കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ എന്‍.സി.പി (എസ്.പി) നേതാവും എലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എ.കെ. ശശീന്ദ്രനെതിരെ ഇടത് അനുകൂലികള്‍. ഇടതിന്റെ ഉറച്ച കോട്ടയായ എലത്തൂരില്‍ മുന്നണിയുടെ തോല്‍വിക്ക് കാരണക്കാരന്‍ ശശീന്ദ്രന്‍ മാത്രമാണെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ശശീന്ദ്രന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് ഇടത് അനുകൂലികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
എലത്തൂരില്‍ എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രായം കണക്കിലെടുത്ത് ശശീന്ദ്രന്‍ ഇത്തവണ മാറി നില്‍ക്കണമെന്നും പാര്‍ട്ടിയിലെ മറ്റേതെങ്കിലും നേതാവിനെ മത്സരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. 80കാരനായ ശശീന്ദ്രന്‍ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കൂടിയ നേതാക്കളില്‍ ഒരാളുമായിരുന്നു.
സി.പി.ഐ.എം വോട്ടുകള്‍ കൊണ്ടാണ് എലത്തൂരില്‍ ശശീന്ദ്രന്‍ വിജയിക്കുന്നതെന്നും, പാര്‍ട്ടി ഈ സീറ്റ് ഏറ്റെടുക്കണമെന്നും അണികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ തന്നെ മത്സരിക്കുകയും കോണ്‍ഗ്രസിന്റെ വിദ്യ ബാലകൃഷ്ണനോട് പരാജയപ്പെടുകയുമായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് (38,502) വിജയിച്ച ശശീന്ദ്രന്‍ ഇത്തവണ 12,162 വോട്ടുകള്‍ക്ക് കൂപ്പുകുത്തി.
ഇടതിന്റെ ഉറച്ച കോട്ട യു.ഡി.എഫിന് സമ്മാനിച്ചതിന് നന്ദി, വയസ്സാന്‍ കാലത്ത് ഒന്ന് മാറി നിന്നിരുന്നേല്‍ ഈ ഇടതുപക്ഷ കോട്ട എല്‍.ഡി.എഫ് നില നിര്‍ത്തുമായിരുന്നു, പ്രായം ആകുമ്പോള്‍ മാറിക്കൊടുക്കണം അല്ലെങ്കില്‍ ജനങ്ങള്‍ മാറ്റും… ഒരു ഉറച്ച എല്‍.ഡി.എഫ് സീറ്റ് താങ്കള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു നന്ദിയുണ്ട്, എലത്തൂര്‍ എന്ന ഇടതു കോട്ട തന്റെ അധികാര കൊതി ഒന്ന് കൊണ്ട് മാത്രം യു.ഡി.എഫിന് കൊടുത്തു. ഇനി 5 വര്‍ഷം കഴിയുമ്പോള്‍ ഉണ്ടാകുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കണം എന്നും പറഞ്ഞു വന്നാല്‍ ജനങ്ങള്‍ കൈകാര്യം ചെയ്യും, ഈ സുനാമിയിലും സുരക്ഷിതമാകുമായിരുന്ന ഒരു മണ്ഡലം യു.ഡി.ഫിന് സമ്മാനിച്ചതിന് നന്ദി തുടങ്ങിയ വിമര്‍ശനങ്ങളാണ് ശശീന്ദ്രനെതിരെ ഉയരുന്നത്.
എലത്തൂരില്‍ 1,77,765 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇതില്‍ 77,662 വോട്ടുകള്‍ നേടിയാണ് വിദ്യ ബാലകൃഷ്ണന്‍ വിജയം സ്വന്തമാക്കിയത്. ശശീന്ദ്രന്‍ 66,500 വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പിയുടെ ടി. ദേവദാസ് 31,510 വോട്ടുകളാണ് നേടിയത്.
Content Highlight: Left supporters against A.K. Saseendran after his heavy defeat in the assembly elections.