വയനാടിന്റെ പേരില്‍ പിരിച്ചുമുക്കിയ കള്ള കോണ്‍ഗ്രസുകാരെ കടക്ക് പുറത്ത്; ക്യാമ്പയിനുമായി ഇടത് ഹാന്‍ഡിലുകള്‍
Kerala
വയനാടിന്റെ പേരില്‍ പിരിച്ചുമുക്കിയ കള്ള കോണ്‍ഗ്രസുകാരെ കടക്ക് പുറത്ത്; ക്യാമ്പയിനുമായി ഇടത് ഹാന്‍ഡിലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd December 2025, 12:27 pm

തിരുവനന്തപുരം: കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് പുതിയ ക്യാമ്പയിനുമായി ഇടത് ഹാന്‍ഡിലുകള്‍. ‘വയനാടിന്റെ പേരില്‍ പിരിച്ചുമുക്കിയ കള്ള കോണ്‍ഗ്രസുകാരെ കടക്ക് പുറത്ത്’ എന്നാണ് ഇടത് ഹാന്‍ഡിലുകളുടെ മുദ്രാവാക്യം.

കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടുള്ള ഇടത് ഹാന്‍ഡിലുകളുടെ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. രാഹുല്‍ വിഷയം രൂക്ഷമായതോടെ കോണ്‍ഗ്രസ് ആരംഭിച്ച പ്രതിരോധ ക്യാമ്പയിന് മറുപടിയായാണ് ഇടത് ഹാന്‍ഡിലുകളുടെ പ്രചരണം.

‘വയനാടിന്റെ പേരില്‍ പണം പിരിച്ചുമുക്കിയ ബലാത്സംഗ വീരന്‍മാരും അവരെ സംരക്ഷിക്കുന്നവരും കടക്ക് പുറത്ത്,’ എന്ന കുറിപ്പോടുകൂടി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് കോണ്‍ഗ്രസിനെതിരായ പോസ്റ്റര്‍ പങ്കുവെച്ചു.

‘അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്’ എന്നാണ് കോണ്‍ഗ്രസിന്റെ പ്രതിരോധ മുദ്രാവാക്യം. വി.ഡി. സതീശന്‍ അടക്കമുള്ള നേതാക്കള്‍ ഈ വാചകമെഴുതിയ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ കവര്‍ ചിത്രമായാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

ശബരിമല സ്വര്‍ണക്കൊള്ളയെ മുന്‍നിര്‍ത്തി രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങളെ പ്രതിരോധിക്കാനായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. സ്വര്‍ണക്കൊള്ള പോലുള്ള അഴിമതികള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ രാഹുലിനെതിരായ പരാതികള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നാണ് യു.ഡി.എഫിന്റെ വാദം.

നിലവില്‍ ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുകയാണ്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ കോടതി പരിശോധിച്ചുവരികയാണ്.

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന രാഹുലിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുന്നത്. രാഹുലിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അതേസമയം രാഹുലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച കേസില്‍ വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിന് കോടതി ജാമ്യം നിഷേധിച്ചു. ശേഷം രാഹുല്‍ ഈശ്വറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സമൂഹ മാധ്യമങ്ങളില്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി.

Content Highlight: Left handles launch new campaign targeting Congress