'ഞങ്ങളത് നേടി'; വീണ്ടും ചുവപ്പണിഞ്ഞ് നോര്‍വേ, വന്‍ വിജയവുമായി ഇടത് പാര്‍ട്ടികള്‍
Trending
'ഞങ്ങളത് നേടി'; വീണ്ടും ചുവപ്പണിഞ്ഞ് നോര്‍വേ, വന്‍ വിജയവുമായി ഇടത് പാര്‍ട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th September 2025, 4:30 pm

ഓസ്ലോ: നോര്‍വേയിലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഇടത് പാര്‍ട്ടികള്‍. 169ല്‍ 87 സീറ്റിലും ഭൂരിപക്ഷം നേടിയ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോയറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി രണ്ടാം തവണയും ഭരണത്തിലേറും.

ഇടത് സഖ്യത്തില്‍ 28 ശതമാനം വോട്ടുമായാണ് ലേബര്‍ പാര്‍ട്ടി ഒന്നാമതെത്തിയത്. അതേസമയം കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഏറ്റവും മോശം പ്രകടനമാണ് നോര്‍വേയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 82 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു.

വോട്ടെണ്ണല്‍ 99 ശതമാനം പിന്നിട്ടതോടെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് രംഗത്തെത്തി. ‘ഞങ്ങളത് നേടി’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

യൂറോപ്പില്‍ വലതുപക്ഷ ശക്തികള്‍ ഉയര്‍ന്നുവരുമ്പോള്‍ പോലും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയുമെന്ന് ഈ വിജയം തെളിയിച്ചതായും ജോനാസ് ഗഹര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ജോനാസിന്റെ പ്രതികരണം.

2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലേബര്‍ പാര്‍ട്ടി നേടിയ വോട്ടില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിരിക്കുന്നത്.

5.6 ദശലക്ഷം ജനങ്ങളുള്ള സമ്പന്ന രാജ്യമാണ് നോര്‍വേ. ഏകദേശം 4.3 ദശലക്ഷം വോട്ടര്‍മാരാണ് നോര്‍വേയിലുള്ളത്. പ്രധാനമായും രാജ്യത്തെ ആഭ്യന്തര വിഷയങ്ങളാണ് നോര്‍വേ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുക.

നിലവിലെ തെരഞ്ഞെടുപ്പില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളും ഉക്രൈൻ-റഷ്യ യുദ്ധവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. കൂടാതെ ആരോഗ്യ സംരക്ഷണം, പൊതുവായ സേവനങ്ങള്‍, അസമത്വം എന്നിവയും ചര്‍ച്ചയാകാറുണ്ട്.

റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന വികസിതവും സ്‌കാന്‍ഡിനേവിയന്‍ രാജ്യവുമാണ് നോര്‍വേ. എന്നാല്‍ ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പണപ്പെരുപ്പം, നികുതി വര്‍ധന തുടങ്ങിയ വിഷയങ്ങളെ തുടര്‍ന്ന് ലേബര്‍ സര്‍ക്കാര്‍ ഒന്നിലധികം തവണ പ്രതിസന്ധിയിലായിരുന്നു.

പക്ഷേ പൊതുതെരഞ്ഞെടുപ്പിലെ ഈ വിജയം ഒരു തുടക്കം മാത്രമാണെന്ന് കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ പോപ്പുലിസ്റ്റ് പ്രോഗ്രസ് പാര്‍ട്ടി നേതാവ് സില്‍വി ലിസ്റ്റോഗ് പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രോഗ്രസ് പാര്‍ട്ടിയും മികച്ച പ്രകടനം നടത്തി രണ്ടാം സ്ഥാനത്തെത്തി എന്നതാണ് മറ്റൊരു പ്രത്യേകത.

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തന്റെ പാര്‍ട്ടിയുടെ മോശം പ്രകടനത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് എര്‍ന സോള്‍ബര്‍ഗ് ക്ഷമാപണം നടത്തുകയും ചെയ്തു.

Content Highlight: Left parties win landslide victory in Norway’s general election