മെസിയാട്ടത്തില്‍ മുങ്ങിപ്പോയ അള്‍ട്ടിമേറ്റ് അട്ടിമറി; 'ഗോട്ട് ആന്തണിയെ' കരയിച്ച് ആദ്യ വിജയം
Sports News
മെസിയാട്ടത്തില്‍ മുങ്ങിപ്പോയ അള്‍ട്ടിമേറ്റ് അട്ടിമറി; 'ഗോട്ട് ആന്തണിയെ' കരയിച്ച് ആദ്യ വിജയം
ആദർശ് എം.കെ.
Sunday, 30th August 2026, 5:01 pm

മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസിയുടെയും ഇന്റര്‍ മയാമിയുടെയും തിരിച്ചുവരവില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാതെ പോയി ലാ ലിഗയില്‍ ലെവന്റെയുടെ തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകമായ എസ്റ്റാഡി സിയുറ്ററ്റ് ഡെ വലന്‍സിയയില്‍ നടന്ന മത്സരത്തില്‍ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തിയാണ് ലെവന്റെ വിജയം സ്വന്തമാക്കിയത്.

പ്രൊമേഷനിലൂടെ സ്‌പെയ്‌നിന്റെ ടോപ്പ് ടയര്‍ ലീഗില്‍ കളിക്കാന്‍ യോഗ്യത നേടിയ ഗ്രാനോട്‌സിന്റെ സീസണിലെ ആദ്യ ജയമാണിത്. രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു ലെവന്റെ വിജയിച്ചുകയറിയത്.

സീസണില്‍ ഇതിന് മുമ്പ് കളിച്ച രണ്ട് മത്സരത്തിലും വിജയിച്ച് മിന്നുന്ന ഫോമിലുള്ള റയല്‍ ബെറ്റിസും രണ്ട് കളിയില്‍ ഒരു തോല്‍വിയും ഒരു സമനിലയുമായി പരുങ്ങി നിന്ന ലെവന്റെയും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ബെറ്റിസിന് തന്നെയാണ് ആരാധകര്‍ സാധ്യത കല്‍പിച്ചിരിക്കുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലാ ലിഗയെ പ്രതിനിധീകരിക്കുന്ന ടീമും രണ്ടാം ഡിവിഷനില്‍ നിന്നും ലീഗ് കളിക്കാനെത്തി, ഇനിയും ജയം നേടാനാകാത്ത ടീമും തമ്മിലേറ്റുമുട്ടുമ്പോള്‍ ആരും അത്ഭുതങ്ങളൊന്നും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വലന്‍സിയയിലെ ആ വേദി സാക്ഷ്യം വഹിച്ചത് മറ്റൊരു കാഴ്ചയ്ക്കായിരുന്നു.

മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് മാനുവല്‍ പെലിഗ്രിനിയെന്ന മജീഷ്യന്‍ ബെറ്റിസിനെ കളത്തിലിറക്കിയത്. ആന്തണിയും ട്രോയ് പാരട്ടും അടങ്ങുന്ന ബെറ്റിസിനെ നേരിടാന്‍ ലെവന്റെ അവലംബിച്ചതാകട്ടെ 4-1-4-1 എന്ന ശൈലിയും.

മത്സരത്തിന്റെ 17ാം മിനിട്ടില്‍ റയല്‍ ബെറ്റിസാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ വാറിലൂടെ ആ ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ഏഴ് മിനിട്ടിനിപ്പുറം ലെവന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി. ജോണ്‍ ആന്‍ഡെര്‍ ഒലാസ്ഗസ്തിയുടെ അസിസ്റ്റില്‍ അഡ്രിയാന്‍ ഡി ലാ ഫ്യുവന്റെയാണ് ഗോള്‍ നേടിയത്.

ഗോള്‍ വഴങ്ങി പത്താം മിനിട്ടില്‍ മാര്‍ക് ബാര്‍ട്രയിലൂടെ ബെറ്റിസ് ഒപ്പമെത്തി.

ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ എന്‍സോ ബര്‍ദേലിയിലൂടെ ലെവന്റെ ലീഡ് നേടിയെങ്കിലും ആഡ് ഓണ്‍ ടൈമില്‍ തന്നെ റോഡ്രിഗോ റിക്വില്‍മിയിലൂടെ ബെറ്റിസ് വീണ്ടും ഈക്വലൈസര്‍ നേടി. ഇതോടെ 2-2 എന്ന നിലയില്‍ ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ കളത്തിലിറങ്ങിയ ലെവന്റെ 56ാം മിനിട്ടില്‍ റോജര്‍ ബ്രുഗുവിലൂടെ മുമ്പിലെത്തി. എന്‍സോ ബര്‍ദോലിയാണ് ഗോളിന് വഴിയൊരുക്കിയത്. 70ാം മിനിട്ടില്‍ ബ്രൂഗു തന്റെ രണ്ടാം ഗോളും ഗ്രാനോട്‌സിന്റെ നാലാം ഗോളും വലയിലെത്തിച്ചു.

ആഡ് ഓണ്‍ ടൈമില്‍ ഒലാസ്ഗസ്തിയിലൂടെ അഞ്ചാം ഗോളും നേടിയ ലെവന്റെ ബെറ്റിസിന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു.

ഇതോടെ മൂന്ന് മത്സരത്തില്‍ ഒരോ വിജയവും തോല്‍വിയും സമനിലയുമായി നാല് പോയിന്റോടെ എട്ടാമതാണ് ലെവന്റെ. അതേസമയം, മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റുമായി ആറാം സ്ഥാനത്താണ് ബെറ്റിസ്.

സെപ്റ്റംബര്‍ ആറിനാണ് ലെവന്റെയുടെ അടുത്ത മത്സരം. മലാഗയാണ് എതിരാളികള്‍.

 

Content Highlight: Levante defeated Real Betis

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.