സംവിധാനം മനസിലുണ്ട്; സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിട്ട് അഞ്ച് വര്‍ഷമായി: ലെന
Malayalam Cinema
സംവിധാനം മനസിലുണ്ട്; സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിട്ട് അഞ്ച് വര്‍ഷമായി: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th September 2025, 3:13 pm

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലെന. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ അവര്‍ ഭാഗമായി.

മലയാളത്തില്‍ 100ലധികം സിനിമകളില്‍ അഭിനയിച്ച ലെന തമിഴിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചു. ട്രാഫിക്കില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച നടി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.

ലെന സംവിധായകയുടെ വേഷം അണിയുന്നുവെന്ന് ഇടക്ക് കേട്ടിരുന്നു. ആ ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ നടി. ഒരു സ്‌ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കിയിട്ട് അഞ്ചുവര്‍ഷമായെന്ന് പറഞ്ഞാണ് അവര്‍ തുടങ്ങിയത്.

‘സംവിധാനം ചെയ്യാന്‍ താത്പര്യമുള്ള വിഷയമാണ് ഞാനെഴുതിയത്. പക്ഷേ, സിനിമയുടെ സാമ്പത്തികതലം വെച്ച് നോക്കുമ്പോള്‍ ആശയക്കുഴപ്പമുണ്ട്. തീയേറ്ററിന് വേണ്ടിയാണോ ഒ.ടി.ടിക്ക് വേണ്ടിയാണോ സിനിമ എടുക്കുന്നതെന്ന് തോന്നിപ്പോകും.

ഇപ്പോള്‍ സസ്‌പെന്‍സ് ത്രില്ലറുകള്‍ക്ക് മാത്രമേ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുവെന്നാണ് പറയുന്നത്. എന്റെ മനസിലുള്ളത് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയല്ല. അതുകൊണ്ട് മറ്റൊരു സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. ഒരുപക്ഷേ, അതായിരിക്കും ആദ്യം ചെയ്യുക,’ ലെന പറയുന്നു.

സംവിധാനത്തെ കുറിച്ച് സംസാരിച്ച ലെന തന്റെ വരാന്‍ പോകുന്ന പുതിയ പ്രോജക്ടുകളെ കുറിച്ചും പറയുകയുകയുണ്ടായി. ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളന്‍’ എന്ന സിനിമയാണ് ഇറങ്ങാനുള്ളതെന്നും കുറച്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിച്ചപ്പോള്‍ എനിക്ക് ഫ്രഷായി തോന്നിയെന്നും അവര്‍ പറഞ്ഞു.

Content highlight:  Lena talks about becoming a director