മുന്‍നിര ഹിന്ദി ചിത്രങ്ങളെക്കാള്‍ കളക്ഷന്‍ നേടി ശരവണന്റെ ലെജന്‍ഡ്
Entertainment news
മുന്‍നിര ഹിന്ദി ചിത്രങ്ങളെക്കാള്‍ കളക്ഷന്‍ നേടി ശരവണന്റെ ലെജന്‍ഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st July 2022, 12:29 pm

കഴിഞ്ഞ ദിവസമാണ് വ്യവസായിയായ ശരവണന്‍ അരുള്‍ നായക വേഷത്തില്‍ എത്തിയ ലെജന്‍ഡ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ടിപ്പിക്കല്‍ തമിഴ് പടങ്ങളുടെ എല്ലാ ചേരുവകളും ഉള്‍കൊള്ളിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രം ആദ്യ ദിനം തന്നെ മുന്‍ നിര ഹിന്ദി ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്താണ് പ്രദര്‍ശനം തുടരുന്നത്.

വന്‍ പ്രതീക്ഷയില്‍ വന്ന ഹിന്ദി ചിത്രങ്ങളെയാണ് ലെജന്‍ഡ് മറികടന്നിരിക്കുന്നത്. മൂന്ന് കോടിയോളം രൂപ ചിത്രം ആദ്യ ദിനം സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ഒടുവില്‍ റിലീസ് ചെയ്ത കങ്കണയുടെ ധാക്കഡിന്റെ ആദ്യ ദിന കളക്ഷനേക്കാള്‍ കുടുതല്‍ ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിക്കുന്നത്.

ശരവണന്‍ അരുള്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ലെജന്‍ഡ്. ജെ.ഡി-ജെറിയാണ് ‘ദി ലെജന്‍ഡ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ശരവണന്റെ സ്വപ്ന പദ്ധതിയായിരുന്നു ഈ സിനിമ. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്.

2015 മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഹാരിസ് ജയരാജ് സംഗീത സംവിധാനം ചെയ്ത പാട്ടുകള്‍ വലിയ തരംഗമായിരുന്നു. വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ വിജയ്, സ്‌നേഹന്‍ എന്നിവരാണ് പാട്ടുകളെഴുതിയിരിക്കുന്നത്. പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന്‍ എന്നിങ്ങനെ വലിയ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിര്‍മാണവും ശരവണന്‍ തന്നെയാണ്.

അതേസമയം അടുത്തിടെ ബോളിവുഡില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ ഒക്കെ തന്നെ വലിയ പരാജയമായിരുന്നു. ഒടുവില്‍ റിലീസ് ചെയ്ത രണ്‍ബീര്‍ കപ്പൂര്‍ ചിത്രം ശംശേറക്കും വലിയ പരാജയമായിരുന്നു നേരിടേണ്ടി വന്നത്.  റിലീസ് ചെയ്യാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ഹിന്ദി ചിത്രങ്ങളും കാര്യമായി രീതിയില്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച ആയിട്ടില്ല എന്നതും ചിലര്‍ ചൂണ്ടികാണിക്കുന്നുണ്ട്.

Content Highlight : Legend movie gets more collection than most hyped bollywood movies