കേരള സര്‍വകലാശാലയിലെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ മിനി കാപ്പന്റെ പരാതി
Kerala
കേരള സര്‍വകലാശാലയിലെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ മിനി കാപ്പന്റെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st August 2025, 9:47 pm

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ പരാതി നല്‍കി രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന മിനി കാപ്പന്‍. അഡ്വ. ജി. മുരളീധരന്‍, ഷിജു ഖാന്‍ എന്നിവര്‍ക്കെതിരെയാണ് മിനി കാപ്പന്‍ പരാതി നല്‍കിയത്.

സര്‍വകലാശാല സിന്‍ഡിക്കേറ്റ് റൂമില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന് കാണിച്ചാണ് മിനി കാപ്പന്‍ ഇടത് അംഗങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. ജീവനക്കാരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നും മിനി കാപ്പന്‍ പരാതിയില്‍ പറയുന്നു.

വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മിനി കാപ്പന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെ സിന്‍ഡിക്കേറ്റ് റൂമിന്റെ താക്കോല്‍ മോഷണം പോയെന്ന് ആരോപിച്ച് സിന്‍ഡിക്കേറ്റിലെ ഇടത് നേതാവായ ജി. മുരളീധരന്‍ രംഗത്തെത്തി.

രജിസ്ട്രാര്‍ നല്‍കിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് താക്കോല്‍ മോഷണം പോയിരിക്കുന്നത്. സിന്‍ഡിക്കേറ്റ് റൂമില്‍ നിന്ന് പ്രധാനപ്പെട്ട രേഖകള്‍ കടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് മോഷണം നടന്നിരിക്കുന്നതെന്നും ജി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിന്‍ഡിക്കേറ്റ് റൂം തുറന്നാല്‍ വി.സിയുടെ റൂമില്‍ കയറാം. വി.സിയുടെ അറിവോടെയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നതായും ജി. മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസിന്റെ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെ (വെള്ളി) മുതല്‍ വി.സിയുടെ ഓഫീസും തുറക്കാന്‍ അനുവദിക്കില്ലെന്നും ജി. മുരളീധരന്‍ പറഞ്ഞു.

അതേസമയം ഇന്ന് (വ്യാഴം) കേരള സര്‍വകലാശാലയില്‍ വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍ വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗം തര്‍ക്കത്തെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും വി.സിയും തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായത്.

സര്‍വകലാശാലയുടെ വികസനത്തിനുള്ള 100 കോടി രൂപയുടെ അവലോകന യോഗത്തിനിടെയായിരുന്നു തർക്കം. കമ്മിറ്റിയില്‍ ഇല്ലാത്തവരും സസ്പെന്‍ഷന്‍ നേരിടുന്ന രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറും യോഗത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

കമ്മിറ്റിയില്‍ ഇല്ലാത്തവര്‍ പുറത്തുപോകണമെന്ന് വി.സി ആവശ്യപ്പെട്ടതോടെയാണ് യോഗം തര്‍ക്കത്തില്‍ അവസാനിച്ചത്. തുടര്‍ന്ന് ഡോ. മോഹനന്‍ കുന്നുമ്മല്‍ യോഗം പിരിച്ചുവിട്ട് ഇറങ്ങി പോകുകയും ചെയ്തിരുന്നു.

Content Highlight: Mini Kappan’s complaint against Left Syndicate members at Kerala University