2026 ഐ.പി.എല്ലിന് മുന്നോടിയായിയുള്ള താരലേലം കഴിഞ്ഞ ദിവസമാണ് നടന്നത്. അതില്‍ ആരാധകരുടെ കണ്ണ് തള്ളുന്ന പല സര്‍പ്രൈസ് ബിഡ്ഡുകളുമുണ്ടായിരുന്നു. 30 ലക്ഷം വരുന്ന രണ്ട് ഇന്ത്യന്‍ അണ്‍ ക്യാപ്പ്ഡ് താരങ്ങളെ കോടികള്‍ മുടക്കി ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തം തട്ടകത്തിൽ എത്തിച്ചതായിരുന്നു ഒരു സര്‍പ്രൈസ്. അതുപോലെ തന്നെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണിന്റെ ബിഡ്ഡിങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ടു.
കഴിഞ്ഞ ദിവസം ദുബായിയില്‍ നടന്ന ലേലത്തില്‍ സെറ്റ് രണ്ടിലെ ആദ്യ വിളിയില്‍ ആരും ലിവിങ്സ്റ്റണെ തിരിഞ്ഞ് നോക്കിയില്ല. രണ്ട് കോടിയായിരുന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടറുടെ ബേസ് പ്രൈസ്. മുമ്പ് ഐ.പി.എല്ലിലടക്കം വെടിക്കെട്ടുമായി തിളങ്ങിയ താരം ആരും വാങ്ങാനില്ലെന്നത് ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
എന്നാല്‍, രണ്ടാമതും ലിവിങ്സ്റ്റണിന്റെ പേര് വിളിച്ചപ്പോള്‍ കോടികള്‍ വാങ്ങിയത് ഒന്നുകൂടി ആരാധകരെ ഞെട്ടിച്ചു. താരത്തിന്റെ പേര് വീണ്ടും എത്തിയപ്പോള്‍ എസ്.ആര്‍.എച്ചിന് പുറമെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (കെ.കെ.ആര്‍), ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും (എല്‍.എസ്.ജി) രംഗത്തെത്തി.
ലിയാം ലിവിങ്സ്റ്റൺ . Photo: Ajay Jangid/x.com
മൂന്ന് ടീമുകളും ഇംഗ്ലണ്ട് താരത്തെ ടീമിലെത്തിക്കാന്‍ കടുത്ത പോരാട്ടമാണ് നടത്തിയത്. എന്നാല്‍, പാതി വഴിയില്‍ കെ.കെ.ആര്‍ പിന്മാറി. പിന്നീട് എസ്.ആര്‍.എച്ചും എല്‍.എസ്.ജിയുമായി വാശിയേറിയ മത്സരം. ഇരു ടീമുകളും ഒട്ടും പിന്മാറാതെ മുന്നോട്ട് പോയതോടെ ലിവിങ്സ്റ്റണിന്റെ വില പത്ത് കോടി കടന്നു.
ഒടുവില്‍ 13 കോടിക്ക് എസ്.ആര്‍.എച്ച് ലിവിങ്സ്റ്റണെ ഹൈദരാബാദിലെത്തിച്ചു. അതോടെ ഈ സീസണിലെ ഏറ്റവും വില കൂടിയ മൂന്നാമത്തെ വിദേശ താരമാകാന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ക്ക് സാധിച്ചു.
Content Highlight: Liam Livingstone gets 13 crore in IPL mini auction 2025 after became unsold