീഷ് നാട്ടില്‍ തിരിച്ചെത്തി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ആ സമയത്ത് പാര്‍ട്ടിക്ക് വേണ്ടി ചില ക്വട്ടേഷന്‍ ജോലികളും ചെയ്തു. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു 1999 ഡിസംബര്‍ ഒന്നിന് തലശ്ശേരിയില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജയകൃഷ്ണന്‍മാസ്റ്ററെ വധിക്കുന്നത്. ഈ കുറ്റകൃത്യത്തില്‍ രജീഷിന് വ്യക്തമായ പങ്കുണ്ടായിരുന്നെങ്കിലും പോലീസിന് ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ പിന്നീട് താന്‍ പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍ രജീഷ് പള്ളൂര്‍ സ്വദേശിയായ ബാറുടമയുടെ സഹായത്തോടെ മുംബൈയിലേക്ക് നാടുവിട്ടു. അവിടെ ഒരു ഡാന്‍സ് ബാറില്‍ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കി. എന്നാല്‍ പിന്നീട് ഇത്തരം ഡാന്‍സ് ബാറുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് രജീഷ് മറ്റെന്തെങ്കിലും ജോലി കണ്ടെത്താന്‍ ശ്രമിച്ചു. ഇതില്‍ പരാജയപ്പെട്ടപ്പോഴാണ് തിരികെ നാട്ടില്‍ വരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
അങ്ങനെ രജീഷ് മാഹി കേന്ദ്രീകരിച്ച് കോഴിവില്‍പ്പന കേന്ദ്രം തുടങ്ങി. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന കോഴികള്‍ മാഹിയിലേക്കെന്ന വ്യാജേന നികുതിവെട്ടിച്ച് കേരളത്തില്‍ വില്‍പ്പന നടത്തി വന്‍ തുക തട്ടുകയും ചെയ്തു വരികയായിരുന്നു. ഈ സമയത്താണ് ടി.പി ചന്ദ്രശേഖരനെ വധിക്കാനുള്ള ക്വട്ടേഷന്‍ രജീഷിന് ലഭിച്ചത്.
നേരത്തെ കിര്‍മാണി മനോജും പിന്നീട് കൊടി സുനിയെയും ഈ ചുമതല ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അവരൊക്കെ പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടിക്കുവേണ്ടി നേരത്തെ പലകുറ്റകൃത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി രജീഷില്‍ ഏല്‍പ്പിച്ചവര്‍ക്ക് നല്ല വിശ്വാസമായിരുന്നു.
കൊലപാതകത്തിനുശേഷം മുംബൈയിലേക്കാണ് രജീഷ് പോയത്. പോലീസിന്റെ കണ്ണ് അവിടെയുമെത്തിയതോടെ ഗ്രാമപ്രദേശങ്ങളിലേക്ക് മാറി. സാംഗ്ലി ജില്ലയിലെ അക്ലോഗി എന്ന കുഗ്രാമത്തിലാണ് ഒരാഴ്ചയോളം ഒളിവില്‍ കഴിഞ്ഞത്. ഈ സമയത്ത് രജീഷില്‍ ഫോണില്‍ പല സി.പി.ഐ.എം നേതാക്കളുമായി ബന്ധപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രജീഷ് പിടിയിലായത്.
