മോഹന്‍ലാലും ശിവരാജ് കുമാറും അടക്കം ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുകയും ചെയ്തതോടെ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംഭവമായി ജയിലര്‍ മാറുകയും ചെയ്തിരുന്നു. ജയിലറിന് രണ്ടാം ഭാഗമുണ്ടാകുമെന്നും ബോളിവുഡിലെ അതികായനായ ഷാരൂഖ് ഖാന്‍ കാമിയോ റോളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി ജയിലര്‍ 2 മാറുകയും ചെയ്തിരുന്നു.
നിലവില്‍ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേഷനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം ഒന്നടങ്കം. എന്നാല്‍ സംവിധായകന്‍ നെല്‍സണുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വാര്‍ത്തയാണ് അല്പ നേരമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തമിഴിലെ തന്നെ നായക നടനായ ലെജന്‍ഡ് ശരവണന്‍ തന്റെ പുതിയ ചിത്രത്തിന്റ പ്രൊമോഷനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.
സ്വന്തമായി നിര്‍മിക്കുന്ന ചിത്രങ്ങളില്‍ നായകനായെത്തി ട്രോളുകള്‍ക്ക് ഇരയാകുന്ന നടനാണ് ശരവണന്‍. തമിഴ്‌നാട്ടിലെ ശരവണ സ്‌റ്റോര്‍സിന്റെ ഉടമയായ ശരവണന്‍ 2023 ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രം ലെജന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ജനശ്രദ്ധ നേടുന്നത്. കോടികള്‍ മുടക്കി പ്രൊമോഷന്‍ നടത്തിയിട്ടും വലിയ ട്രോളുകളായിരുന്നു പരാജയ ചിത്രമായ ലെജന്‍ഡിനെതിരെയും ശരവണനെതിരെയും ഉയര്‍ന്നത്.
എന്നാല്‍ ഇതിലൊന്നും തളരാതെ തന്റെ രണ്ടാമത്തെ ചിത്രമായ ലീഡറുമായി എത്തിയിരിക്കുകയാണ് ശരവണന്‍. ചിത്രവുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ ചടങ്ങിനിടെ ആരാണ് ഇഷ്ടപ്പെട്ട സംവിധായകന്‍ എന്ന ചോദ്യത്തിന് നെല്‍സണ്‍ എന്നായിരുന്നു താരത്തിന്റെ മറുപടി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് നെല്‍സണെ കിട്ടില്ലെന്ന് അറിയാമെന്നും എന്നാലും ഏതെങ്കിലും ചിത്രത്തില്‍ കാമിയോ റോളില്‍ താന്‍ അഭിനയിക്കാമെന്നും ശരവണന്‍ പറഞ്ഞു. ഒരു രണ്ട് മൂന്ന് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് തീരുന്ന വിധത്തില്‍ അഭിനയിക്കാമെന്നും ശരവണന്‍ ഓഫര്‍ നല്‍കുന്നുണ്ട്.
എന്നാല്‍ വലിയ ട്രോളുകളാണ് ശരവണനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇത് നേരത്തേ പറഞ്ഞിരുന്നെങ്കില്‍ ഷാരൂഖിനെ ബുദ്ധിമുട്ടിലാക്കേണ്ടിയില്ലായിരുന്നുവെന്നും രജിനിയെ സഹിയിക്കാന്‍ വരുന്ന കാമിയോയി ശരവണനെ കൊണ്ടുവരാമെന്നും പലരും തമാശയോടെ കമന്റുകള്‍ രേഖപ്പെടുത്തുന്നത് കാണാം.
Content Highlight: Legend Sharavanan offers Cameo role in Nelson’s Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.