ജെ.എന്‍.യുവില്‍ ഇടതുസഖ്യത്തിന് വിജയം; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി തിളക്കം
India
ജെ.എന്‍.യുവില്‍ ഇടതുസഖ്യത്തിന് വിജയം; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി തിളക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th November 2025, 5:52 pm

ന്യൂദല്‍ഹി: ജെ.എന്‍.യു സര്‍വകലാശാലയിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം. നാല് സെന്‍ട്രല്‍ സീറ്റിലും ഇടതുനേതാക്കള്‍ വിജയിച്ചു. ഐസയുടെ അദിതി മിശ്രയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

മലയാളിയും എസ്.എഫ്.ഐ നേതാവുമായ കെ. ഗോപിക ബാബു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഗോപികയ്ക്കാണ്. 1800ന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗോപികയുടെ വിജയം.

എ.ബി.വി.പിയുടെ തന്യ കുമാരിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗോപിക വിജയിച്ചത്. എ.ബി.വി.പിയുടെ വികാസ് പട്ടേലിനെയും പി.എസ്.എ (പ്രോഗ്രസീവ് സ്റ്റുഡന്റ് അസോസിയേഷന്‍)യുടെ ഷിന്‍ഡെ വിജയലക്ഷ്മിയെയും പരാജയപ്പെടുത്തിയാണ് അദിതിയുടെ വിജയം.

ഡി.എസ്.എഫിന്റെ സുനില്‍ യാദവാണ് ജനറല്‍ സെക്രട്ടറി. ഐസയുടെ ഡാനിഷ് അലി ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം ഇടതുസഖ്യത്തില്‍ നിന്ന് വിട്ടുനിന്ന എ.ഐ.എസ്.എഫിന് കാര്യമായ പ്രകടനം നടത്താനായില്ല.

എല്ലാ സീറ്റിലും എ.ബി.വി.പി സ്ഥാനാര്‍ത്ഥികളാണ് രണ്ടാമതെത്തിയത്. എന്‍.എസ്.യുവിനും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.


എ.ബി.വി.പിയുടെ രാജേശ്വര്‍ കാന്തിനെ പിന്തള്ളിയാണ് സുനില്‍ യാദവ് ജനറല്‍ സെക്രട്ടറിയായത്. എ.ബി.വി.പിയുടെ അനുജ് ദമാരയെയാണ് ഡാനിഷ് അലി പരാജയപ്പെടുത്തിയത്.

Content Highlight: Left alliance wins in JNU; Malayali shines in the post of Vice President