രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനും സാധ്യത
തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് നിയമോപദേശം. രാജ് ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറാണ് നിയമോപദേശം നല്‍കിയത്.
അതേസമയം താത്കാലിക വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റിലെ ചില അംഗങ്ങള്‍ക്കെതിരെ മാത്രം നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച അംഗങ്ങളോട് ഗവര്‍ണര്‍ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍, ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാര്‍ എന്നിവരെ വീണ്ടും സസ്പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. പി. ഹരികുമാറിനെ ഇന്ന് (തിങ്കള്‍) ചുമതലകളില്‍ നിന്നും നീക്കിയിരുന്നു. തുടര്‍ന്ന് ഹേമാനന്ദിനെ ജോയിന്റ് രജിസ്ട്രാറായി നിയമിക്കുകയും ചെയ്തു. ഡോ. മിനി കാപ്പനെ രജിസ്ട്രാറായും നിയമിച്ചിരുന്നു. വി.സി സിസ തോമസിന്റേതായിരുന്നു നടപടി.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കോടതിയലക്ഷ്യത്തിന് സിന്‍ഡിക്കേറ്റ് അംഗമായ ആര്‍. രാജേഷിനോട് ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്യും. കോടതിക്കെതിരായ ആര്‍. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതായി ജസ്റ്റിസ് ഡി.കെ. സിങ് ഇന്ന് രാവിലെ പറഞ്ഞിരുന്നു. ഹൈക്കോടതിയിലെ ഹരജിക്കാരാനായ സിന്‍ഡിക്കേറ്റ് അംഗത്തിന് കോടതിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും കോടതി ചോദിച്ചിരുന്നു.
ഇന്നലെ (ഞായര്‍) ചേർന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡോ. കെ.എസ്. അനില്‍കുമാറിനെതിരായ സസ്പെന്‍ഷന്‍ റദ്ദാക്കിയിരുന്നു. സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് സിസ തോമസ് ഇറങ്ങിപ്പോയെങ്കിലും മറ്റൊരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു.
പിന്നാലെ കെ.എസ്. അനില്‍കുമാര്‍ ചുമതലയേല്‍ക്കുകയും വി.സിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്യ്തുകൊണ്ടുള്ള ഉത്തരവ് വരുന്നത്. സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് ശേഷം കെ.എസ്. അനില്‍കുമാറിന്റെ ചുമതല വഹിച്ചിരുന്നത് ജോയിന്റ് രജിസ്ട്രാറായ ഹരികുമാറായിരുന്നു.
കാവികൊടിയേന്തിയ സ്ത്രീയുടെ ചിത്രം സെനറ്റ് ഹാളില്‍ കയറ്റില്ലെന്ന് നിലപാടെടുത്തതിനാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശ പ്രകാരം വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മേല്‍ കെ.എസ്. അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
Content Highlight: Legal advice to the Governor to dissolve the Kerala University Syndicate