കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തായിരിക്കും ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുക.
മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
നാളെ (ചൊവ്വ) ഇതുസംബന്ധിച്ച് വഖഫ് ബോര്‍ഡ് ഒരു യോഗം ചേരുന്നുണ്ട്. ഇതിനുശേഷമായിരിക്കും ഹരജി ഫയല്‍ ചെയ്യുക. ‘സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍’ മുഖേനയായിരിക്കും വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുക.
വഖഫ് ആണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുള്ള ഭൂമിയാണ് മുനമ്പത്തേതെന്നും ഹരജിയുടെ മെറിറ്റിന് അനുസരിച്ചുള്ള ഇടപെടലല്ല കോടതി ഹൈക്കോടതി നടത്തിയതെന്നുമാണ് വഖഫ് ബോര്‍ഡിന്റെ വാദം.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നായിരുന്നു ഹൈക്കോടതി പരാമര്‍ശം. ഭൂമി ഫാറൂഖ് കോളേജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. 1950ലെ ഉടമ്പടി ദൈവത്തിനുള്ള സ്ഥിരമായ സമര്‍പ്പണമായിരുന്നില്ലെന്നും ഫാറൂഖ് കോളേജിന് സമ്മാനമായി നല്‍കിയ എഗ്രിമെന്റ് മാത്രമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതായിരുന്നു നിരീക്ഷണം.
ഇത് വഖഫ് ആക്ടിലെ ഏതെങ്കിലും നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മുനമ്പം ഭൂമി പൂര്‍ണമായും ഒരു വഖഫ് ആയി കണക്കാക്കാന്‍ കഴിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
മുനമ്പം വിഷയം അന്വേഷിക്കുന്നതിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.