ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിരോധക്കോട്ടയാകണം ഇടതുപക്ഷം : മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍
Kerala News
ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിരോധക്കോട്ടയാകണം ഇടതുപക്ഷം : മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd June 2018, 1:01 pm

കൊല്ലം: അധികാരം പിടിച്ചടക്കുക എന്നതിലുപരി ഭരണരംഗത്തുള്ളവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയെന്നതാകണം ഇടതു പക്ഷത്തിന്റെ നയമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശി കുമാര്‍. ജനക്ഷേമപരവും ജനാധിപത്യത്തിനുതകുന്നതുമായ എന്തെങ്കിലും നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഇടതു പക്ഷത്തിന്റെ പുറത്തു നിന്നുള്ള വ്യക്തമായ സമ്മര്‍ദമുണ്ടായിരുന്നെന്നും ശശി കുമാര്‍.

രാജ്യം ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം എല്ലാ കോളേജുകളിലും രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാനുള്ള കേരള സര്‍ക്കാര്‍ നയത്തെ അഭിനന്ദിച്ചു. കാമ്പസുകളെ അരാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമങ്ങളാണ് കുറച്ചു നാളുകളായി ഇന്ത്യയില്‍ നടക്കുന്നത്. ഇത് ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റം മാത്രമല്ല, കാമ്പസുകളില്‍ നിന്നും രാഷ്ട്രീയത്തെ പുറത്താക്കിക്കൊണ്ട് പുരോഗമന ചിന്തകളില്‍ നിന്നുകൂടി വിദ്യാര്‍ത്ഥികളെ അകറ്റി മാറ്റാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യലിസത്തെ കാലഹരണപ്പെട്ട ഒന്നായി കുറച്ചുകാണിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് നടക്കുന്നുണ്ടെന്നായിരുന്നു ശശി കുമാറിന്റെ കണ്ടെത്തല്‍. പക്ഷെ, സോഷ്യലിസത്തേക്ക് മുന്നേറിയില്ലെങ്കില്‍ സമൂഹം ബാര്‍ബറിസത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഏഗല്‍സിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഉദാഹരണമാണ് നമുക്ക് ചുററും നടക്കുന്ന അക്രമസംഭവങ്ങള്‍. “ഭക്ഷണത്തിന്റെയും മതത്തിന്റെയും രൂപത്തിന്റെയും പേരില്‍ പോലും ഇവിടെ ആളുകളെ കൊന്നൊടുക്കുകയാണ്.”

ഇന്ത്യന്‍ ജനാധിപത്യം ഒരിക്കലും കുറ്റമറ്റതോ, പരിപൂര്‍ണ്ണമോ ആയിരുന്നില്ലെങ്കിലും, മുന്‍പൊരിക്കലും ഇത്രയും പരിതാപകരമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലായിരുന്നു ദേശീയ മാധ്യമ രംഗത്ത് ശ്രദ്ധേയനായ ശശി കുമാറിന്റെ അഭിപ്രായം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ മതത്തെ ഉപയോഗിക്കുന്ന കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരു പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read 2019 ലെ പൊതുതെരഞ്ഞെടുപ്പിനുവേണ്ടി ബി.ജെ.പി കശ്മീരില്‍ കലാപത്തിന്റെ വിഷബീജങ്ങള്‍ വിതക്കുമോ?


പുറന്തോട് പൊളിച്ചുനോക്കിയാല്‍ കോണ്‍ഗ്രസിന്റെ ഉള്ളിലും കാവി തന്നെ കാണാമെന്നും അദ്ദേഹം പറഞ്ഞു. “കോണ്‍ഗ്രസുകാരനായ ഒരു മുന്‍ രാഷ്ട്രപതി ആര്‍.എസ്.എസിന്റെ മാര്‍ച്ച് പാസ്റ്റ് നടക്കുമ്പോള്‍ അറ്റന്‍ഷനില്‍ നില്‍ക്കുന്ന കാഴ്ച കാണേണ്ടിവന്നതും ഇതുകൊണ്ടു തന്നെയാണ്.
ത്രിവര്‍ണ പതാകയെ ദേശീയ പതാകയായി അംഗീകരിക്കാത്തവരാണ് ആര്‍.എസ്. എസുകാര്‍ എന്നത് ഈ സാഹചര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തെയും പുരോഗമനചിന്തകളെയും മാത്രമല്ല ഹിന്ദൂയിസത്തെ തന്നെ അപമാനിക്കുന്നതാണ് ബി.ജെ.പിയുടെ നയങ്ങളെന്നും ശശി കുമാര്‍ പറഞ്ഞു. ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങളെയും തത്വങ്ങളെയും തകര്‍ത്തുതരിപ്പണമാക്കുകയാണ് ബി.ജെ.പി.

മാര്‍ക്സിസം അറിയാത്ത ഒരുപാട് കമ്മ്യൂണിസ്റ്റുകാര്‍ ഇന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “കമ്യൂണിസം അറിയാതെ മാര്‍ക്സിസ്റ്റ് ആകാം. പക്ഷെ മാര്‍ക്സിസം മനസ്സിലാക്കാതെ ഒരിക്കലും ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റാകാന്‍ സാധിക്കില്ല” ശശി കുമാര്‍ പറഞ്ഞു.

കൊല്ലത്തു വെച്ചു നടക്കുന്ന എസ്.എഫ്.ഐയുടെ 33-ാമത് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലഘട്ടത്തില്‍ മാര്‍ക്സിസത്തിന്റെ പ്രാധാന്യത്തിന്റെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ഉത്തരവാദിത്തം വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുണ്ടെന്ന് ശശി കുമാര്‍ പറഞ്ഞു.

എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ശശി കുമാര്‍ ഓര്‍മ്മിപ്പിച്ചു.