വര്‍ഷങ്ങള്‍ കൊണ്ട് എന്റെ ശബ്ദം ട്രെന്‍ഡായി; കെ.ജി.എഫിലേക്ക് ഡബ്ബ് ചെയ്യാന്‍ വിളിച്ചു: ലെന
Entertainment news
വര്‍ഷങ്ങള്‍ കൊണ്ട് എന്റെ ശബ്ദം ട്രെന്‍ഡായി; കെ.ജി.എഫിലേക്ക് ഡബ്ബ് ചെയ്യാന്‍ വിളിച്ചു: ലെന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st August 2023, 6:21 pm

കെ.ജി.എഫ് എന്ന സിനിമയിലേക്ക് ഡബ്ബ് ചെയ്യാന്‍ വിളിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടി ലെന. വര്‍ഷങ്ങള്‍ കൊണ്ട് തന്റെ ശബ്ദം ട്രെന്‍ഡാവുകയായിരുന്നെന്നും അതിന് ശേഷമാണ് കെ.ജി.എഫിലേക്ക് ഡബ്ബ് ചെയ്യാന്‍ വിളിച്ചതെന്നും നടി പറഞ്ഞു. സ്‌കൈലാര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ശങ്കര്‍ രാമകൃഷ്ണന്‍ ആയിരുന്നു കെ.ജി.എഫിലേക്ക് ഡബ്ബ് ചെയ്യാനെന്നെ വിളിച്ചത്. ശങ്കറായിരുന്നു മലയാളത്തില്‍ ഡയലോഗുകള്‍ റീറൈറ്റ് ചെയ്തിട്ടുണ്ടായിരുന്നത്. അദ്ദേഹത്തിന് എന്റെ വോയിസ് അറിയാവുന്നത് കൊണ്ട് എന്നെ സജസ്റ്റ് ചെയ്തതാണ്. വര്‍ഷങ്ങള്‍ കൊണ്ട് എന്റെ ശബ്ദം കുറേ മാറിയിട്ടുണ്ട്. നമ്മുടെ എല്ലാവരുടെയും ശബ്ദം വര്‍ഷങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് മാറുമല്ലോ, പ്രായം കൂടും തോറും നമ്മുടെ ശബ്ദം പലരീതിയിലും മോള്‍ഡ് ആകും. പണ്ട് എല്ലാവരും ധരിച്ചിരുന്നത് വളരെ സ്വീറ്റ് വോയ്‌സ് ആയിരിക്കണം സ്ത്രീകള്‍ക്ക് എന്നായിരുന്നു.

പാട്ടിനെല്ലാം സ്വീറ്റ് വോയ്‌സ് ആയിരിക്കണം. സംസാരിക്കുമ്പോഴും നല്ല സ്വീറ്റ് ശബ്ദം ആയിരിക്കണം എന്ന റൂള്‍ ഉണ്ടായിരുന്നു ആ സമയത്ത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അത് മാറി. പാട്ടില്‍ പോലും സ്ത്രീകളുടേതൊക്കെ നല്ല ബേസ് വോയിസിലുള്ള പാട്ടുകളൊക്കെയായി. അത് പോലെ വന്നപ്പോള്‍ പത്ത് പതിനഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ ശബ്ദം ട്രെന്‍ഡ് ആയി. അപ്പോള്‍ രക്ഷപ്പെട്ടതാ,’ ലെന പറഞ്ഞു.

സിനിമ രംഗത്തേക്ക് എത്തിയതിനെ കുറിച്ചും ലെന സംസാരിച്ചു. സ്‌കൂളില്‍ വെച്ചാണ് ഓഡിഷന്‍ നടന്നതെന്നും എന്നാല്‍ അപ്പോള്‍ അതൊരു സിനിമയിലേക്കുള്ള ഓഡിഷന്‍ ആണെന്ന് അറിയില്ലായിരുന്നെന്നും നടി പറഞ്ഞു.

‘സ്‌കൂളില്‍ ഞാന്‍ ഗണിത ക്ലാസില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ പിയൂണ്‍ വന്നിട്ട് എന്നെ പ്രിന്‍സിപ്പളിന്റെ റൂമിലേക്ക് വിളിച്ചു. അവിടെ ചെന്നപ്പോള്‍ വേറെ ക്ലാസില്‍ നിന്നും കുറച്ച് പേരും എനിക്ക് പരിചയമില്ലാത്ത കുറച്ച് പേരുമുണ്ടായിരുന്നു. ഒരു തിയേറ്റര്‍ ഗ്രൂപ്പിന് വേണ്ടിയുള്ള ഓഡിഷന്‍ നടത്തുമെന്ന് അവര്‍ പറഞ്ഞു. അവര്‍ ഒരു ഡയലോഗ് തന്നു, എന്നിട്ട് പഠിച്ചിട്ട് പറയാന്‍ പറഞ്ഞു. അങ്ങനെ അത് പെര്‍ഫോം ചെയ്തിട്ട് ഞാന്‍ തിരിച്ച് ക്ലാസിലേക്ക് പോന്നു.

പിന്നെ രണ്ട് ദിവസം കഴിഞ്ഞ് എന്നെ മിസ്സ് വീട്ടിലേക്ക് വിളിപ്പിച്ചു. അന്നത്തേത് ഒരു മോക്ക് ഓഡിഷന്‍ ആയിരുന്നെന്നും അവിടെ അന്ന് ഇരുന്നിരുന്നത് സിനിമയിലെ പ്രൊഡ്യൂസറും അസോസിയേറ്റ് ഡയറക്ടറും ആയിരുന്നെന്നും മിസ്സ് പറഞ്ഞു. ജയരാജ് സാറിന്റെ സ്‌നേഹം എന്ന സിനിമയിലേക്കായിരുന്നു ഓഡിഷന്‍ നടന്നത്. ലെന സെലക്റ്റ് ആയിട്ടുണ്ടെന്നും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോയെന്നും എന്നോട് ചോദിച്ചു. അങ്ങനെയാണ് ആ സിനിമയിലേക്ക് വരുന്നത്,’ ലെന പറഞ്ഞു.

Content Highlights: Lena talks about her dubbing in KGF