ഊട്ടിയിലും രാജസ്ഥാനിലും ലെജന്റേ വരിക വരിക എന്ന് ബാനര്‍; ട്രോളായി ലീഡര്‍ സംവിധായകന്റെ വാക്കുകള്‍
Indian Cinema
ഊട്ടിയിലും രാജസ്ഥാനിലും ലെജന്റേ വരിക വരിക എന്ന് ബാനര്‍; ട്രോളായി ലീഡര്‍ സംവിധായകന്റെ വാക്കുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 31st March 2026, 9:50 am

സ്വന്തമായി നിര്‍മിച്ച് സ്വയം നായകനായ ലെജന്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് ലെജന്റ് ശരവണന്‍. തിയേറ്ററുകളില്‍ നിന്നും നിരൂപക പ്രശംസ നേടി ശ്രദ്ധിക്കപ്പെടുന്നതിന് പകരം ഒ.ടി.ടിയില്‍ റിലീസായി ട്രോളന്മാരാണ് ചിത്രത്തെ പ്രേക്ഷകരിലേക്കെത്തിച്ചത്. സ്വന്തം ചിത്രത്തിന്റെ
പ്രൊമോഷനായി കോടികള്‍ ചെലവഴിച്ച് കേരളത്തിലടക്കം പ്രൊമോഷന്‍ ഇവന്റുകള്‍ നടത്തുന്ന ശരവണന്റെ രീതികളും പലപ്പോഴും ട്രോളുകള്‍ക്ക് ഇടയാകാറുണ്ട്.

ലീഡര്‍. Photo: Laxmi kanth/ X.com

ലെജന്റിന് ശേഷം ശരവണന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ലീഡര്‍. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത് ഏപ്രില്‍ 3ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ലെജന്റ് ശരവണനെയും അദ്ദേഹത്തിന്റെ ആരാധകരെയും കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘ഷൂട്ടിന് വേണ്ടി ഒരു ദിവസം രാത്രിയിലാണ് ഊട്ടിയിലെ ലൊക്കേഷന്‍ തെരഞ്ഞെടുത്തത്. പിറ്റേ ദിവസം പുലര്‍ച്ചെ തന്നെ ഞങ്ങള്‍ ഊട്ടിയിലെത്തി. അവിടെ നിന്നും ഒരു 20 കിലോമീറ്റര്‍ വീണ്ടും ഉള്ളിലേക്ക് പോകണമായിരുന്നു. ഊട്ടിയിലെ തണുപ്പിലും ഇരുട്ടിലും പല തവണ ഞങ്ങള്‍ക്ക് വഴി തെറ്റി. അങ്ങനെ ചുറ്റികറങ്ങുന്നതനിടയിലാണ് ഒരു വലിയ ബാനര്‍ ഞങ്ങള്‍ കാണുന്നത്. ഷൂട്ടിങ്ങിന് വരുന്ന ലെജന്റ് അവര്‍കളെ വരിക വരിക എന്നായിരുന്നു അതില്‍ എഴുതിയത്. ആ ബാനര്‍ ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കാന്‍ സാധിച്ചത്.

ഇതേ കാര്യം രാജസ്ഥാനിലെ ഒരു പാലസിലും സംഭവിച്ചിരുന്നു. രാജസ്ഥാനില്‍ ഷൂട്ടിന് പോയപ്പോള്‍ രാജസ്ഥാനി ഭാഷയിലുള്ള അത്രയും ബാനറുകള്‍ക്കിടയില്‍ ലെജന്റിനെ വെല്‍ക്കം ചെയ്തുകൊണ്ട് തമിഴിലും ഒരു ബാനറുണ്ടായിരുന്നു. ഞങ്ങള്‍ എപ്പോഴാണ് എത്തുകയെന്ന് ഞങ്ങള്‍ക്ക് തന്നെ അറിയാത്ത സമയത്താണ് ഞങ്ങള്‍ എത്തുന്നതിനും മുമ്പ് അദ്ദേഹത്തിന്റെ ഫാന്‍സ് ലൊക്കേഷനിലെത്തുന്നത്,’ സംവിധായകന്‍ പറഞ്ഞു.

ലെജന്റ് ശരവണന്‍. Photo: PressQ.com

അതേസമയം വലിയ ട്രോളുകളാണ് ദുരൈ സെന്തില്‍കുമാറിന്റെ വാക്കുകള്‍ക്കെതിരെ ഉയരുന്നത്. രാത്രി നിശ്ചയിച്ച ലൊക്കേഷനില്‍ നേരം വെളുക്കുന്നതിന് മുമ്പ് ബാനര്‍ വന്നിട്ടുണ്ടെങ്കില്‍ അത് ശരവണന്‍ വിളിച്ച് പറഞ്ഞതായിരിക്കുമെന്നും സംവിധായകന്റെ പ്രസംഗത്തിനിടയിലെ ശരവണന്റെ ചിരി കണ്ടാല്‍ അത് മനസിലാകുമെന്നുമാണ് പലരും അഭിപ്രായപെടുന്നത്. രാജസ്ഥാനിലെ കഥ കുറച്ച് കുറക്കാമായിരുന്നുവെന്നും പലരുടെയും കമന്റുകളുണ്ട്.

Content Highlight: Legend sharavanan’s new movie Leader director talks about fans

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.